തിയേറ്ററുകളില്‍ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന തമിഴ്നാട് സർക്കാറിന്റെ തീരുമാനത്തിന് എതിരെ കേന്ദ്ര സർക്കാർ. പൊങ്കല്‍ ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി ആണ് തമിഴ് നാട് സർക്കാർ ഇത്തരം ഒരു തീരുമാനം എടുത്തത്. എന്നാൽ ഇത് റദ്ദാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍, സിമ്പുവിന്റെ ഈശ്വരന്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.
അതേസമയം 50 ശതമാനം ആളുകളെ തീയേറ്ററുകളില്‍ പ്രവേശിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും സഹായ പാക്കേജ് പ്രഖ്യാപിക്കാതെ തിയറ്ററുകള്‍ തുറക്കേണ്ടതില്ലെന്നാണ് കേരള ഫിലിം ചേംബറിന്റെ തീരുമാനം. 50 ശതമാനം ആളുകളെ വെച്ച് രണ്ടോ മൂന്നോ പ്രദർശനങ്ങൾ മാത്രം നടത്തുന്നത് വൻ സാമ്പത്തീക നഷ്ടം വരുത്തിവെയ്ക്കുമെന്നും ഈ സാഹചര്യത്തിൽ പടം തരാൻ നിർമ്മാതാക്കൾക്കും സാധിക്കില്ലന്നും സംഘടന പറയുന്നു. ഇതര ഭാഷ ചിത്രങ്ങളും ഇത്തരത്തിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ റിലീസ് ചെയ്യാനാകൂ എന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.