വൈറലാകുന്ന ജീവിതങ്ങള്‍ പിന്നീട് അനുഭവിക്കേണ്ടി വരുന്ന അന്തസംഘര്‍ഷങ്ങളുടെ കഥയുമായി ‘അഭിരാമി’. അഭിരാമിയായി ഗായത്രി സുരേഷ് പ്രധാന വേഷമിടുന്ന ചിത്രം ദുബൈയിലാണ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കെയാണ്
ദൃശ്യം ഫെയിം റോഷന്‍ ബഷീര്‍, മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ ഹരികൃഷ്ണന്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നഴ്‌സ് ജോലിയില്‍ സംതൃപ്തയാകുകയും സോഷ്യല്‍ മീഡിയകളില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി പെട്ടെന്നൊരുനാള്‍ വൈറലാകുന്നതോടെ അവളുടേയും ചുറ്റുമുള്ളവരുടേയും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് അഭിരാമിയുടെ ക്യാമറ സഞ്ചരിക്കുന്നത്. സൗദി അറേബ്യയിലെ മലയാളം ന്യൂസ് ദിനപത്രത്തിലെ പത്രപ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന. രാം പാര്‍ഥന്‍
ചീഫ് അസോസിയേറ്റ് ഡയറക്ടറും ഷറഫുദ്ദീന്‍ അസോസിയേറ്റ് ഡയറക്ടറുമായ അഭിരാമിയുടെ സഹനിര്‍മാതാവ് മധു കരുവത്താണ്. നവീന്‍ ഇല്ലത്ത് പ്രൊജക്ട് ഡിസൈനറും ഷിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിക്കുന്നു.
സാധാരണ കേരളീയ ജീവിതത്തെ യു എ ഇയിലേക്ക് പറിച്ചുനട്ട് ചെയ്യാറുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി യു എ ഇ പശ്ചാതലത്തിലുള്ള മലയാളി ജീവിതങ്ങളെ വരച്ചു കാട്ടാനുള്ള മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്റേയും സംഘത്തിന്റേയും രണ്ടാമത്തെ ശ്രമമാണ് അഭിരാമിയിലൂടെ പുറത്തുവരുന്നത്. മുഷ്ത്താഖ് റഹ്മാന്‍ കരിയാടന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ആദ്യചിത്രം ‘ദേരാ ഡയറീസ്’ തിയേറ്ററുകള്‍ തുറക്കുന്നതോടെ റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്.