സമൂഹമാധ്യമത്തിലൂടെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിൽ ബോളിവുഡ് താരം കങ്കണ റണാവത്തിനും സഹോദരി രങ്കോലി ചണ്ടേലിനും ബാന്ദ്ര പോലീസ് സമൻസ് അയച്ചു. ബാന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സമന്‍സ് അയച്ചത്. കാസ്റ്റിങ് ഡയറക്ടറായ മുന്നാവാര് അലി സയേദാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. കങ്കണയും, രങ്കോലിയും സമൂഹമാധ്യമങ്ങളില്‍ നടത്തിയ വര്‍ഗ്ഗീയ പരമാര്‍ശങ്ങളെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രണ്ട് സഹോദരിമാരും ചേര്‍ന്ന് ട്വീറ്റുകളിലൂടെ ഹിന്ദു മുസ്ലീം സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും, വര്‍ഗ്ഗീയതയും പരത്താന്‍ ശ്രമിക്കുകയാണ് എന്നാണ് ഇരുവര്‍ക്കും എതിരായുള്ള പരാതി. പരാതിയെ തുടര്‍ന്ന് ബാന്ദ്ര പൊലീസ് അന്വേഷണങ്ങള്‍ നടത്തിയിരുന്നു.
നവംബര്‍ 23-24ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാവാൻ ഇരുവരോടും പോലീസ് ആവിശ്യപ്പെട്ടിട്ടുണ്ട്. ‘എഎന്‍ഐ’ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ട്വീറ്റ് ചെയ്തത്. ഒക്ടോബറിലാണ് ഇരുവര്‍ക്കും എതിരെ ബാന്ദ്ര പൊലീസ് ആദ്യമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നവംബര്‍ 10നാണ് ഇരുവരോടും മുംബൈ പൊലീസ് ആദ്യം ഹാജരാവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കങ്കണയുടെ അഭിഭാഷകന് ഇരുവരും ഹിമാചല്‍ പ്രദേശില്‍ സഹോദരന്റെ കല്യാണത്തിലാണെന്ന് അറിയിക്കുകയായിരുന്നു.