നിറത്തിന്റെയും ഉയരത്തിന്റെയും പേരിൽ തന്നെ അധിക്ഷേപിച്ചവർക്ക്
ശക്തമായ മറുപടി നൽകി ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകൾ
സുഹാന ഖാൻ. സുഹാന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് കറുത്തതും ഭംഗിയില്ലാത്തതുമെന്നും പുരുഷന്മാരെപ്പോലെയുണ്ടെന്നും സർജറി
ചെയ്ത് നിറം മാറ്റണമെന്നുമടക്കം അങ്ങേയറ്റം അധിക്ഷേപകരമായ നിരവധി കമന്റുകളാണ് ലഭിച്ചത്. ഇത്തരം കമന്റുകളുടെ സ്ക്രീൻഷോട്ടുകളടക്കം
പങ്കുവെച്ചുകൊണ്ടാണ് നീണ്ട കുറിപ്പിൽ ഇത്തരക്കാർക്ക് സുഹാന മറുപടി
നൽകിയിരിക്കുന്നത്. #endcolourism എന്ന ഹാഷ്ടാഗിലാണ് മറുപടി.
12ാം വയസുമുതൽ നിറത്തിന്റെ പേരിലുള്ള വേർതിരിവ്
അനുഭവിക്കുകയാണെന്ന് 20കാരിയായ സുഹാന പോസ്റ്റിൽ വ്യക്തമാക്കുന്നു.
തന്നെ കറുപ്പെന്നും വൃത്തികെട്ടതെന്നും അധിക്ഷേപിച്ചിരിക്കുന്നത്
പ്രായപൂർത്തിയായ പുരുഷന്മാരും സ്ത്രീകളുമാണെന്നും അവർ
ഇന്ത്യക്കാരാണെന്നും ഒരേ സ്കിൻ ടോൺ പങ്കിടുന്നവർ തന്നെയാണെന്നും
സുഹാന പറയുന്നു.
ഈ പോസ്റ്റ് തന്നെ കുറിച്ച് മാത്രമല്ലെന്നും തന്നെപ്പോലെ തന്നെ യാതൊരു കാരണവുമില്ലാതെ മാറ്റിനിർത്തപ്പെട്ട പെൺകുട്ടികളെ കുറിച്ചും ആൺകുട്ടികളെ
കുറിച്ചുമാണെന്നും സുഹാന കൂട്ടിച്ചേർത്തു. ഉയരം 5.7 ഇല്ലെങ്കിലോ വെളുത്ത നിറം ഇല്ലെങ്കിലോ നിങ്ങൾ കുടുംബത്തിൽ നിന്നുപോലും പരിഹാസം
ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നുവെന്നും, തന്റെ ഉയരം 5.3 ആണെന്നും
ബ്രൗൺ കളറാണെന്നും അതിൽ തനിക്ക് സന്തോഷമാണെന്നും സുഹാന പറയുന്നു.
ബോളിവുഡിലെ താരങ്ങളുടെ മക്കളിൽ ശ്രദ്ധേയയാണ് സുഹാന. ന്യൂയോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ് സുഹാന. ഇംഗ്ലണ്ടിലെ
അർഡിംഗ് ലി കോളജിലും സുഹാന പഠിച്ചിരുന്നു. സിനിമയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെങ്കിലും ദി ഗ്രേ പാർട്ട് ഓഫ് ബ്ലൂ എന്ന ഷോർട്ട് ഫിലിമിൽ സുഹാന അഭിനയിച്ചിട്ടുണ്ട്.