Cinemapranthan
null

ആൺ സൂപ്പർ താരങ്ങളുടെ കാലത്തെ ഒരേ ഒരു ‘ലേഡി സൂപ്പർ സ്റ്റാർ’; മഞ്ജു ഒരു അനിവാര്യതയാണ്

മഞ്ജുവിന് ശേഷം മലയാളത്തിൽ നിന്നൊരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടാകുമോ ?

null

മലയാള സിനിമയിലെ “ലേഡി സൂപ്പർസ്റ്റാർ” എന്ന വിശേഷണം മഞ്ജു വാര്യർ എന്ന നടിക്കല്ലാതെ പിന്നെ മറ്റാർക്കാണ് നല്കാനാവുക. മലയാളത്തിൽ കാലാകാലങ്ങളോളം നില നിന്ന് പോരുന്ന നായകന്മാർക്ക് മാത്രം നൽകിയിട്ടുള്ള ‘സൂപ്പർ സ്റ്റാർ’ പരിവേഷം ഒരു നായികക്ക് നൽകുന്നത് ഇതാദ്യമാണ്. മഞ്ജുവിന് ശേഷം ഇനി ഒരു നായികക്ക് ഈ താര പദവി കൈമാറി കിട്ടുമെന്നും തോന്നുന്നില്ല. പുരുഷ കേന്ദ്രികൃതമായ സിനിമയിൽ ഇത്തരത്തിൽ ഒരു സൂപ്പർ താര പദവി ഒരു നടി സ്വന്തമാക്കിയതും ഏറെ ശ്രദ്ധേയമാണ്. അതിലുപരി ഒരു ആവശ്യകത തന്നെയാന്നെന്ന് പറയേണ്ടതുണ്ട്.

നടന്മാരുടെ പേരിൽ മാത്രം സിനിമകൾ കച്ചവടമാക്കുന്ന കാലത്താണ്, ഒരു നടിയുടെ പേരിലും സിനിമക്ക് വിപണന സാധ്യതയുണ്ടെന്ന് മഞ്ജു വാര്യർ തെളിയിക്കുന്നത്. എന്ത് കൊണ്ടാണ് മഞ്ജു വാര്യർക്ക് മുൻപ് ഇത്തരത്തിൽ ഒരു ‘സൂപ്പർ താര’ പരിവേഷം മറ്റൊരു നടിയും സ്വന്തമാക്കാതിരുന്നത്?. മഞ്ജുവിന് ശേഷം മലയാളത്തിൽ നിന്നൊരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടാകുമോ ?. സിനിമ പ്രേമികൾ സ്വയം ചോദിക്കേണ്ടൊരു ചോദ്യമാണ്. രണ്ടാം വരവിൽ അമ്മ കഥാപാത്രങ്ങൾ മാത്രം ചെയ്തു ശീലിച്ച നടിമാരിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒരു പുതുവഴി തുറക്കുക തന്നെയായിരുന്നു മഞ്ജു വാര്യർ. മഞ്ജു വാര്യർക്ക് മാത്രമായി സിനിമകൾ ഉണ്ടായി, ഒട്ടേറെ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെട്ടു. മഞ്ജു വാര്യർ എന്ന നടിയിൽ നിന്നും മഞ്ജു വാര്യർ എന്ന താരത്തിലേക്കുള്ള വളർച്ച തന്നെയായിരുന്നു ആ രണ്ടാം വരവ്.

ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ധാരാളം നായികമാർ മലയാളത്തിൽ ഉണ്ട്. എങ്കിലും അന്നും ഇന്നും ഇനി എന്നും മലയാളികളുടെ ഇഷ്ടനായികയായി, ജനപ്രിയനായികയായി, ശക്തയായ നായികയായി മഞ്ജു വാര്യർ മുൻനിരയിൽ തന്നെയാണ്.

“സാക്ഷ്യം” എന്ന ചിത്രത്തിലൂടെ മഞ്ജുവിന്റെ കടന്നു വരവ് മലയാള സിനിമയിലേക്ക് മാത്രമായിരുന്നില്ല.. ഒരായിരം ഹൃദയങ്ങളിലേക്ക് കൂടിയുള്ളതായിരുന്നു.. 1995ൽ ആയിരുന്നു “സാക്ഷ്യം” പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്നൊരു പക്ഷെ മലയാളികൾ ചിന്തിച്ചിട്ടുണ്ടാവില്ല ഇത്രമേൽ ആഴത്തിൽ അവരെ സ്വാധീനിക്കുന്ന ഒരു സ്ത്രീയായിരിക്കും മഞ്ജു എന്ന്. തുടർന്ന് ഇങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങൾ ചെയ്ത് മഞ്ജു വാര്യർ എന്ന പേര് മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.


പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങളിലേക്കൊതുങ്ങാതെ ശക്തമായ സ്ത്രീകഥാപാത്രങ്ങൾ മഞ്ജു വാര്യർ അവതരിപ്പിച്ചു. ഒരുപക്ഷെ അവരിലെ ശക്തയായ സ്ത്രീയെ തന്നെയാവാം നമ്മൾ അതിലൂടെ കണ്ടത്. ഒരു സിനിമയിലെന്ന പോലെ ആദ്യ പകുതിയിൽ അഭിനയ മുഹൂർത്തങ്ങളിലൂടെ മികച്ചു നിന്ന മഞ്ജു ഒരു ഇടവേള എടുത്ത് തിരിച്ചു വന്ന രണ്ടാം പകുതി മുൻപത്തേക്കാൾ ശക്തമായിട്ടായിരുന്നു. ആവേശത്തോടെ സിനിമ കണ്ടിരുന്ന ഒരു പ്രേക്ഷകനെ പോലെ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കാൻ തോന്നിയ നിമിഷങ്ങൾ.. പതിന്നാല് വർഷത്തെ ഇടവേള അത്ര വല്യ മാറ്റങ്ങളൊന്നും നൽകിയിട്ടില്ല “ലേഡി സൂപ്പർ സ്റ്റാറിനും അവരുടെ ആരാധകർക്കും”. പണ്ടത്തേക്കാൾ കൂടുതൽ ഇഷ്ടത്തോടെ ഇരു കൈയും നീട്ടി സ്വീകരിക്കുക തന്നെയായിരുന്നു.

2014 ൽ ‘ഹൌ ഓൾഡ് ആർ യു” എന്ന ചിത്രത്തിലൂടെയുള്ള തിരിച്ചു വരവ് സത്യത്തിൽ ഒരു സൂചന നൽകൽ കൂടിയായിരുന്നു. പ്രായം വെറും നമ്പർ മാത്രമാണ്, മനസിലെ കനൽ കെടാത്തിടത്തോളം അതിങ്ങനെ ആളിക്കത്താൻ കഴിവുള്ളതു തന്നെയാണ് എന്നുള്ള സൂചന! ഇനിയും കനലുകൾ കെടാത്ത കേരളത്തിലെ വീട്ടമ്മമാർക്ക്‌ മഞ്ജുവിന്റെ നിരുപമ പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ഒരു കെടാത്ത നാളം തന്നെയായിരുന്നു. ഒടുവിൽ പുറത്തിറങ്ങിയ ‘പ്രതി പൂവൻ കോഴി’ എന്ന ചിത്രവും മഞ്ജു എന്ന നായികയുടെ കരുത്തിലൂടെ തന്നെയാണ് പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിച്ചതും, വിപണി കണ്ടെത്തിയതും.

ഭദ്ര, ഭാനുമതി, ദേവിക, അഭിരാമി, ദയ, ഉണ്ണിമായ, നിരുപമ, സുജാത ഇവരെല്ലാം നമ്മുടെ ചുറ്റിലും ഇപ്പോഴും ഉള്ളതായി തോന്നുന്നു. മനസ്സിൽ നിന്നങ്ങോട്ടു പോകുന്നില്ല. അത് തന്നെയാണ് മഞ്ജു വാര്യർ എന്ന അഭിനേത്രിയുടെ വിജയവും. 42 ലേക്ക് കടക്കുന്ന മഞ്ജു വാര്യർ തമിഴ് സിനിമയുടെയും ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ആൺ സൂപ്പർ താരങ്ങളുടെ കാലത്ത് മഞ്ജു ഒരു അനിവാര്യതയാണ്. ഇനിയുമേറെ കഥാപാത്രങ്ങൾ മഞ്ജുവിന് മാത്രമായുണ്ടാവുകയും ചെയ്യും. മലയാളത്തിന്റെ ഏക ലേഡി സൂപ്പർ സ്റ്റാറിന് പ്രാന്തന്റെ ജന്മദിനാശംസകൾ.

cp-webdesk

null
null