കന്നഡ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് ‘കബ്സ’. ഉപേന്ദ്ര, കിച്ച സുധീപ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അന്തരിച്ച കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ ജന്മദിനം കൂടിയായ മാർച്ച് 17ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മറ്റൊരു കെ ജി എഫ് ആയിരിക്കും ‘കബ്സ’ എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റിൽ ഗാനത്തിനും ടീസറിനും വൻ സ്വീകരണമാണ് ലഭിച്ചത്. റിലീസ് തിയ്യതി പുറത്തു വന്നത് മുതൽ ആരാധകർ വൻ ആവേശത്തിലാണ്.
ശ്രേയ സരൺ, കോട്ട ശ്രീനിവാസറാവു, കബിർദ്ദുഹൻ സിംങ്, മുരളി ശർമ്മ, പോശാനി കൃഷ്ണ മുരളി, ജോൺ കൊക്കൻ, സുധ, ദേവ്ഗിൽ, കാമരാജൻ എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ‘കബ്സ’ ഐഎംഡിബിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, തമിഴ് , മറാത്തി, ഒറിയ എന്നീ ഏഴ് ഭാഷകളിലായി എത്തുന്ന ‘കബ്സ’ ഒരു മാസ് ആക്ഷൻ പിരിയോഡിക് എന്റർടെയിനർ ആണ്. രവി ബസ്രൂറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. പീറ്റർ ഹൈയ്ൻ, രവിവർമ്മ, റാം ലക്ഷ്മൺ, വിജയ്, വിക്രം മോർ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്.