‘അതിസങ്കീർണതകളുടെ ആശയകുഴപ്പം ഇല്ലാത്ത ഒരു ഡീസന്റ് ലൂസിഡ് ഡ്രീം ബേസഡ് ത്രില്ലർ’ അതാണ് ഒറ്റവാക്കിൽ ‘പെൻഡുലം’ എന്ന സിനിമയെ കുറിച്ച് ഒറ്റവരിയിൽ പറയാവുന്നത്. ഹോളിവുഡിൽ നിന്നും , മറ്റു വിവിധ ഭാഷ സിനിമ ഇൻഡ്രസ്ട്രികളിൽ നിന്നും പുറത്തിറങ്ങിയ ലൂസിഡ് ഡ്രീംസ് ബേസഡ് ത്രില്ലർ ചിത്രങ്ങൾ ധാരാളം നമ്മൾ കണ്ടു പരിചയിച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങളിൽ ഇൻസ്പെയേർഡ് ആവുകയും, എന്നാൽ സാധാരണ ലൂസിഡ് ഡ്രീം സിനിമകളുടെ സ്ഥിരം പാറ്റേൺസിൽ നിന്ന് മാറി, ഒരു ‘കേരള ദേശി’ സ്റ്റൈലിലൂടെ, മുന്നോട്ടു പോകുന്ന ചിത്രമാണ് ‘പെൻഡുലം’.
തന്റെ ഔദ്യോഗിക ജീവിതത്തിൽ തിരക്കുകളിൽ നിന്നു മാറി, ഒഴിവു സമയം ചിലവഴിക്കാനായി, ഹൈറേഞ്ചിലൂടെ, കുടുംബസമേതം ഒരു യാത്ര പോകുന്ന ഡോ. മഹേഷ് നാരായണൻ. ആ യാത്രക്കിടയിൽ ഡോ മഹേഷ് നേരിട്ട ചില അസാധാരണമായ അനുഭവങ്ങളും, അവയുടെ ചുരുളഴിക്കാൻ അയാൾ നടത്തുന്ന അന്വേഷണങ്ങളും, അവയുടെ വിചിത്രമായ ഉത്തരങ്ങളുമാണ് സിനിമയുടെ പ്രേമേയം. അതി സങ്കീർണതകൾ കൊണ്ടും, അതി നാടകീയരംഗങ്ങൾ കൊണ്ടും പ്രേക്ഷകരെ ആശയ കുഴപ്പത്തിലാഴ്ത്താതെ, വളരെ പക്വമായ മേക്കിങ് കൊണ്ടും, കെട്ടെറുപ്പുള്ള തിരക്കഥ കൊണ്ടും ഈ സിനിമ അത്ഭുതം തീർക്കുന്നുണ്ടെന്ന് പറയാം.
റെജിൻ എസ് ബാബു എന്ന നവാഗത സംവിധായകന്റെ മികച്ച അരങ്ങേറ്റം തന്നെയാണ് ഈ ചിത്രമെന്ന് പറയാം. പൊതുവെ മലയാള സിനിമയിൽ പൊതുവെ ആരും ഉപയോഗിക്കാത്ത ‘ലൂസിഡ് ഡ്രീം’ എന്ന ആശയത്തെ അദ്ദേഹം വളരെ ലളിതമായി അവതരിപ്പിക്കുകയും അതിനൊരു വ്യത്യസ്തമായൊരു മാനം കൊടുക്കുകയും ചെയ്തിട്ടുണ്ട് .അത് പോലെ തന്നെ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയ് ബാബു, അനുമോൾ, ഇന്ദ്രൻസ്, പ്രകാശ് ബാരെ, തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയാക്കി അവതരിപ്പിച്ചു. അതോടൊപ്പം എടുത്തു പറയേണ്ടതാണ് അരുൺ ദാമോദരന്റെ ഛായാഗ്രഹണവും, സൂരജ് ഇ. എസിന്റെ എഡിറ്റിങ്ങും ജീൻ. പി. ജോൺസന്റെ പശ്ചാത്തല സംഗീതവുമൊക്കെ. സിനിമയുടെ സ്വാഭാവികമായ ഒഴുക്കിന് ഇവരുടെ പങ്ക് ഒരു അടിത്തറയൊരുക്കുണ്ട്.
‘ഇൻസ്‌പെഷനും’ ,’സോഴ്സ് കോഡും’, ‘ലൂസിയയും ‘ ‘ഗ്രൗണ്ട് ഹോക്ക് ഡേയും’ ഒക്കെ കണ്ടു ത്രില്ലടിച്ച മലയാള പ്രേക്ഷകർ കണ്ടിരിക്കേണ്ട ഒരു ഡീസന്റ് ത്രില്ലർ അതാണ് ഈ സിനിമ.
അതിസങ്കീർണതകളില്ലാത്ത ഒരു സ്റ്റാൻഡേർഡ് പരീക്ഷണ ചിത്രം