ലോക്ക്ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തിന് താങ്ങാകാൻ മണിരത്നത്തിന്റെ നേതൃത്വത്തില്‍ തമിഴ് ആന്തോളജി ഒരുങ്ങുന്നു. ഒന്‍പതു ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്ന ആന്തോളജി സിനിമക്ക് ‘നവരസ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളായ അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാർഥ്, വിജയ് സേതുപതി, പ്രകാശ് രാജ് എന്നിവർക്കൊപ്പം മലയാളി താരങ്ങളായ പാര്‍വതി തിരുവോത്ത്, രേവതി, നിത്യ മേനോൻ എന്നിവരും അഭിനയിക്കുന്നു. പൂർണ്ണമായും സൗജന്യമായാണ് ‘നവരസയി’ലെ എല്ലാ അഭിനേതാക്കളും അണിയറപ്രവർത്തകരും പ്രവർത്തിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് സ്ഥിരീകരിച്ചു. മണിരത്നം, ജയേന്ദ്ര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘നവരസ’ നെറ്റ്ഫ്ലിക്സില്‍ ആണ് റിലീസ് ചെയ്യുന്നത്.
കൊറോണയെ തുടർന്ന് എല്ലാ സിനിമ മേഖലയും പ്രതിസന്ധി നേരിടുകയാണ്. തമിഴ് സിനിമാ മേഖലയും, വരുമാനം തൊഴിലില്ലായ്മ എന്നിവ കാരണം ദുരിതമനുഭവിക്കുന്നു. ഇതിനെ തുടർന്നാണ് കോളിവുഡിന് ‘‘സപ്പോര്‍ട്ട്’’ എന്ന നിലയിൽ ‘നവരസ’ ഒരുക്കുന്നത്. ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും.
സംവിധായകരായ ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്‍റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ ചേര്‍ന്നാണ് ‘നവരസ’ ആന്തോളജി ചിത്രം തയ്യാറാക്കുന്നത്. കൂടാതെ ഇവർക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും സംവിധായകനാവുന്നു എന്നതാണ് ഈ ആന്തോളജി സിനിമയുടെ മറ്റൊരു പ്രത്യേകത. തെന്നിന്ത്യയില്‍ നിന്നുള്ള നാല്പതോളം മികച്ച അഭിനേതാക്കളും നൂറുകണക്കിന് സാങ്കേതിക വിദഗ്ധരും ഈ സിനിമകളില്‍ പ്രവർത്തിക്കും.
രതീന്ദ്രന്‍ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതി അഭിനയിക്കുന്നത്. സിദ്ധാർഥ് ആണ് പാര്‍വതിക്കൊപ്പമെത്തുന്ന സഹതാരം. ഈ ടീമിനൊപ്പം സഹകരിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട് എന്ന് പാര്‍വ്വതി പറഞ്ഞു. ശരവണണ്‍, അളഗം പെരുമാള്‍, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ‘നവരസ’യിലെ മറ്റു പ്രമുഖ താരങ്ങൾ.