മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ക്രിസ്റ്റഫർ’ ഒടിടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ സ്നേഹയാണ് നായികയായി എത്തുന്നത്. നടൻ വിനയ് റായ് പ്രതിനായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോട് കൂടി ഫെബ്രുവരി ഒൻപതിന് ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അമല പോള്‍, ഐശ്വര്യ ലക്ഷ്മി, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജസ്റ്റിൻ വർഗീസ് ആണ് ‘ക്രിസ്റ്റഫറിന്റെ’ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. ‘ക്രിസ്റ്റഫർ’ നിർമ്മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപി ആണ്.
അതെ സമയം ഇന്ന് പ്രദർശനത്തിന് എത്തുന്ന മറ്റൊരു ചിത്രമാണ് ‘ക്രിസ്റ്റി’. മാളവിക മോഹനൻ, മാത്യു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സോണി ലിവിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. ചിത്രം ഇന്ന് അർധരാത്രി മുതൽ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. നവാഗതനായ ആൽവിൻ ഹെൻറിയാണ് ‘ക്രിസ്റ്റി’ സംവിധാനം ചെയ്തത്. ആൽവിന്റെ കഥയ്ക്ക് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് തിരക്കഥ ഒരുക്കിയത്.