നടൻ വിജയുടെ രാഷ്ട്രീയ പാർട്ടി രൂപീകരണവും രാഷ്ട്രീയ പ്രവശനവും സംബന്ധിച്ച് വിവാദങ്ങൾ നടക്കുന്നതിനിടയിൽ മധുരെെയിൽ വിജയ് ആരാധകരുടെ സംഘടനയായ ദ വിജയ് മക്കൾ ഇയക്കം സമ്മേളനം സംഘടിപ്പിച്ചു. വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അമ്മ ശോഭ ചന്ദ്രശേഖറിന്റെ പേരും ഉൾപ്പെടുത്തിയാണ് പാർട്ടി രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം മുന്നിട്ടറങ്ങിയത്.
എന്നാൽ പിതാവിന്റെ നീക്കത്തെ തള്ളിപ്പറഞ്ഞ വിജയ്, ആരാധകരോട് ആ പാർട്ടിയിൽ ചേരരുതെന്ന് ആഹ്വാനം ചെയ്തു. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ഭർത്താവ് ഈ നീക്കം നടത്തിയതെന്ന് ശോഭ ചന്ദ്രശേഖറും വ്യക്തമാക്കി. വിജയ് നാളുകളായി അച്ഛനോട് സംസാരിക്കാറില്ലെന്നും അവർ പറഞ്ഞു.
ഈ പശ്ചാത്തലത്തിലാണ് മധുരെെയിൽ വിജയ് ആരാധകരുടെ സമ്മേളനം സംഘടിപ്പിച്ചത്. വിജയിന് കളങ്കം വരുന്ന പ്രവൃത്തികൾ ചെയ്യില്ലെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയിലും അംഗത്വമെടുക്കില്ലെന്നും അവർ പ്രതജ്ഞ ചെയ്തു. വിജയ്യുടെ പിതാവ് തങ്ങൾക്ക് പിതാവിനെപ്പോലെയാണ്. എന്നാൽ വിജയ് യുടെ നേതൃത്വത്തിൽ അല്ലാത്ത ഒരു പാർട്ടിയിലും ഭാഗമാകില്ലെന്നും അവർ വ്യക്തമാക്കി.
വിജയ് ഒരു ഇരുമ്പു കൂട്ടിലാണെന്നും അദ്ദേഹത്തിന് ചുറ്റും നിറയെ ക്രിമിനലുകളാണെന്നുമാണ് ചന്ദ്രശേഖറിന്റെ ആരോപണം. എല്ലാ സത്യവും മനസ്സിലാക്കി മകൻ ഒരിക്കൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.