ശരണ്യ മോഹന് കീഴിൽ നൃത്തം അഭ്യസിച്ച് നടൻ സിമ്പു. സിമ്പുവിനെ നൃത്തം പഠിപ്പിക്കുന്ന ശരണ്യ മോഹന്റെ ചിത്രങ്ങളാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സുശീന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിന് വേണ്ടിയാണ് സിമ്പു നൃത്തം പഠിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിവാഹ ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകന്ന ശരണ്യ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുകയാണ് ഇപ്പോൾ.
‘ഈശ്വരൻ’ എന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു എത്തുന്നത്. ലോക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടി ഇപ്പോ 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വെെറലായിരുന്നു. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിൽ കഠിന പരിശീലനത്തിലൂടെയായിരുന്നു സിമ്പു ശരീര ഭാരം കുറച്ചത്.
ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും സിമ്പു പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു, സാലഡുകൾ പോലുള്ള പോഷകഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.