നടന്‍ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റ് ഏറെ വിവാദമായിരുന്നു. ഹനുമാന്‍ ജയന്തി ആശംസകള്‍ അറിയിച്ച് ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ആണ് ‘ കൊറോണയില്‍ നിന്നും ഹനുമാന്‍ സ്വാമി രക്ഷിക്കുമോ’ എന്ന കമന്റ് സന്തോഷ് പങ്കുവെച്ചത്. വൈകാതെ അതിന് ഉണ്ണി മുകുന്ദന്‍ മറുപടിയും നൽകി. അതേസമയം ഉണ്ണിയോട് അത്രയും സ്വതന്ത്ര്യം ഉള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂര്‍.
രണ്ടു സഹപ്രവർത്തകർ പരസ്പരം എഴുതിയ കമന്റിനെ മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ലെന്നും. ചിലര്‍ അത് വിദ്വേഷ പ്രചരണമാക്കി മാറ്റിയെന്നും താരം പറയുന്നു. മനോരമ ഓൺലൈനോട് ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ഞാൻ ഒരു മതവിശ്വാസത്തിനെയോ ദൈവത്തെയോ എതിർക്കുന്ന ആളല്ല. ഈശ്വരൻ രക്ഷിക്കുമോ എന്ന് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? രക്ഷിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മനുഷ്യൻ ഓക്സിജൻ പോലും കിട്ടാതെ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ആ സമയത്താണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ് കാണുന്നത്. ഞാനും ഒരു വിശ്വാസി തന്നെയാണ്. അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു. ഉണ്ണിയോട് സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണ് കമന്റ് ചെയ്തത്.’ –സന്തോഷ് കീഴാറ്റൂർ പറയുന്നു.
സഹപ്രവർത്തകരായ ഞങ്ങളെ തമ്മിൽ തെറ്റിക്കുക കൂടിയാണ് ഇത്തരക്കാരുടെ ഉദ്ദേശം. അത് നടക്കുമെന്ന് കരുതേണ്ട. നാട് വലിയ ഒരു പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഇത്തരത്തിൽ വിദ്വേഷപ്രചാരണം നടത്തുന്നത് ശരിയല്ല എന്നേ എനിക്ക് പറയാനുള്ളൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാൻ ഇന്നലെ സംഭാവന ചെയ്തിരുന്നു. അതിനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായാലും ഞാൻ ചെയ്യും അതാണ് എന്റെ രാഷ്ട്രീയം. ഉണ്ണിയോടുള്ള സ്വാതന്ത്ര്യം കൊണ്ടാണ് ഞാൻ ആ കമന്റ് ഇട്ടതും ഉണ്ണി മറുപടി പറഞ്ഞതും. എനിക്ക് സൈബർ അറ്റാക്ക് ഉണ്ടാകണം എന്ന് കരുതി അല്ല ഉണ്ണി മറുപടി പറഞ്ഞതും. ‘അതിന് ഉണ്ണി കൊടുത്ത മറുപടി കണ്ടോ’, ‘ഉണ്ണി, സന്തോഷിനെ കണ്ടം വഴി ഓടിച്ചു’ എന്നൊക്കെയാണ്, ഓൺലൈൻ മാധ്യമങ്ങൾ എഴുതുന്നത്…. ഇത് എന്ത് മാധ്യമ ധർമമാണ്? മതസ്പർദ്ധ ഉണ്ടാക്കുന്ന കാര്യമാണ് ഈ പ്രചരിപ്പിക്കുന്നത്. സൈബറിടം ചീഞ്ഞു നാറാൻ തുടങ്ങിയിട്ട് വളരെ കാലമായി. ഞാൻ ഒരാളുടെയും വിശ്വാസവും മതവും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ട കമന്റല്ല അത്.’ –സന്തോഷ് കീഴാറ്റൂർ കൂട്ടിച്ചേർത്തു.