ബോളിവുഡ് നടി കങ്കണ റണൗട്ടിനെ പിന്തുണച്ച് തമിഴ് നടൻ വിശാൽ. കങ്കണയയെ ഭഗത് സിങ്ങിനോട് ഉപമിച്ചാണ് വിശാൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാരും കങ്കണയും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനാണ് വിശാലിന്റെ പിന്തുണ.
”നിങ്ങളുടെ ധൈര്യത്തിന് കൈയടി. ശരിയേത്, തെറ്റേത് എന്ന് പറയാൻ നിങ്ങൾ ഒരിക്കലും രണ്ട് വട്ടം ആലോചിച്ചില്ല. ഇത് നിങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നമല്ല. പക്ഷേ എന്നിട്ടും സർക്കാറിന്റെ കോപത്തെ നിങ്ങൾ ശക്തയായി നേരിട്ടു. അത് അനുകരണീയമാണ്. 1920കളിൽ ഭഗത് സിംഗ് ചെയ്തതിന് തുല്യമാണ് നിങ്ങളുടെ പ്രവൃത്തി. ഒരു സെലിബ്രിറ്റി എന്ന നിലയിൽ മാത്രമല്ല, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിലും എന്തെങ്കിലും തെറ്റ് കണ്ടാൽ സർക്കാറിനെതിരെ പ്രതികരിക്കാൻ നിങ്ങൾ ഒരു ഉദാഹരണമാണ്” എന്നാണ് വിശാൽ ട്വീറ്റ് ചെയ്തത്.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിനെ തുടർന്നാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ ആരംഭിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരിനെതിരേ കടുത്ത വാക് പോരാട്ടമാണ് കങ്കണ നടത്തിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി കങ്കണയുടെ ഘാര്‍ വെസ്റ്റിലുള്ള ഓഫിസ് ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് പൊളിച്ചതോടെയാണ് താരവും ശിവ സേനയുമായുള്ള പോര് മുറുകുന്നത്. എന്നാൽ ഓഫീസ് ഭാഗികമായി മാത്രമേ പൊളിച്ചിരുന്നുള്ളു. കങ്കണ നലകിയ ഹർജിയെ തുടർന്ന് ഓഫിസ് പൊളിക്കുന്നത് ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് കങ്കണയ്ക്ക് സുരക്ഷാഭീക്ഷണി ഉണ്ടെന്ന പരാതിയെ തുടർന്ന് വൈ പ്ലസ് സുരക്ഷ നൽകി.