പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ നടനാണ് അക്ഷയ് രാധാകൃഷ്ണൻ. അയ്യപ്പൻ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ അക്ഷയ് ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സ്ഥാനം അടയാളപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സജീവമായ അക്ഷയ്ടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബോഡി ബിൽഡിങ്ങിലൂടെ പുതിയ ലുക്കിലുള്ള അക്ഷയ്ടെ ചിത്രത്തിന് നിരവധി കമന്റുകളും അഭിനന്ദനങ്ങളുമാണ് ലഭിച്ചത്. വെറും മൂന്ന് മാസം കൊണ്ടാണ് ബോഡി ബിൽഡിങ്ങിലൂടെ പുതിയ ലുക്കിൽ അക്ഷയ് എത്തിയത് എന്നതാണ് ഏറെ ശ്രദ്ധേയം. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈയൊരു മാറ്റം അസാധ്യമാണ് എങ്കിലും കൃത്യമായ ഭക്ഷണ രീതിയിലൂടെയും ചിട്ടയിലൂടെയും ആണ് അക്ഷയ് ബോഡി ബിൽഡ് ചെയ്തിരിക്കുന്നത്. അക്ഷയ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ ബോഡി ബിൽഡിങ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ജങ്ക് ഫുഡുകളും മറ്റും ഒഴിവാക്കി തികച്ചും നാച്ചുറലായിട്ടുള്ള ഭക്ഷണ രീതിയാണ് അക്ഷയ് പിന്തുടരുന്നത്. പുഴുങ്ങിയ ചിക്കൻ, ബീഫ്, മുട്ട, മുളപ്പിച്ച, ഉരുളക്കിഴങ്ങ് പുഴുങ്ങിയത്, മുളപ്പിച്ച പയർ തുടങ്ങിയവയാണ് ഭക്ഷണം. വർക്ക്ഔട്ടിനെക്കാൾ പ്രധാനമായി കൃത്യമായ ഭക്ഷണ രീതിയും, ആവിശ്യത്തിന് വിശ്രമവുമാണ് വേണ്ടതെന്ന് അക്ഷയ് സിനിമാപ്രാന്തനോട് പറഞ്ഞു. ദിവസത്തിൽ ഒരു മണിക്കൂർ മാത്രമാണ് വർക്ക് ഔട്ട് ചെയ്യുന്നത്.
റോമാ പ്രധാന വേഷത്തിലെത്തുന്ന “വെള്ളേപ്പം” ആണ് അക്ഷയ്ടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പുതിയ ചിത്രങ്ങൾ ചർച്ചയിൽ ഉണ്ടെങ്കിലും നിലവിലെ ചിത്രം പൂർത്തിയാക്കിയിട്ടു മാത്രമേ മറ്റു ചിത്രങ്ങളിലേക്ക് കടക്കു എന്ന് അക്ഷയ് പറയുന്നു. എന്തായാലും പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്ന അക്ഷയുടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.