കങ്കണയെ വിടാതെ പിന്തുടരുന്ന വിവാദങ്ങൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പാലി ഹില്ലിലെ ഓഫീസ് കെട്ടിടം ബിഎംസി പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചാണ് ഒടുവിൽ കങ്കണ എത്തിയിരിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരായ വാക്‌പോര് മുറുകുന്നതിനിടയിലാണ് താരം പുതിയ വിവാദ പരാമർശം നടത്തുന്നത്. ”വീടിനെ അവര്‍ ശ്മശാനമാക്കി. നോക്കൂ എങ്ങനെയാണ് എന്റെ സ്വപ്‌നങ്ങളെ അവര്‍ നശിപ്പിച്ചതെന്ന്. ഇത് ബലാത്സംഗമല്ലേ?” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്. പൊളിച്ചുനീക്കാന്‍ ശ്രമിച്ച കെട്ടിടത്തിന്റെ ചിത്രം പങ്ക് വെച്ചു കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഒരു കെട്ടിടം പൊളിച്ചതിനെ ബലാത്സംഗത്തോട് ഉപമിച്ചത് ശരിയായില്ലെന്ന വാദവുമായി നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
അനധികൃമായി നിര്‍മ്മിച്ച കെട്ടിടമെന്നാരോപിച്ചു കൊണ്ട് കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിച്ചു നീക്കിയത് വന്‍ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു. എന്നാൽ കെട്ടിടം പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്ന് ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ കങ്കണക്കനുകൂലമായി രംഗത്തെത്തി. ശിവസേനയെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് കങ്കണയും രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തി.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതാണ് മഹാരാഷ്ട്ര സർക്കാരുമായുള്ള പോരിന് വഴി തുറന്നത്. കങ്കണയുടെ പ്രസ്താവനക്കെതിരെ ശിവസേന രംഗത്തെത്തിയതോടെ വന്‍ വിവാദമായി. കങ്കണക്കെതിരെ ജയാ ബച്ചനും, ഊർമിള മണ്ഡോത്കറും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തെത്തിയിരുന്നു.