Cinemapranthan

ചിത്രത്തിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട് മുത്തയ്യ മുരളീധരൻ; ബയോപിക്കില്‍ നിന്ന് പിന്മാറി വിജയ് സേതുപതി

തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ ആരോപിച്ചു.

null

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറി. കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിജയ് സേതുപതിയോട് ചിത്രത്തിൽനിന്ന് പിൻമാറമെന്ന് മുരളീധരൻ തന്നെ അഭ്യർഥിച്ചിരുന്നു. മുരളീധരന്റെ പ്രതികരണം ചർച്ചയായതിന് തൊട്ടുപിന്നാലെയാണ് വിജയ് സേതുപതി ചിത്രത്തിൽ നിന്ന് പിൻമാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടതിന് പിന്നാലെ വിജയ് സേതുപതിക്കും സിനിമയുടെ അണിയറ പ്രവർത്തകർക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.ഇപ്പോഴിതാ മുരളി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ താരത്തോട് പിന്മാറാൻ ആവശ്യപ്പെട്ട്
വാർത്താകുറിപ്പ് പങ്കുവച്ചിട്ടുണ്ട്. എന്നാൽ, സേതുപതി പിന്മാറിയെന്ന വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

“ചില ആളുകളിൽ നിന്ന് വിജയ് സേതുപതിക്ക് വളരെയധികം സമ്മർദ്ദം ഉണ്ടാവുന്നതായി ഞാൻ മനസ്സിലാക്കുന്നു. ചിലയാളുകൾക്ക് എന്നോടുള്ള തെറ്റിദ്ധാരണ മൂലം ഒരു നടൻ ഇങ്ങനെ കുഴപ്പത്തിൽ ചാടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഭാവിയിൽ അദ്ദേഹത്തിന് ഇതുവഴി ഒരു പ്രശ്നം ഉണ്ടാവാനും ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹത്തോട് ചിത്രത്തിൽ നിന്ന് മാറിനിൽക്കാൻ ഞാൻ ആവശ്യപ്പെടുന്നു”- മുത്തയ്യ മുരളീധരൻ ട്വിറ്ററിൽ പങ്കുവെച്ച വാർത്താകുറിപ്പിൽ പറയുന്നു. വിജയ് സേതുപതി ഈ വാർത്താകുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുമുണ്ട്.

എന്നാൽ വിജയ് സേതുപതി പിന്മാറിയതിനെ കുറിച്ച് അണിയറ പ്രവർത്തകർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായി. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്​ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗമായി. വിജയ് സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നും തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയിൽ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയിൽ ഒരു തമിഴ്നാട്ടുകാരൻ വേഷമിടുന്നത് അപമാനമാണെന്നും വിമർശകൻ ആരോപിച്ചു. 30 വർഷത്തോളം നീണ്ട ആഭ്യന്തര യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയെ പിന്തുണയ്ക്കുന്ന വ്യക്തിയായാണ് മുത്തയ്യ മുരളീധരനെ കുറിച്ച് ഇക്കൂട്ടർ കണക്കാക്കുന്നത്.

cp-webdesk

null