‘ഒരു അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ വൈകാരിക തലവും, പ്രണയവും ഉൾപ്പെടുത്തി പ്രേക്ഷകർക്ക്, ഒരു മികവുറ്റ എൻഗേജ്‌മെന്റ് നൽകിയ, ഒരു ഫാമിലി എന്റെർറ്റൈനർ’ ഇതാണ് ‘റാഹേൽ മകൻ കോര’യെ കുറിച്ചു ഒറ്റ വരിയിൽ പറയാവുന്നത്.
ആൻസൺ പോൾ, മെറിൻ ഫിലിപ്പ്, സ്മിനു സിജോ, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബേബി എടത്വയുടെ തിരക്കഥയിൽ നവാഗതനായ ഉബൈനി സംവിധാനം ചെയ്ത് തീയേറ്ററിൽ പുറത്തിറിങ്ങിയ ചിത്രമാണ് ‘റാഹേൽ മകൻ കോര’. പി എസ്. സി . നിയമനം വഴി ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടർ ആയി ജോലി കിട്ടിയ യുവാവാണ് കോര. അയാൾക്ക് കൂട്ടായും തണലായും അയാളുടെ അമ്മ റാഹേൽ മാത്രമാണ് കൂടെയുണ്ടായിരുന്നത്.കോരയും, റാഹേലും ആലപ്പുഴയിലേക്ക് താമസം മാറുന്നു. കോരയുടെ വരവോടെ മുൻപ് ജോലി ചെയ്തിരുന്ന, എംപാനൽ കണ്ടക്ടർ ഗൗതമിയുടെ ജോലി നഷ്ടപ്പെടുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള ഗൗതമിയുടെ കുടുംബത്തെ ഇത് സാരമായി ബാധിക്കുന്നു. പിന്നീട് കോരയുടെയും ,റാഹേലിന്റെയും, ഗൗതമിയുടെയും ജീവിതത്തിൽ നടക്കുന്ന മാറ്റങ്ങളാണ് സിനിമ പങ്കുവെക്കുന്നത്.

സിനിമയുടെ പേര് പോലെ തന്നെ ” ഒരു ‘അമ്മയും – മകനും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് സിനിമ പ്രധാനമായും പ്രേക്ഷകരോട് പങ്കു വെക്കുന്നത്. അതോടൊപ്പം പ്രണയത്തിനും ഈ സിനിമ പ്രാധാന്യം നല്കുന്നുണ്ട്. സിനിമയുടെ ഇമോഷണൽ ലയറുകളെ, വളരെ സൂക്ഷമായി ഉൾപെടുത്താൻ സംവിധായകൻ ഉബൈനിയും, തിരക്കഥാകൃത്ത് ബേബി എടത്വയും ശ്രമിക്കുകയും, അതിലേറെ കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

പെർഫോമൻസിന്റെ കാര്യമെടുക്കുമ്പോൾ നായക വേഷത്തിലെത്തിയ ആൻസൺ പോൾ തന്റെ കഥാപാത്രം കോരയെ മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്ന് പറയാം. നിഷ്കളങ്കനും, ചെറിയ കാര്യങ്ങളിൽ വരെ സന്തോഷം കണ്ടെത്തുന്ന കോരയായി ആൻസൺ പോൾ മാറുകയായിരുന്നു . നായിക കഥാപാത്രമായ ഗൗതമിയെ അവതരിപ്പിച്ച മെറിൻ ഫിലിപ്പും തന്റെ കഥാപാത്രത്തെ മികവുറ്റത്താക്കി.
എടുത്തു പറയേണ്ടത് സ്മിനു സിജോയുടെ പെർഫോമൻസ്സായിരുന്നു. ഒരു പക്ഷെ സിനിമയുടെ ഹൈലൈറ്റ് തന്നെ അവരുടെ കഥാപാത്രമാണെന്നു പറയാം. മറ്റൊരാളെ ആ കഥാപാത്രത്തിന് വേണ്ടി ആലോചിക്കാത്ത വിധം സ്മിനു തന്റെ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചു. മറ്റുവേഷങ്ങളെത്തിയ അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
അതുപോലെ സിനിമയുടെ നട്ടെല്ലായി മാറുന്നത് ഈ സിനിമയുടെ ടെക്‌നിക്കൽ സൈഡാണ്. ഷിജി ജയദേവന്റെ ഛായാഗ്രഹണവും, അബു താഹിറിന്റെ എഡിറ്റിങ്ങും, കൈലാസിന്റെ പാട്ടുകളും, പശ്ചാത്തല സംഗീതവും, വിനേഷ് കണ്ണന്റെ കലാസംവിധാനവും സിനിമയുടെ ഔട്ട്പുട്ടിന് ശക്തി പകർന്നിട്ടുണ്ട്. കുടുംബചിത്രങ്ങൾ ഇഷ്ട്ടപെടുന്ന മലയാള പ്രേക്ഷകർക്ക് നല്ലൊരു തീയേറ്റർ അനുഭവം നൽകുന്ന ഒരു ഫാമിലി എന്റർറ്റൈനെർ ആണ് ‘റാഹേൽ മകൻ കോര’.