നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് നായകനായി വിജയ് സേതുപതി എത്തുന്നു. നിത്യ മേനോനാണ് വിജയ് സേതുപതിയുടെ നായിക. ചിത്രീകരണം ഉടന്‍ ആരംഭിക്കുന്ന സിനിമ നിർമ്മിക്കുന്നത് ആന്റോ ജോസഫാണ്. ഇന്ദു വി എസ് ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നതും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. ഭൂരിഭാഗം രംഗങ്ങളും കേരളത്തിൽ ചിത്രീകരിക്കുന്ന സിനിമയുടെ ഇന്‍ഡോര്‍ സീനുകളാകും ആദ്യം ചിത്രീകരിക്കുക
യാഥാര്‍ത്ഥ്യത്തോട് അടുത്ത് നില്ക്കുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലെതെന്ന് നിത്യ മേനോന് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
”നിഗൂഢതകള്‍ നിറഞ്ഞ രസകരമായ ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. വിരസമായ ജീവിതം നയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് എനിക്ക്, വിജയ് സേതുപതിയുടെ കഥാപാത്രമെത്തുന്നതോടെ അവളുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുന്നു. അധികം കഥാപാത്രങ്ങള്‍ ഈ സിനിമയിലില്ല. അതുകൊണ്ട് തന്നെ ഈ സമയത്തും ചിത്രം ഷൂട്ട് ചെയ്യുന്നതിന് തടസമുണ്ടാകില്ല.” നിത്യ മേനോന് പറഞ്ഞു.
ഏകദേശം ഒന്നര വര്‍ഷം മുൻപ് കഥ കേട്ട് വിജയ് സേതുപതിയും, ഒരു വർഷത്തിന് മുൻപ് നിത്യ മേനോനും ചിത്രം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു. എന്നാൽ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകുകയായിരുന്നു. ഛായാഗ്രാഹകന്‍ മനേഷ് മാധവന്, സംഗീത സംവിധായകന് ഗോവിന്ദ് വസന്ത എന്നിവർ ചിത്രത്തിൽ പ്രവർത്തിക്കും. സലീം അഹമ്മദിന്റെ ആദാമിന്റെ മകന് അബു, കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിൽ പ്രവര്‍ത്തിച്ചിരുന്ന ആളാണ് ഇന്ദു വി.എസ്.