സിനിമ പലരേയും ഭ്രമിപ്പിക്കുന്നത് അതിനെ പിൻപറ്റി വരുന്ന പണത്തിന്റെയും പ്രശസ്തിയുടെയും അംഗീകാരങ്ങളുടെയും ആകെത്തുകയിൽ നിന്നും ലഭിക്കുന്ന ആത്മനിർവൃതികൊണ്ടാണ്. ഒന്നും പ്രതീക്ഷിക്കാതെ കലയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് ഇറങ്ങിതിരിച്ചവരുമുണ്ട്. അതിൽ തന്നെ രണ്ടു തരക്കാരാണ് ഒന്നുമാകാതെ തോറ്റുപോയവരും എല്ലാം നേടിയെടുത്തത് വിജയിച്ചവരും. എന്നാൽ അതിൽ നിന്നും വ്യത്യസ്തരായ ഒരു കൂട്ടരുണ്ട്.. ജീവിത പ്രാരബ്‌ധം കൊണ്ട് തന്റെ ആഗ്രഹങ്ങളും കലയോടുള്ള അഭിനിവേശവും ഉള്ളിലൊതുക്കി നല്ലൊരു ജീവിതമുണ്ടാക്കിയതിനു ശേഷം വീണ്ടും പഴയ ആ പാഷന് വേണ്ടി ഇറങ്ങി തിരിക്കുന്നവർ അത്തരക്കാർക്ക് ഒരു പ്രത്യേകത ഉണ്ട് അവർക്ക് ഒരിക്കലും കലയെ ഒരു ബിസ്സിനെസ്സ് ആയി കാണാൻ കഴിയില്ല എന്നതാണ്. അങ്ങനെ ഒരാളാണ് ഇന്ന് പ്രാന്തനൊപ്പം.
തന്റെ കൗമാരം തിരുവനന്തപുരത്തെ സി ഇ ടി കാമ്പസ് ന്റെ കലാപ്രവർത്തനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് തുടങ്ങി നാടകങ്ങളിലൂടെ വളർന്ന് സിനിമാബന്ധങ്ങളിലേക് കാലെടുത്തു വച്ച ഒരാൾ. ജീവിതയാഥാർഥ്യം തിരിച്ചറിഞ്ഞു പ്രാരാബ്ധങ്ങൾക്ക് നടുവിൽ കലയെയും സിനിമയെയും ഉള്ളിലൊതുക്കി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ വണ്ടി കയറിയ ഒരാൾ. ആഗ്രഹിച്ച ജീവിതം ആയെന്നു ഉറപ്പായപ്പോൾ അയാൾ വീണ്ടും താൻ ഉള്ളിലൊതുക്കിയ തന്റെ അഭിനിവേശത്തിനൊപ്പംകൂടി തിരിച്ചെത്തിയ അയാളുടെ സിനിമ സൗഹൃദ വലയങ്ങളിൽ സാക്ഷാൽ മമ്മൂട്ടി വരെ ഉൾപ്പെടുന്നു. പറഞ്ഞു വരുന്നത് അഭിനേതാവും നിർമ്മാതാവും ആയ തകഴി രാജശേഖരനെ കുറിച്ചാണ്. അദ്ദേഹം നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രം പ്രാവിന്റെ വിശേഷങ്ങളും ഒപ്പം അദ്ദേഹത്തിന്റെ ജീവിത വഴികളും പ്രാന്തനോട് പങ്കു വെങ്കുന്നു
അഭിമുഖം / തകഴി രാജശേഖരൻ –
ചോദ്യം : സിനിമ താല്പര്യങ്ങൾക്ക് തുടക്കം എവിടെ നിന്നായിരുന്നു…?
ഉത്തരം : ചെറുപ്പത്തിലേ നാടകങ്ങളും മറ്റും ചെറിയ രീതിൽ ഉണ്ടെങ്കിലും ശെരിക്കും എന്റെ സിനിമ താല്പര്യം അല്ലെങ്കിൽ
കലയോടുള്ള താല്പര്യം തുടങ്ങുന്നത് എന്റെ കോളേജ് കാലഘട്ടത്തിൽ നിന്ന് തന്നെ ആണ്. കോളേജിലെ
കലാപ്രവർത്തനത്തിന്റെ ഭാഗമായി ചിത്രപുരത്ത് കുളത്തൂർ ഭാസ്കരൻ നായർ നടത്തുന്ന ക്യാമ്പിലെ
നിത്യ സന്ദർശകനായിരുന്നു ഞാൻ. അവിടെ വച്ചാണ് ശെരിക്കും ഞാൻ സിനിമയും സിനിമ പ്രവർത്തകരും
ആയി കണക്ട് ആവുന്നത്. ഭാരത് ഗോപി സർ, മധു സർ, നരേന്ദ്രപ്രസാദ് സർ തുടങ്ങിയ ലെജന്റ്സ്നെ
പരിചയപ്പെടുന്നതും അവിടെ നിന്നാണ്. അവരോടുള്ള ആ സൗഹൃദ സംഭാഷണങ്ങൾ അവരോടുള്ള ആരാധന
അതൊക്കെ തന്നെ ആണ് എന്നിലെ സിനിമാക്കാരനെ ഉണർത്തുന്നത്
ചോദ്യം : പിന്നീട് എവിടെ ആണ് ആ താല്പര്യങ്ങൾക്ക് ഒരു ബ്രേക്ക് വരുന്നത്…?
ഉത്തരം : അന്നൊക്കെ പ്രാരാബ്ധങ്ങളല്ലേ.. പിന്നെ കല ഒരിക്കലൂം ഞാൻ പ്രൊഫഷൻ ആക്കാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.
കല എന്റെ പാഷൻ ആയിരുന്നു, ജീവിക്കാനായിട്ട് വേറെ മാർഗങ്ങളില്ല. കയ്യിലാണെങ്കിൽ എൻജിനിയറിങ്ന്റെ
ഒരു സർട്ടിഫിക്കറ്റ് ഉണ്ട്..അതുവച്ച് എവിടേലും പിടിച്ച് കയറണം. അതുകൊണ്ട് തല്ക്കാലം കല ഞാൻ
ഉള്ളിലൊതുക്കി വച്ച് മറ്റു ജോലികളും ആയി
പോകുക ആയിരുന്നു
ചോദ്യം : ഒരിക്കൽ അറ്റുപോയാൽ വിളക്കിചേർക്കൽ വലിയ പാടുള്ള കാര്യമാണ് പിന്നീട് സിനിമയെ തിരിച്ചു
പിടിക്കുന്നത് എങ്ങനെ ആയിരുന്നു…?
ഉത്തരം : അങ്ങനൊയൊന്നില്ല.. നമ്മൾ ആഗ്രഹിച്ചതല്ലേ.. അപ്പോ അത് പൂർണ്ണമായിട്ട് നമ്മളിൽ നിന്നും
അറ്റുപോകുകയില്ല. പുറത്തു ജോലി ചെയ്യുമ്പോഴും എന്നിൽ സിനിമ ഉണ്ട്.. പൗലോ കൊയ്‌ലോ പറഞ്ഞപോലെ നമ്മുടെ ആഗ്രഹം തീവ്രവും സത്യസന്ധവുമാണെങ്കിൽ അത് നിറവേറ്റാൻ ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും. പക്ഷെ എന്റെ ഏറ്റവും
വലിയ ഭാഗ്യമായി ഞാൻ
കാണുന്നത് ആ കൂടിച്ചേരലിനും തിരിച്ചു വരവിനും എന്റെ ആരാധനാ പുരുഷൻ മമ്മൂട്ടി കൂടി കാരണമായി
എന്നുള്ളതാണ്. ഒരു യാത്രയിലാണ് ഞാൻ മമ്മൂക്കയെ പരിചയപ്പെടുന്നത് ആ സൗഹൃദമാണ് എന്നെ വീണ്ടും
സിനിമയിലേക്കെത്തിക്കുന്നത്. പിന്നീട്
അദ്ദേഹത്തിനൊപ്പം കുറച്ചു സിനിമകളിൽ അഭിനയിച്ചു. സ്ട്രീറ്റ് ലൈറ്റ് , അങ്കിൾ, കുട്ടനാടൻ ബ്ലോഗ് തുടങ്ങിയ
ചിത്രങ്ങളിലൊക്കെ ചെറിയ വേഷങ്ങളിൽ ഞാൻ ഉണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം.
ചോദ്യം : അഭിനയത്തിൽ നിന്ന് പ്രൊഡക്ഷനിലേക്ക് എങ്ങനെ..? ആയിരുന്നു..?
ഉത്തരം : 2016 ൽ ഞാനും എന്റെ സുഹൃത്തുക്കളും ഒരു യാത്ര നടത്തിയിരുന്നു. യാത്ര സത്യത്തിൽ ദ്രാവിഡ സംസ്കാരം
പഠിക്കാനായിരുന്നു. പക്ഷെ ഞങ്ങളുടെ ചർച്ച മുഴുവൻ സിനിമകളെ കുറിച്ചായിരുന്നു. തമിഴ് നാട്ടിലൂടെ ആ
യാത്രയിൽ എനിക്ക് തോന്നുന്നു ചിദംബരത്തിനടുത്ത് വച്ച് ഞങ്ങളിൽ ആരോ ഒരാളാണ് ആദ്യമായി സിനിമ
നിർമ്മാണത്തെ കുറിച്ചുള്ള ആശയം എടുത്തിടുന്നത്. അന്നതൊരു തമാശക്ക് പറഞ്ഞതാണെങ്കിലും
ഞങ്ങളത് ഏറ്റടുത്ത് പ്രാവർത്തികമാക്കുകയായിരുന്നു. ആദ്യം ഒരു സിനിമ ചെയ്യാനുള്ള ശ്രമം
ആരംഭിച്ചെങ്കിലും ചെറിയ പ്രശ്നങ്ങൾ കാരണം അത് മുന്നോട്ട് പോയില്ല.. അതുകൊണ്ടൊന്നും നമ്മൾ
തളരില്ലല്ലോ.. മറ്റു സ്ക്രിപ്റ്റുകൾ നോക്കാൻ തുടങ്ങി. അതിനിടയിൽ അന്നത്തെ സുഹൃത്തുക്കൾ പലരും
പലകാരണങ്ങളാൽ പിൻവാങ്ങി. അങ്ങനെ ഘട്ടം ഘട്ടം ആയിരുന്നു എല്ലാം.. ഇപ്പോഴും അവരുടെ നല്ല സപ്പോർട്
എനിക്കുണ്ട്. പ്രൊഡക്ഷൻ കമ്പനിയുടെ CET എന്ന പേരും അതാണ് ഞങളെ എല്ലാവരെയും കണക്ട് ചെയ്യുന്ന
കോളേജിന്റെ പേര്
ചോദ്യം : മമ്മൂട്ടി ആയുള്ള ഇപ്പോഴത്തെ ബന്ധം..?
ഉത്തരം : മമ്മൂക്ക ഇപ്പോഴും എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കഴിഞ്ഞ പിറന്നാൾ ദിവസം കൂടി കണ്ടതേ ഒള്ളു. പിന്നെ
നമ്മടെ സിനിമ പ്രാവിന്റെ ടൈറ്റിൽ പോസ്‌റ്റര്‍ പുറത്തിറക്കിയത് മമ്മൂക്കയാണ്. ദുൽഖറിന്റെ വേഫറെർ
ഫിലിംസ് ആണ് നമ്മുടെ ചിത്രം ഡിസ്ട്രിബൂട് ചെയ്യുന്നത്, ഇത്രയൊക്കെ പോരെ ബന്ധം. പിന്നെ മമ്മൂക്ക
വലിയൊരു പാഠ പുസ്തകം ആണ്. ഞാൻ ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിച്ചെടുത്തിട്ടുണ്ട്
ചോദ്യം : മലയാള സിനിമയിലെ മഹാനായ എഴുത്ത്കാരൻ പത്മരാജന്‍റെ ചെറുകഥ അടിസ്ഥാനപെടുത്തി ഒരുങ്ങുന്ന
ചിത്രം.. ‘പ്രാവ്’ എങ്ങനെ ആയിരുന്നു പ്രാവ് സംഭവിക്കുന്നത്..?
ഉത്തരം : ശരിക്കും മറ്റൊരു സിനിമ ചെയ്യാനായിരുന്നു ഞങ്ങൾ ഒരുങ്ങിയിരുന്നത്. അത് പലകാരണങ്ങളാൽ
നടക്കാതെ വരികയും അന്നേരം വളരെ യാദൃച്ഛികമായാണ് ഇങ്ങനെ ഒരു കഥയുടെ റൈറ്റ്സ് ലഭ്യമാണെന്ന്
അറിയുന്നത്. എന്റെ സുഹൃത്തും പത്മരാജൻ സാറിന്റെ അനന്തരവളും ആയിട്ടുള്ള രാധിക സുരേഷ് വഴി
പപ്പേട്ടന്റെ മകൻ അനന്തപദ്മനാഭനിൽ എത്തുകയും സംസാരിക്കുകയും ചെയ്യുന്നതോടെ ആണ്
ഇങ്ങനൊരു കഥ ഞങ്ങളിലേക്ക് എത്തുന്നത്. പിന്നീട് അത് തിരക്കഥ ആക്കാൻ കുറച്ച സമയമെടുത്തു.
അതൊരു പ്രോസസ്സ് ആയങ്ങു സംഭവിക്കുകയായിരുന്നു. അതിനിടയിൽ കോവിഡ് വന്നു, മറ്റു കാലാവസ്ഥ
മാറ്റങ്ങൾ വന്നു. ഒടുവിൽ എല്ലാം ഭംഗിയായി പരിണമിച്ചു. ഇപ്പോ തീയേറ്റിൽ എത്താൻ റെഡി ആയി
നിൽക്കുന്നു. എന്തായാലും ഈ സെപ്തംബര് 15 നു സിനിമ റിലീസ് ആണ് ബാക്കി പ്രേക്ഷകർ കണ്ട് പറയട്ടെ