Cinemapranthan
null

ജല്ലിക്കട്ട് – പഠനവും വീക്ഷണങ്ങളും

ഹരിമോഹൻ. ജി. എഴുതുന്നു

null

“It is not the strongest of the species that survives nor the most intelligent.It is the one that is most adaptable to change”

CHARLES DARWIN

ഡാർവിന്റെ പരിണാമ സിദ്ധാന്തമാണ്. അദ്ദേഹത്തിന്റെ തെളിവുകളോടെയുള്ള വാദഗതി പ്രകാരം

“പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണം പ്രകൃതി നിർധാരണമാണ്
അനുകൂലമായവയുടെ തിരഞ്ഞെടുക്കലിനെയും അനുകൂല ക്ഷമത കുറഞ്ഞവയുടെ തിരസ്കരണത്തെയുമാണ് ഡാർവിൻ ഈ പദപ്രയോഗത്തിലൂടെ വിശദീകരിച്ചത്. ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ വ്യതിയാനങ്ങൾ ജീവികൾ മാറുന്ന പരിസ്ഥിതിയ്ക്കനുസരിച്ച് പ്രകടിപ്പിക്കുന്നു.ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട്‌ കൂടുതൽ യോജിച്ചു പോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു(survival of the fittest)ഇത്തരം അനുകൂല വ്യതിയാനങ്ങൾ ഉള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി തെരഞ്ഞെടുത്ത് നിലനിർത്തുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു.
ജീവികൾ പ്രകടിപ്പിക്കുന്ന അനുകൂലവ്യതിയാനങ്ങൾ തലമുറതലമുറകളായി
കൈമാറ്റം ചെയ്ത് പുതിയ ജീവിവർഗ്ഗങ്ങൾ രൂപപ്പെടുന്നു”

ജന്തു ജീവ ജാലങ്ങൾ അനുകൂലമായ മാറ്റങ്ങൾക്കു വിധേയമായി പുനരവതരിപ്പിക്കപ്പെടുന്നു
എന്നാണ് ഡാർവിന്റെ അടിസ്ഥാന ആശയം.

ഇതു പ്രകാരം പുരാതന ശിലായുഗ മനുഷ്യരിൽ നിന്നും നിരന്തരം മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും വിധേയരായി ജീവികളിലെ ചിന്താ ശേഷിയുള്ള മനുഷ്യ ഗണം ഒരുപാട് മുന്നിലേക്കു സഞ്ചരിച്ചു.നാം ഗുഹകളിൽ നിന്നു കംപ്യൂട്ടർ യുഗത്തിലേക്കും നായാട്ടിൽ നിന്നും നരിനരഹത്യകളിൽ നിന്നും ബോധപൂർവ്വമായ മനുഷ്യത്വപരമായ ഇടപെടലുകളിലേക്കു സഞ്ചരിച്ചു തുടങ്ങി.

പക്ഷെ ഡാർവിന്റെ സിദ്ധാന്ത പ്രകാരം തുടക്കത്തിലെ ശിലായുഗ മനുഷ്യരുടെ ജനിതക ഘടനയുടെ തുടർച്ചകൾ അറിഞ്ഞോ അറിയാതെയോ
ഇന്നും മനുഷ്യന്റെ ഭാഗം
തന്നെയാണ്.മാറ്റങ്ങൾക്കു വിധേയപ്പെടുന്നുണ്ടെങ്കിലും
അനുകൂലമായ സാഹചര്യമുണ്ടായാൽ മനുഷ്യൻ പിന്നോട്ടു സഞ്ചരിച്ചു തുടങ്ങാം

എന്താണ് ഇത്തരം
അനുകൂല സാഹചര്യങ്ങൾ?

മൃദുല വികാരങ്ങൾ തന്നെ

കാമം,ക്രോധം,പക,
തുടങ്ങിയ അടിസ്ഥാന മൃദുല വികാരങ്ങൾക്ക് ഒരേ പോലെ അടങ്ങാനും എന്നാൽ പ്രതീക്ഷകൾക്കപ്പുറം പൊട്ടിത്തെറിക്കാനും സാധിക്കും

“കണ്ണിനു കണ്ണ് പല്ലിനു പല്ല്
മൂക്കിന് മൂക്ക്”

എന്ന ബാബിലോണിയൻ നിയമ സംഹിതയെ കുറിച്ചു കേട്ടിട്ടില്ലേ..

ബാബിലോണിയയിലെ ആറാമത്തെ രാജാവായിരുന്ന ഹമ്മു റാബിയുടെ നിയമസംഹിതയിൽ പെട്ട ഈ പൂർവ്വ പ്രകൃത ഗോത്ര നിയമത്തിന്റെ തുടർച്ചകൾ ഇന്നും മനുഷ്യനിൽ ജടിലമാണ്.

Chaos…

കലാപങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളിൽ വീണ്ടും മാറ്റങ്ങൾ പഴയ കാലത്തിന്റെ വാതിൽ തുറന്നു വയ്ക്കും.വന്യതയുടെ,വേട്ടയുടെ ഇരതേടലിന്റെ കലാപങ്ങൾ.
പഴയ ഗോത്ര നിയമ വ്യവസ്ഥയുടെ അതെ ആവർത്തനങ്ങൾ.

ഇവിടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ ജല്ലിക്കെട്ടിനെ അടയാളപ്പെടുത്തുന്നതും.
ഡാർവിൻ സ്ഥാപിച്ച മനുഷ്യനിൽ സ്ഥാപിതമായ പൂർവ്വ വ്യവസ്ഥയുടെ കലാപങ്ങൾ.ജല്ലിക്കെട്ട് സഞ്ചരിച്ചതും അത്തരമൊരു കാലത്തേക്ക് തന്നെയായിരുന്നു.

പോത്ത് ഓടുന്ന മലയും ഗോത്ര കാഹളങ്ങളും,ക്രോധത്തിന്റെ കലാപങ്ങളും മരണത്തിന്റെ രൂപത്തിൽ പ്രേക്ഷകനോട് സംവദിച്ചു കൊണ്ടിരുന്നു.

ഒടുവിലെ നരനിർമിതമായ പിരമിഡ് സഞ്ചയം പോലും അടക്കാനാകാത്ത ജനിതക സഞ്ചാരത്തിന്റെ അടയാളപ്പെടുത്തൽ തന്നെയായിരുന്നു
തരം കിട്ടിയാൽ പരസ്പരം കൊല്ലുന്ന അതെ നിയമരഹിത വ്യവസ്ഥയുടെ ആവർത്തനങ്ങൾ.സത്യത്തിൽ പ്രമേയം കൊണ്ടും അതിന്റെ അതിസങ്കീർണ്ണമായ ആഖ്യാനം കൊണ്ടും തന്നെയാണ് ജല്ലിക്കെട്ട് ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ടോറന്റോ ചലച്ചിത്ര മേളയിൽ ഉൾപ്പെടെ ശക്തമായ നിരൂപക പ്രശംസകൾ ഏറ്റു
വാങ്ങിയ ജല്ലിക്കട്ട് തുലനം ചെയ്യപ്പെട്ടത്
സ്പിൽ ബെർഗിന്റെ വിഖ്യാത സിനിമയായ ‘Jaws’ആയിട്ടായിരുന്നു.
നൂതന സാങ്കേതിക വിദ്യകൾ പരിമിതമായി ഉപയോഗിച്ച് പറയാൻ ഉദ്ദേശിച്ച പ്രമേയം അങ്ങേയറ്റം യാഥാസ്തികമായും സങ്കീർണ്ണമായും ചിത്രീകരിക്കുക.
സ്പിൽ ബെർഗ് അതു ചെയ്തത് 1975ൽ ഹോളിവുഡിൽ ആയിരുന്നെങ്കിൽ ലിജോ അതെ കാര്യം എല്ലാ പരിമിതികളെയും സാധ്യതകളെയും വെല്ലുവിളിച്ചു കൊണ്ടു ചെയ്യുന്നത് 2019ൽ ആയിരുന്നു എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത.അതിന് എസ്.ഹരീഷ്,ജയകുമാർ എന്ന മികച്ച രണ്ടു തിരക്കഥകൃത്തുക്കളുടെ സാന്യധ്യം കൂടിയുണ്ട് എന്നതും ശ്രദ്ധിക്കേണ്ട വസ്തുത തന്നെയാണ്. ഹരീഷിന്റെ തന്നെ മാവോയിസ്റ്റ് എന്ന മൂല കഥ തന്നെയാണ് ജല്ലിക്കെട്ടിന്റെ അടിസ്ഥാനവും.

ഇതുവരെ വന്യമായി സംസാരിച്ച സിനിമകൾ എല്ലാം സംസാരിച്ചത് മനുഷ്യന്റെ കഥകളെ കുറിച്ചായിരുന്നെങ്കിൽ
ലിജോ സംസാരിച്ചത് അത്രയും മനുഷ്യ വ്യവസ്ഥയുടെ ഉരുവത്തെ കുറിച്ചു തന്നെയായിരുന്നു.

മാംസം അഥവാ ആഹാരം തേടിയുള്ള ആധുനിക മനുഷ്യന്റെ നായാട്ട് അന്വേഷണവും,കാമവും ക്രോധവും നിറഞ്ഞ വന്യമായ വികാര പ്രകടനങ്ങളും ഒടുവിൽ കൊണ്ടു എത്തിക്കുന്നത് അതെ പ്രാകൃത കാലത്തേക്ക് തന്നെയാണ് അതെ ജനിതക ആരംഭത്തിലേക്ക്.
കല്ലും കമ്പും കവണയും ചേർത്തു നായാടി തിന്നിരുന്ന അതെ ശിലായുഗ കാലത്തേയ്ക്ക്.

ഒരുപക്ഷെ നിയമങ്ങളില്ലാത്ത അക്രമ പാരമ്പര്യത്തിലേക്കുള്ള ജനിതകമായ തിരിച്ചറിവിനു വേണ്ടി ലിജോ ബോധപൂർവ്വം സൃഷ്‌ടിച്ച പ്രതിരൂപമായിരിക്കാം ആ പോത്തും വന്യമായ രാത്രിയുടെ അന്തരീക്ഷവും
മറ്റു കലാപങ്ങളും.

അനന്യമായ മാന്ത്രിക യാഥാർഥ്യത്തിന്റെ പിൻബലത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി എന്ന പിതാവ് അടയാളപ്പെടുത്തുന്നതും
ലോകത്തോടു വിളംബരം ചെയ്യുന്നതും അതു തന്നെയാണ്..

“മാറ്റങ്ങൾ ഇല്ലാത്ത കാലത്ത് മാറ്റങ്ങൾക്കു ഇടയിലും ഒരു നൂൽപ്പാലമുണ്ടായിരിക്കും
മുന്നോട്ടു പോകണോ പിന്നോട്ടു പോകണോ അതിജീവിക്കണോ നായാടണോ എന്ന നൂൽപ്പാലം…

തീരുമാനം സാഹചര്യങ്ങൾക്ക് വിധേയമാണ്.അതു അതിജീവിക്കുന്ന
വിജയമാണ് ആധുനികം.അല്ലാത്ത പക്ഷം എത്ര ഒളിപ്പിച്ചു നിർത്തിയാലും പഴയ ഗോത്ര നിയമങ്ങൾ വെളിപ്പെടും തിന്നാൻ വേണ്ടിയും കൊല്ലാൻ വേണ്ടിയും പരസ്പരം കൊന്നു തുടങ്ങും

ഇത്തരത്തിൽ ആന്റണിയും,കാലൻ വർക്കിയും, കുട്ടച്ചനും,പോത്തോടുന്ന നാടും തീർക്കുന്ന വന്യത സംസാരിച്ചത് അത്രയും മരണത്തിന്റെ ഭാഷ്യവും കാലത്തിന്റെ തുറന്നു പറച്ചിലും തന്നെയാണ്.

ഓസ്‌കറിലേക്കുള്ള യാത്രയിൽ വെറുതെ നിർദ്ദേശിക്കപ്പെടേണ്ട സിനിമയല്ല ജല്ലിക്കട്ട്.മറിച്ച് പ്രമേയപരമായും ആഖ്യാനപരമായും ലോക സിനിമയ്ക്ക് മുന്നിൽ അടയാളപ്പെടുത്തേണ്ട സിനിമ തന്നെയാണ്.

cp-webdesk

null
null