ഒരു സ്ലോ പോയ്സൺ ചിത്രമായിരുന്നു ‘ജോജി’. പ്രേക്ഷകരെ ആകാംഷയിലേക്ക് മെല്ലെ കൊണ്ട് പോകും. ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച അഭിപ്രായമാണ് നേടിയത്. ദിലീഷ് പോത്തന്റെ മറ്റൊരു ബ്രില്യൻസ്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം പ്രാധാന്യത്തോടെ ഉണ്ടായിരുന്നത് ജോജിയുടെ കുളമാണ്. സിനിമക്ക് വേണ്ടി നിർമ്മിച്ച കുളമാണ് അതെന്ന് ചിത്രം കണ്ട ആർക്കും തോന്നില്ല. അത്രക്ക് ഒറിജിനാലിറ്റി ഉണ്ട് ആ കുളത്തിന്. തികച്ചും പഴമ തോന്നിക്കുന്ന കാലങ്ങളായുള്ള കുളമാണെന്നേ തോന്നൂ. ഇപ്പോഴിതാ ആ കുളം നിർമ്മിച്ചതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
ചിത്രത്തിന് ജീവൻ നൽകിയ പ്രധാന ഘടകങ്ങളിൽ ഒന്നായ ആ കുളം എരുമേലിയിലെ ഒരു റബ്ബർതോട്ടത്തിന് നടുവിൽ ആണ് നിർമ്മിച്ചിരിക്കുന്നത്. കുളത്തിന് പഴമ തോന്നിക്കാൻ ആർട്ട് വിഭാഗം നടത്തിയ പരിശ്രമം ചില്ലറയൊന്നുമല്ലെന്നു വീഡിയോ കാണുമ്പോൾ മനസിലാകും. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രമാണ് ജോജി. ശ്യാം പുഷ്കരനാണ് തിരക്കഥ ഒരുക്കിയത്.