പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്‌മണ്യം (74 ) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. ഓഗസ്റ്റ് 13 രാത്രി വരെ തൃപ്തികരമായിരുന്ന ആരോഗ്യനില തുടർന്ന് വഷളായി. എന്നാൽ പിന്നീട് കോവിഡ് മുക്തനായ അദ്ദേഹത്തെ ശ്വാസ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും തന്റെയടുത്ത് സംസാരിച്ചിരുന്നുവെന്നും മകൻ എസ്.പി ചരൺ സോഷ്യൽ മീഡിയിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച വൈകിട്ട് എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ഗായകന്‍, സംഗീത സംവിധായകന്‍ നടന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ലോകപ്രശസ്തനായ എസ് പി ബി തെന്നിന്ത്യന്‍ ഭാഷകള്‍, ഹിന്ദി എന്നിവ ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഭാഷകളില്‍ 40000ത്തിലധികം പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡിനുടമയാണ് എസ്.പി.ബാലസുബ്രമണ്യം. നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു.
1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ്പിബി’ എന്ന ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. ഗായിക എസ് പി ശൈലജയെകൂടാതെ രണ്ടു സഹോദരങ്ങളും നാല് സഹോദരിമാരുമുണ്ട്. ഭാര്യ സാവിത്രി. മകന്‍ എസ് പി ബി ചരണ്‍ പ്രശസ്ത ഗായകനാണ്. പല്ലവി മകൾ.