Cinemapranthan

ലോക ശ്രദ്ധനേടിയ ‘വടക്കൻ ‘

null

മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു എക്സ്പെരിമെൻ്റൽ സിനിമയാണ് വടക്കൻ. ഒരു പഴയ ബ്രിട്ടീഷ് ബം​ഗ്ലാവിൽ ഹൊറർ റിയാലിറ്റി ഷോ നടക്കുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായി ദുരൂഹ സാഹചര്യത്തിൽ ഷോ ഡയറക്ടറുൾപ്പെടെ കോണ്ടസ്റ്റൻസും കൊല്ലപ്പെടുന്നു. ഈ മരണങ്ങളിൽ ചില അമാനുഷിക ശക്തികളുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്ന ഷോ ഡയറക്ടറുടെ ഭാര്യ മേഘ, തൻ്റെ സുഹൃത്ത് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർ രാമൻ പെരുമലയനെ അന്വേഷണം ഏൽപിക്കുന്നു. തുടർന്ന് തൻ്റെ അസോസിയേറ്റായ അന്നയുമായി നാട്ടിലെത്തുന്ന രാമൻ ബം​ഗ്ളാവിലെത്തുന്നതും പിന്നീട് നടക്കുന്ന ഭീതിപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് വടക്കനിൽ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

വടക്കൻ മലബാറിലെ മിത്തുമായി കൂട്ടിയിണക്കി നി​ഗൂഢതയുടെയും ഭയത്തിൻ്റെയും പല ലെയറുകൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ സജീദിന് കഴിഞ്ഞിട്ടുണ്ട്. രാമൻ പെരുമലയനായി ആക്ടർ കിഷോർ കുമാറും മേഘ ആയി ശ്രുതി മേനോനും അന്ന ആയി മെറിൻ ഫിലിപ്പും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കൂടാതെ മാലാ പാർവതി, കലേഷ് രാമാനന്ദ്, മീനാക്ഷി ഉണ്ണികൃഷ്ണൻ, ഗാർഗി അനന്തൻ തുടങ്ങി നിരവധി താരങ്ങളും അവരുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കി.

എടുത്തു പറയേണ്ട മറ്റൊരു കാര്യം വടക്കൻ്റെ ടെക്നിക്കൽ ടീമാണ്. ഹൊറർ മൂഡിൽ വരുന്ന ചിത്രത്തിൽ ശബ്ദം വലിയ റോൾ വഹിക്കുന്നുണ്ട്. ശബ്ദത്തിലൂടെ പ്രേക്ഷകരിൽ ഭയം ഉളവാക്കുന്നതിൽ ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ഇൻഫ്രാസൗണ്ട് ടെക്നോളജിയാണ് വടക്കനിൽ റസൂൽ പൂക്കുട്ടി പരീക്ഷിച്ചത്.

മേരി കോം പോലുള്ള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ജാപ്പനീസ് സിനിമാറ്റോഗ്രാഫർ കേയ്ക നകുഹാരയുടെ ഫ്രേമുകൾ ​ചിത്രത്തിന് മാറ്റു കൂട്ടുന്നതാണ്. ഇന്ത്യയിൽ ആദ്യമായി ഇൻഫ്ര റെഡ് ടെക്നോളജി ഉപയോഗിച്ച് ചിത്രീകരിച്ച സിനിമയാണ് വടക്കൻ. സിനിമയുടെ കഥയുമായി അടുത്തു നിൽക്കുന്ന ബിജിബാലിന്റെ സംഗീതം സിനിമ കഴിഞ്ഞാലും പ്രേക്ഷകരിൽ നിന്നും വിട്ടു പോവില്ല. സാങ്കേതിക തികവ് കൊണ്ട് മികച്ചു നിൽക്കുന്ന വടക്കൻ പോലെയൊരു ചിത്രം റിലീസിന് മുൻപ് തന്നെ രാജ്യാന്തര ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ നേടിയാണ് കേരളത്തിലെത്തുന്നത്.

cp-webdesk

null