ചില സിനിമകളുണ്ട്. കാണുന്നവന്റെ നെഞ്ച് തുളച്ചിറങ്ങുന്ന, പേടിയുടെയും നിസ്സാഹയതയുടെയും ലോകത്തേക്ക് കഥാപാത്രങ്ങളോടൊപ്പം പ്രേക്ഷകനെയും വലിച്ചുകയറ്റുന്ന സിനിമകൾ. സമൂഹം പറയാൻ മടിക്കുന്ന സത്യങ്ങൾ വിളിച്ചുപറയുന്ന അത്തരം സിനിമകൾ ഒരുപക്ഷേ ആദ്യ കാഴ്ചയിൽ അത്ര ‘സുഖം’ പകർന്നുവെന്ന് വരില്ല; പക്ഷേ, കാലങ്ങൾക്കപ്പുറവും, മുറിവുകളിലേക്ക് ഉപ്പ് തേക്കുമ്പോഴുണ്ടാവുന്ന നീറ്റൽ പോലെ ആ കഥകൾ ബാക്കിയാവും. അത്തരത്തിലൊന്നാണ് നടൻ ധനുഷ് നിർമിച്ച് വെട്രിമാരൻ സംവിധാനം ചെയ്ത്, 2015ൽ പുറത്തിറങ്ങിയ ‘വിസാരണൈ’ എന്ന തമിഴ് സിനിമ.
‘അൽ ഖായ്ദ’ കഥകൾ/ ഇതര സംസ്ഥാന തൊഴിലാളികൾ തലക്കെട്ടുകളാകുന്ന കാലത്ത് ഈ സിനിമയും അതിനു ആധാരമായ സംഭവവും വീണ്ടും വായിക്കപ്പെടേണ്ടതാണ്.
സാധാരണക്കാരായ നാല് തമിഴ് യുവാക്കൾ, പാണ്ഡി, മുരുകന്, അഫ്സല്, കുമാര്‍, ജോലിക്കായി ആന്ധ്രയിലെത്തുന്നു. വിദ്യഭ്യാസ യോഗ്യതകളോ വലിയ ലോക പരിചയമോ ഇല്ലാത്ത അവർക്ക് കിട്ടുന്ന ശമ്പളം വളരെ പരിമിതമാണ്. കടയിൽ നിന്നും കൂലിപ്പണിയെടുത്തും കിട്ടുന്ന പൈസ വാടകമുറിയെടുക്കാൻ മാത്രം വലുതല്ലാത്തതു കൊണ്ടു പബ്ലിക് പാർക്കിൽ പാത്തും പതുങ്ങിയുമാണ് അവരുടെ അന്തിയുറക്കം. ചുരുക്കിപ്പറഞ്ഞാൽ, മറുനാട്ടിലെ അവരുടെ അഡ്രസ് ആ പാർക്കാണ്.
ഒരു ദിവസം രാത്രി സിനിമ കഴിഞ്ഞു വരുന്ന വഴിക്ക് കൂട്ടത്തിലൊരുത്തനെ പോലീസ് പിടിക്കുന്നു. പൊലീസിനെ കാണുമ്പോൾ സാധാരണക്കാരനായ ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ പരുങ്ങലും അവനിലുണ്ട്. അതു മുതലെടുക്കുന്ന തരത്തിലാണ് പൊലീസുകാരന്റെ പെരുമാറ്റവും. പേര് ചോദിക്കുമ്പോൾ അവൻ ‘അഫ്സൽ’ എന്നു പറയുന്നു. അടുത്ത ചോദ്യം നീ ‘അൽ–ഖായ്ദ’ക്കാരനല്ലേ എന്നാണ്. തമിഴ്നാട്ടിൽ നിന്നും ജോലി തേടി വന്നതാണെന്ന് പറയുമ്പോൾ പിന്നെ അവനെ തമിഴ് പുലിയാക്കുന്നു. അല്ലെന്നു പറഞ്ഞ് കെഞ്ചിക്കരയുമ്പോഴേക്കും പൊലീസുകാർ അവനെ കുരുക്കാൻ തീർച്ചപ്പെടുത്തിയിരുന്നു. അവനിലൂടെ ബാക്കിയുള്ള സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്യുന്നു. വീടും കുടിയുമില്ലാതെ, അന്യനാട്ടിൽ അഡ്രസില്ലാതെ ജീവിക്കുന്ന അവരെക്കൊണ്ട് പൊലീസിന് ആവശ്യമുണ്ട് – തെളിയാതെ കിടക്കുന്ന കേസുകൾ പുതിയ കാര്യമല്ലല്ലോ!
പിന്നീടങ്ങോട്ട് പ്രേക്ഷകന്റെ മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരമർദ്ധനമുറകളാണ്. ഏറ്റുമുട്ടൽ കൊലപാതകത്തിനും ലോക്കപ്പ് പീഡനങ്ങൾക്കും കുപ്രസിദ്ധി നേടിയ ആന്ധ്ര പൊലീസിന്റെ നേർചിത്രം വരച്ചുകാട്ടുന്നുണ്ട് വെട്രിമാരൻ. ചോദിക്കാനും പറയാനും ആരുമില്ലാത്ത, പറയുന്ന ഭാഷ പോലും മനസ്സിലാവാത്ത ഇവരെ എന്തും ചെയ്യാമെന്നൊരു ധൈര്യം പൊലീസുകാർക്കെല്ലാമുണ്ട്. കൂട്ടത്തിലെ വനിതാ കോൺസ്റ്റബിള്‍ മാത്രമാണ് അവരെ സഹായിക്കാൻ ശ്രമിക്കുന്നത്.
ഇവരെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന മറ്റൊരു സംഭവം അരങ്ങേറുന്നുണ്ട്. തമിഴ്നാട്ടിലെ പ്രതിപക്ഷനേതാവിന്റെ ഓഡിറ്ററെ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി തട്ടിക്കൊണ്ടുവരാനായി ഒരുസംഘം തമിഴ്നാട് പോലീസ് അതേ കോടതിയിലെത്തുന്നുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവാക്കളിലൊരാൾ മജിസ്ട്രേറ്റിനോട് സത്യങ്ങള്‍ വിളിച്ചു പറഞ്ഞ് കരയുന്നു. പൊലീസ് േസ്റ്റഷനിലെ ക്രൂരമർദ്ദനത്തെയും കുറ്റം ഏറ്റുപറയാൻ വേണ്ടി പീഡിപ്പിച്ചതിന്റെയും കാര്യം പറഞ്ഞ്, നിസ്സഹായനായി അയാൾ കരയുന്നു. പറയുന്നത് തമിഴിലാണ്. ന്യായാധിപൻ കാര്യങ്ങൾ കൂടുതൽ മനസ്സിലാവാൻ തമിഴ് അറിയുന്ന ഒരാളുടെ സഹായം തേടുന്നു.നേരത്തെ, ഓഡിറ്ററെ തട്ടിക്കൊണ്ടുവരാൻ കോടതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ (സമുദ്രക്കനി) സഹായത്തിനെത്തുന്നു. അയാൾ യുവാക്കളുടെ നിരപരാധിത്വം കോടതിയെ ബോധിപ്പിക്കുകയും കോടതി യുവാക്കളെ മോചിതരാക്കുകയും ചെയ്യുന്നു.
തുടർന്ന് ഓഡിറ്ററെ തട്ടിക്കൊണ്ടുപോവാൻ യുവാക്കളുടെ സഹായം തേടുകയാണ് സമുദ്രക്കനിയും സംഘവും. തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കാൻ ആ തമിഴ് യുവാക്കൾക്കു മടിയില്ല. പിന്നെ, സഹായിക്കുന്നത് പൊലീസിനെ ആയതുകൊണ്ട് രണ്ടാമതൊന്ന് ആലോചിക്കാതെ അവർ ആ കൃത്യം നിർവഹിക്കുന്നു. ഇനിയും ആന്ധ്രയിൽ തുടരുന്നത് സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ യുവാക്കൾ പൊലീസുകാരോടൊപ്പം തന്നെ നാട്ടിലേക്ക് മടങ്ങുകയാണ്. കൂട്ടത്തിലൊരാൾ വഴിയിൽ, അയാളുടെ വീടിന്റെ സമീപം ഇറങ്ങി. പൊലീസ് സ്റ്റേഷനിലെത്തി യാത്ര പറഞ്ഞിറങ്ങും നേരമാണ് വിജയ ദശമി ആയിട്ടും േസ്റ്റഷൻ വൃത്തിയാക്കാൻ ആളെ കിട്ടിയില്ലെന്ന് ഇവർ കേൾക്കുന്നത്. അങ്ങനെ വീണ്ടും അവർ പൊലീസ് സ്റ്റേഷനകത്തേക്കു ചെല്ലുന്നു – ഇത്തവണ പ്രതികളായിട്ടല്ല, വൃത്തിയാക്കാനായിട്ട്. മറുനാട്ടിലല്ല, സ്വന്തം നാട്ടിൽ. അവർക്ക് പേടിക്കാൻ കാരണമൊന്നുമില്ലായിരുന്നു. എന്നാൽ, പൊലീസ് സ്റ്റേഷനുകളുടെ അകവും അവിടെ നടക്കുന്ന കാര്യങ്ങളും, അതു നാടായാലും മറുനാടായാലും അത്ര വെടിപ്പുള്ളതല്ല എന്ന് അവർക്ക് മനസ്സിലാവുന്നു. സ്റ്റേഷനിൽ വച്ച് ഓഡിറ്റർ കൊല്ലപ്പെടുന്നതിനു അവർ സാക്ഷികളാകുന്നു. എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുണ്ടെങ്കിലും അവർക്കതിനാവുന്നില്ല. ഒരു കെണിയിലെന്ന പോലെ അവർ വളയപ്പെടുന്നു. സ്റ്റേഷനകത്തു നടന്ന കാര്യങ്ങൾ, സത്യങ്ങൾ, പുറം ലോകമറിയരുതെന്ന് നിർബന്ധമുള്ളവർ വ്യാജ ഏറ്റുമുട്ടലിലൂടെ മൂന്നു യുവാക്കളെയും കൊന്നുകളയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
കോയമ്പത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ എം ചന്ദ്രകുമാര്‍ എഴുതിയ ‘ലോക്കപ്പ്’ എന്ന നോവലാണ് വിസാരണൈക്ക് ആധാരം. ഈ ചന്ദ്രകുമാർ ആരായിരുന്നു എന്നറിയുമ്പോഴാണ്, കെട്ടുകഥയുടെയും ഭാവനയുടെയും സിനിമാറ്റിക് ലോകത്ത് നിന്ന് വിസാരണൈ ഞെട്ടിപ്പിക്കുന്ന സത്യമായി മാറുന്നത്.
അന്ന്, ആന്ധ്രയിൽ നിന്ന് ചെന്നൈയിലേക്കു വരുന്ന വഴി, വീടിനടുത്തിറങ്ങിയ സുഹൃത്താണ് ചന്ദ്രകുമാർ. സുഹൃത്തുക്കളുടെ തിരോധാനത്തെക്കുറിച്ചും ഒരുമിച്ചു നേരിടേണ്ടി വന്ന ക്രൂര പൊലീസ് മർദ്ദനങ്ങളെക്കുറിച്ചും ഇടറുന്ന സ്വരത്തിൽ അദ്ദേഹം ഓർത്തെടുക്കുന്നത് സിനിമയ്ക്കൊടുക്കം പ്രേക്ഷകനു കാണാം.
മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കു പുതിയ മാനം കൈവരുന്ന കാലത്ത്, എതിർസ്വരങ്ങളെ അടിച്ചമർത്താൻ പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന ഭരണകൂടങ്ങളുടെ കാലത്ത് വിസാരണൈ ഒരോർമപ്പെടുത്തലായി മാറുന്നുണ്ട്. മറുനാട്ടിലെ ജയിൽമുറികളിൽ ഉരുകിത്തീരുന്ന, ‘തീവ്രവാദ തലകെട്ടുകളായി’ പത്രത്തിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് ആരുമറിയാതെ മായ്ച്ചുകളയപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളുടെ ഓർമപ്പെടുത്തൽ!
ആട്ടക്കത്തി ദിനേഷ്, ആടുകളം മുരുകദോസ്, സമുദ്രക്കനി, കിഷോര്‍ എന്നിവരടങ്ങുന്ന താരനിരയുടെ ഉജ്ജ്വലപ്രകടനവും വിഷയം കൈകാര്യം ചെയ്യുന്നതിൽ സംവിധായകൻ കാണിച്ചിരിക്കുന്ന രാഷ്ട്രീയബോധവും വിസാരണൈയെ വേറിട്ട സിനിമയാക്കി മാറ്റുന്നു.
അന്യ സംസ്ഥാന തൊഴിലാളികളുടെ നിസ്സഹായതയും പരിചയമില്ലായ്മയും മുതലെടുക്കുന്ന, പോലീസ് ഭരണകൂടത്തിന്റെ മര്ദ്ദനോപാധിയാണെന്ന അപ്രിയ സത്യം മറയില്ലാതെ വിളിച്ചുപറയുന്ന സിനിമക്ക് ബോക്സോഫീസിലും നിരൂപണകോളങ്ങളിലും മികച്ച പ്രതികരണമാണ് ലഭിച്ചത്. സമുദ്രക്കനിക്ക് ഈ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. വെനീസ് ചലച്ചിത്രമേളയില്‍ മികച്ച കഥ, തിരക്കഥ, സംവിധാനം, എന്നിവയ്ക്ക് അവാര്‍ഡ് നേടുകയും ചെയ്തു. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് നേടുന്ന ആദ്യ ഇന്ത്യന്‍ ചലച്ചിത്രം എന്ന ഖ്യാതിയും വെട്രിമാരന്റെ വിസാരണൈക്കുണ്ട്.