വനിതാദിനം, സ്ത്രീകളുടെ അവകാശങ്ങളും ശക്തിയും ഉത്സവമായി ആഘോഷിക്കുന്ന ദിനം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അതിജീവനവും അവകാശസാധ്യതയും ഏറ്റുപറയുന്ന ദിനമായ ഇന്ന്,
ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ ശബ്ദം ഉയർത്താനും സമൂഹത്തിലെ തുല്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുന്നു.

വനിതാദിനത്തിന്റെ അടിത്തറയാണ് സ്ത്രീകളുടെ നീണ്ട പോരാട്ടവീര്യം. തൊഴിൽസ്ഥലങ്ങളിലും സാമൂഹികരംഗങ്ങളിലും അവകാശങ്ങൾ നേടാനുള്ള സംഘർഷങ്ങളിലൂടെയാണ് ഇന്ന് നിരവധി വനിതകൾ കരുത്തോടെ മുന്നേറുന്നത്. ചൈന, റഷ്യ, ക്യൂബ, ജോർജിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ഈ ദിനം ഔദ്യോഗിക അവധിയായി അംഗീകരിച്ചിട്ടുണ്ട്.
കുടുംബവും തൊഴിലും ഒരുപോലെ ചുമലിലേറ്റി, വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ശാസ്ത്രം, സാമ്പത്തികം, നിയമം, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീകൾ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്നത് വാക്കുകളിലൊതുങ്ങുന്ന ഒന്നല്ല; അതിനൊരുപടി മുമ്പോട്ട് വെച്ച് തെളിയിച്ചിരിയ്ക്കുകയാണ് വനിതകൾ.

എന്നിരുന്നാലും, ഇന്നും പല സ്ത്രീകൾക്കും വിദ്യാഭ്യാസം, തൊഴിൽ, സുരക്ഷ എന്നിവ ലഭ്യമല്ല. വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ട അവസ്ഥയിൽ നിന്ന് അവരെ സമൂഹത്തിൽ സമനിലയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നിർബന്ധമാണ്. അതിനാൽ, സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികളും ലിംഗസമത്വം ഉറപ്പാക്കാനുള്ള ചർച്ചകളും ഏറെയായിട്ടുണ്ട്.
വനിതാദിനം ഒരു ആഘോഷമാകുമ്പോൾ, അത് സ്ത്രീകളുടെ ഉയർച്ചയുടെ പ്രചോദനമായി മാറണം. ഓരോ സ്ത്രീയും സമത്വം അനുഭവിക്കുന്ന സമൂഹം സൃഷ്ടിക്കാൻ നമുക്ക് കൂടി പ്രതിജ്ഞാബദ്ധരാകാം.