ഒട്ടേറെ വില്ലന്മാർ മലയാള സിനിമയിൽ തിളങ്ങിയിട്ടുണ്ടെങ്കിലും , ബാലൻ കെ നായർ എന്ന നടനോളം മലയാളികളുടെ മനസ്സിൽ ഇടം നേടിയ മറ്റൊരു വില്ലൻ ഇല്ലന്ന് തന്നെ പറയാനാകും. മലയാള സിനിമയുടെ പരുക്കന്‍ പുരുഷ സൗന്ദര്യമായിരുന്ന ബാലകൃഷ്ണൻ നായർ എന്ന ബാലൻ കെ.നായർ ഓർമയായിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുകയാണ്.
നാടക രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ അദ്ദേഹം നിരവധി മികച്ച വേഷങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടിയിലെ കരുണാട്ടു വീട്ടിൽ കുട്ടിരാമൻ നായരുടേയും ദേവകി അമ്മയുടേയും മകനായി 1933 ഏപ്രിൽ 4 നാണ് ബാലൻ.കെ.നായരുടെ ജനനം. ബാല്യകാലം ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞതായിരുന്നു. ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചു. സഹോദരങ്ങളെ പോറ്റാന്‍ വേണ്ടി പതിനഞ്ചാം വയസ്സില്‍ ജോലിക്കിറങ്ങി. കോഴിക്കോട്ടെ ഒരു വര്‍ക്ക്ഷോപ്പില്‍ തൊഴിലാളിയായി. നാടകഭ്രാന്ത് തലയ്ക്കുപിടിച്ച ആ നാളുകളില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യും. അതുകഴിഞ്ഞ് പുലര്‍ച്ചെ വരെ നാടക റിഹേഴ്സല്‍.
ഒരുപാട് വര്‍ഷക്കാലം കോഴിക്കോട്ടെ നാടകവേദികളില്‍ സജീവമായിരുന്നതിനുശേഷമാണ് മുപ്പത്തിയേഴാം വയസ്സില്‍ സിനിമയിലെത്തിയത്. സിനിമയിലേക്ക് വരുംമുമ്പ് ബോളിവുഡില്‍ ദേവാനന്ദിന് വേണ്ടി സ്റ്റണ്ട് രംഗങ്ങളില്‍ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
1970ല്‍ എം.ടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ‘നിഴലാട്ട’ത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. അതിന് ശേഷം ഇരുപതു വര്‍ഷത്തോളം സിനിമാലോകത്ത് അദ്ദേഹം തിളങ്ങി നിന്നു. കൂടുതലും വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 250ലേറെ സിനിമകളുടെ ഭാഗമായ അദ്ദേഹത്തിന് 1981ൽ ഓപ്പോൾ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. അതിഥി, തച്ചോളി അമ്പു എന്നീ സിനിമകളിലെ അഭിനയതത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1992ൽ കടവ് എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. അദ്ദേഹത്തിന്റെ മുഖം തിരശ്ശീലയില്‍ തെളിയുമ്പോള്‍ പ്രേക്ഷകര്‍ ഭയപ്പെട്ടിരുന്നൊരു കാലമുണ്ടായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ സവിശേഷമായ അഭിനയ പ്രതിഭ തിരിച്ചറിഞ്ഞ സംവിധായകര്‍ വളരെ കുറവായിരുന്നു എന്ന് തന്നെ പറയേണ്ടിവരും.
അദ്ദേഹം വില്ലനായുള്ള കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് നടന് ജയന്റെ അപകടമരണം സംഭവിച്ചത്. ജയന്റെ മരണത്തിനു പിന്നിലെ ദുരൂഹത കുറച്ചുനാള്‍ ബാലന് കെ. നായരെ സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ വിചാരണക്കു വിധേയനാക്കിയിരുന്നെങ്കിലും ആ അഭിനയപ്രതിഭ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു തിരിച്ചെത്തി. അഭിനയ ജീവിതത്തിന്റെ അവസാന കാലത്ത് അഭിനയിച്ച ആര്യന്, ഇന്ദ്രജാലം, വിഷ്ണുലോകം, കടവ് എന്നീ സിനിമകളിൽ വേറിട്ട കഥാപാത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധ നേടുകയുമുണ്ടായി. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം 2000 ഓഗസ്റ്റ് 26നാണ് അന്തരിച്ചത്. ശാരദ നായരാണ് ഭാര്യ. മക്കള്‍ മേഘനാഥൻ(നടൻ), ജയൻ, അജയകുമാര്‍, ലത, സുജാത എന്നിവരാണ്.