ഇൻസ്റ്റാഗ്രാം റീലുകളിൽ ഇപ്പോൾ സ്ഥിരം കേൾക്കുന്ന ഒരു ഗാനമുണ്ട്.., ‘മകെബ’ (Makeba) ഗാനം. ‘മകെബ’ എന്ന പാട്ടിനൊപ്പം ചുവട് വെക്കുന്ന റീൽ വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്. മത്സരിച്ച് നൃത്തം ചെയ്ത് റീലുകൾ പോസ്റ്റ് ചെയ്യുമ്പോൾ എന്താണ് ‘മകെബ’ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? റീലുകൾ സ്ക്രോൾ ചെയ്തു പോകുമ്പോൾ പ്രാന്തൻ ചിന്തിച്ചിരുന്നു..! എന്താണ് ഈ ‘മകെബ’ എന്ന്? ഇതിനു എന്തെങ്കിലും പ്രത്യേകിച്ച് അർത്ഥമുണ്ടോ എന്ന്? ഒരു പക്ഷേ വെസ്റ്റേൺ സംഗീത ലോകത്തെ കുറിച്ച് അധികം അറിവുകൾ ഇല്ലാത്തത് കൊണ്ടാവും ആ വാക്കിന്റെ അർഥം പെട്ടെന്ന് പിടികിട്ടാതെ വന്നതും. പിന്നാമ്പുറ കഥ തപ്പി പോയ പ്രാന്തന് കിട്ടിയ അറിവ് ഇവിടെ പങ്ക് വെയ്ക്കാം.. ‘മകെബ’ എന്ന പേര് കേൾക്കുമ്പോൾ, പാട്ട് കേൾക്കുമ്പോൾ നെറ്റിചുളിയാതിരിക്കാൻ വേണ്ടിയെങ്കിലും നമ്മൾ മകെബ ആരെന്നറിഞ്ഞിരിക്കണം..!
ഫ്രഞ്ച് ഗായികയായ ജെയിൻ 2016 ൽ പുറത്തിറക്കിയ ‘മകെബ’ എന്ന ആൽബത്തിലെ ഗാനമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ലോക സംഗീതം, അഫ്രൊപോപ്, ജാസ്, ആഫ്രിക്കൻ സംഗീതം എന്നിവയെല്ലാം ലോക ജനതക്കിടയിൽ പ്രിയങ്കരമാക്കിയ പ്രശസ്ത ഗായികയുടെ പേരാണ് ‘മകെബ’..! തന്റെ ഗാനങ്ങളിലൂടെ വർണ്ണ വിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ട ഗായിക.. മകെബയോടുള്ള ആദരവ് സൂചകമായാണ് ജെയിൻ ‘മകെബ ‘എന്ന ഗാനം രൂപപ്പെടുത്തിയത്. ആഫ്രിക്കയുടെ ശബ്ദമായി മാറിയ മകെബ ആരാണ്, എന്താണ്, എങ്ങനെയാണ് എന്ന് അറിയാം…
‘മാമ ആഫ്രിക്ക’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സെൻസിലെ മിറിയം മകെബ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ആണ് ജനിച്ചത്. പാട്ടുകാരി എന്നതിലപ്പുറം ഗാനരചയിതാവ്, അഭിനേത്രി, സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റ്, എന്നീ നിലകളിൽ എല്ലാം മിറിയം മകെബ സജീവമായിരുന്നു. അഫ്രോപോപ്പ്, ജാസ്, വേൾഡ് മ്യൂസിക് എന്നിവയിൽ കഴിവ് തെളിയിച്ച അവൾ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനും വെളുത്ത-ന്യൂനപക്ഷ സർക്കാരിനുമെതിരെ പോരാടിയ ഗായികയായിരുന്നു. പിതാവിന്റെ മരണത്തെ തുടർന്ന് ബാല്യത്തിലെ ജോലി ചെയ്യാൻ നിർബന്ധിതയായ മകെബ പതിനേഴാമത്തെ വയസ്സിൽ വിവാഹിതയായി. കുറച്ചു നാളെ ഉണ്ടായിരുന്നുവെങ്കിലും വളരെ ദുരിതപൂർണ്ണമായ വിവാഹ ജീവിതത്തിനിടയിൽ ഒരു കുഞ്ഞിന് ജന്മം നൽകുകയും, സ്തനാർബുദത്തെ അതിജീവിക്കുകയും ചെയ്ത മകെബ 1959-ൽ, വർണ്ണവിവേചന വിരുദ്ധ സിനിമയായ ‘കം ബാക്ക് ആഫ്രിക്ക’യിൽ ഒരു ഹ്രസ്വ വേഷം ചെയ്തു. അത് മകെബക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടി കൊടുക്കുകയും ചെയ്തു.
വർണ്ണവിവേചനതിരെ പോരാടിയത് കൊണ്ട് തന്നെ സ്വന്തം രാജ്യം അവരുടെ പൗരത്വവും റദ്ധാക്കി. എന്നാൽ അപ്പോഴേക്കും ലോകം ശ്രദ്ധിച്ചു തുടങ്ങിയ മകെബക്ക് പൗരത്വവും നൽകാൻ 9 രാജ്യങ്ങൾ മുന്നോട്ട് വന്നു. രാജ്യത്ത് നിന്ന് പുറത്തായതിനെ തുടർന്ന് ന്യൂയോർക്കിലേക്ക് താമസം മാറിയ മകെബ വളരെ വേഗത്തിലാണ് പ്രശസ്തയായത്. 1960 ൽ മകെബ തന്റെ ആദ്യ സോളോ ആൽബം പുറത്തിറക്കി. വളരെ വേഗം പ്രശസ്തിയിലേക്ക് കുതിച്ച മകെബ, നിരവധി ആൽബങ്ങളും ഗാനങ്ങളും പുറത്തിറക്കി. 1965 ൽ ബെലാഫോന്റെക്കൊപ്പം പുറത്തിറക്കിയ ‘An Evening with Belafonte/Makeba’ എന്ന ആൽബത്തിന് ‘ബെസ്റ്റ് ഫോക്ക് റെക്കോർഡിങ്ങിനുള്ള’ ഗ്രാമി അവാർഡ് ലഭിച്ചിരുന്നു.
സിവിൽ റൈറ്റ്സ് മൂവ്മെന്റിൽ സജീവമായി നിന്ന മകെബ ‘ബ്ലാക്ക് പാന്തേർ പാർട്ടി’ ലീഡർ സ്റ്റോക്ക്ലി കാർമിഷെലിനെ വിവാഹം കഴിച്ചു. പതുക്കെ അമേരിക്കൻ ജനതയുടെ പിന്തുണ നഷ്ടപ്പെട്ടു തുടങ്ങിയ മാക്ബെക്കും ഭർത്താവിനും യു എസ് സർക്കാർ വിസ അസാധുവാക്കുകയും ഇരുവർക്കും ഗിനിയയിലേക്ക് താമസം മാറേണ്ടി വരുകയും ചെയ്തു. എന്നാൽ അതൊന്നും മാക്ബെയെ തളർത്തിയില്ല. അവൾ തുടർന്നും പെർഫോമൻസുകൾ നടത്തി, സ്വയം ഗാനങ്ങൾ എഴുതി പാടി. 1990-ൽ വർണ്ണവിവേചനം അവസാനിച്ച ശേഷം മകെബ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങി എത്തി. തുടർന്ന് നിരവധി ഗാനങ്ങൾ എഴുതി അവതരിപ്പിച്ച മകെബ, പ്രശസ്തരായ നൈന സിമോണെ, ഡിസ്‌സി ഗില്ലസ്പി എന്നിവർക്കൊപ്പം ആൽബം ചെയ്യുകയും ‘Sarafina’ എന്ന സിനിമയിൽ അഭിനയിക്കുകയും ചെയ്തു. യു എന്നിന്റെ ‘FAO’ ഗുഡ് വിൽ അംബാസിഡറായ തെരെഞ്ഞെടുക്കപ്പെട്ട മകെബ 2008 ൽ ഇറ്റലിയിൽ നടന്ന ഒരു കോൺസെർട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ലോകത്തോട് വിട പറഞ്ഞു.
ആഫ്രിക്കൻ സംഗീതജ്ഞരിൽ ആദ്യമായി ലോക ശ്രദ്ധ നേടുന്ന വ്യക്തിയാണ് സെൻസിലെ മിറിയം മകെബ. ആഫ്രിക്കൻ സംഗീതത്തെ പാശ്ചാത്യ പ്രേക്ഷകരിലേക്ക് കൊണ്ടു വരുകയും, ലോക സംഗീതത്തിൽ അഫ്രോപോപ്പ്, ജാസ്, ആഫ്രിക്കൻ സംഗീതം എന്നീ വിഭാഗങ്ങളും ജനപ്രിയമാക്കുകയും ചെയ്ത ഗായികയാണ് മകെബ. വർണ്ണവിവേചനത്തിന് എതിരെ നിരവധി ഗാനങ്ങൾ അവതരിപ്പിക്കുകയും ജനപ്രിയമാക്കുകയും ചെയ്ത മകെബ വർണ്ണവിവേചന വ്യവസ്ഥയോടുള്ള എതിർപ്പിന്റെ പ്രതീകമായി മാറുകയും ചെയ്തു. ഒരുപക്ഷെ ലോകജനതക്കിടയിൽ മകെബയുടെ ഓർമ്മകൾക്ക് മങ്ങലേറ്റിട്ടുണ്ടാവാം, പക്ഷേ അവരുടെ സംഗീതം ഉയർത്തുന്ന പ്രതിക്ഷേധങ്ങളും പ്രതീക്ഷകളും മറക്കാത്ത ഒരു ജനവിഭാഗം ഇന്നും ഉണ്ട്.. അവരുടെ ഗാനങ്ങൾ നൽകുന്ന പ്രചോദനം ഉൾക്കൊണ്ട് മുന്നോട്ട് പോകുന്ന ഒരു ജനത ഉണ്ട്.. അതിനുള്ള ഒരു തെളിവാണ് ജെയ്‌നിന്റെ ‘മകെബ’ ആൽബം.