ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ബോളിവുഡിനെ പിടിച്ചു കുലുക്കിയെന്ന് തന്നെ പറയാം. നാല് വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിൽ എത്തിയ ഷാരൂഖ് ചിത്രം കോടികളാണ് വാരിക്കൂട്ടിയത്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് 865 കോടി കളക്ഷൻ ആണ് ‘പത്താൻ’ വാരിയത്. ഇപ്പോഴിതാ ബോളിവുഡിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ശ്രീനഗറിലെ ഇനോക്‌സ് റാം മുൻഷി ബാഗിൽ നടന്ന പഠാന്റെ ഹൗസ്‌ഫുൾ ഷോകളെയാണ് നരേന്ദ്ര മോദി അഭിനന്ദിച്ചത്. ദശാബ്ദങ്ങൾക്കിപ്പുറം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ്ഫുൾ ആയിരിക്കുകയാണ് എന്ന് നരേന്ദ്ര മോഡി പറഞ്ഞു. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പരാമർശം.
അതെ സമയം ‘പത്താനെതിരെ’ പ്രതിക്ഷേധങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും നടന്ന സമയത്ത് ബോളിവുഡിനെക്കുറിച്ചും താരങ്ങളെക്കുറിച്ചും അനാവശ്യമായ ആരോപണങ്ങൾ നടത്തരുതെന്നും മോഡി പറഞ്ഞിരുന്നു. ജനുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം കെജിഎഫ് -2 ന്റെ കളക്ഷൻ റെക്കോർഡുകൾ തകർത്തിരുന്നു.
ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ അണിനിരക്കുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിൽ എത്തുന്നു. സിദ്ധാര്‍ഥ് ആനന്ദ് രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ ആണ്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.