പുതുച്ചേരിയിൽ വിജയ് സേതുപതി ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റിനെ നടുറോഡിലിട്ട് കുത്തി കൊന്നു. അധികാര തർക്കത്തെ തുടർന്ന് ഫാൻസ് അസോസിയേഷൻ മുൻ സെക്രട്ടറിയും സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോവിഡിനെ തുടര്‍ന്ന് സിനിമ വ്യവസായം ഒന്നാകെ നിശ്ചലമായ സമയത്ത് ആരാധക സംഘടനയിലെ തര്‍ക്കം കൊലപാതകത്തിലെത്തിയത് സിനിമ മേഖലയെയും നടുക്കിയിട്ടുണ്ട്.
ഒരു വർഷമായി പുതുച്ചേരിയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡന്‍റാണ് പെയിന്‍റര്‍ കൂടിയായ മണികണ്ഠൻ. ആറ് മാസം കഴിഞ്ഞാൽ സ്ഥാനം ഒഴിയണമെന്ന ധാരണയിലാണ് പ്രസിഡന്‍റാക്കിയത്. സ്ഥാനം ഒഴിയാൻ മടിച്ചതോടെ മണികണ്ഠനും മുൻ സെക്രട്ടറി രാജശേഖരനും തമ്മിൽ തർക്കം പതിവായിരുന്നു. ഫാൻസ് അസോസിയേഷൻ യോഗങ്ങളിൽ പരസ്പരം പോർ വിളിക്കുകയും ചെയ്തിരുന്നു.
മണികണ്ഠന്‍ സ്ഥാനമൊഴിയണമെന്ന് ബന്ധു കൂടിയായ രാജശേഖരന്‍ പലവട്ടം ആവശ്യപെട്ടിരുന്നു. അമിത വേഗത്തിൽ ബൈക്കുകളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു കൊലപാതകം. ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറിയച്ചത് അനുസരിച്ച് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി മുറിവേറ്റ മണികണ്ഠൻ ഇന്ന് ഉച്ചയോടെ മരിച്ചു.