സിനിമാതാരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസൺ നാളെ ആരംഭിക്കും. ബംഗാള്‍ ടൈഗേഴ്സും കര്‍ണാടക ബുള്‍ഡോസേഴ്സും ആണ് ആദ്യ ദിനത്തിൽ മത്സരത്തിനിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേരള ടീമിന്റെ മത്സരം ഈ വരുന്ന 19 ഞായറാഴ്ച്ചയാണ് നടക്കുന്നത്. കേരള സ്‌ട്രൈക്കേഴ്‌സ് എന്ന പുതിയ പേരിലെത്തുന്ന കേരള ടീം തെലുങ്ക് വാരിയേഴ്സിനെയാണ് നേരിടുന്നത്. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് മത്സരം നടക്കുന്നത്. കേരള ടീമിന്റെ രണ്ടാമത്തെ മത്സരം കർണാടക ബുൾഡോഴ്‌സുമായാണ് നടക്കുന്നത്. ഫെബ്രുവരി 26 ന് നടക്കുന്ന കളി രാജസ്ഥാനിലെ ജയ്പൂരിലാണ്.
കുഞ്ചാക്കോ ബോബൻ ടീം ക്യാപ്റ്റനും ബ്രാൻഡ് അംബാസിഡറുമായി എത്തുന്ന കേരള സ്ട്രൈക്കേഴ്സിൽ ഇന്ദ്രജിത്ത് എസ്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ എന്നിവരാണ് ടീമംഗങ്ങൾ. ദീപ്തി സതി, പ്രയാഗ മാർട്ടിൻ എന്നിവരാണ് വനിതാ അംബാസിഡർമാർ.
അതെ സമയം കേരളത്തിൽ വെച്ച് നടക്കുന്ന കേരള ടീമിന്റെ കളിയാണ് ആരാധകർ ഏറെ ആവേശത്തോടെ നോക്കി കാണുന്നത്. മാർച്ച് 5 ന് കാര്യവട്ടത്തെ ഗ്രീൻഫീൽഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസിനെയാണ് കേരളം നേരിടുന്നത്.
മാര്‍ച്ച് 11 ന് രാജസ്ഥാനിലെ ജോധ്പൂരിൽ ഭോജ്പുരി ദബാംഗ്സുമായി മത്സരത്തിനിറങ്ങുന്ന കേരളത്തിന്റെ ആദ്യ പാദത്തിലെ അവസാന മത്സരം ആയിരിക്കും അത്. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന സി സി എൽ ഇത്തവണയും കപ്പ് ഉയർത്തുമെന്ന പ്രതീക്ഷയിലാണ്.