Cinemapranthan

‘നിങ്ങൾ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നത്’: ദുരനുഭവത്തെപ്പറ്റി വെട്രിമാരൻ

null

ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരിൽ മോശം അനുഭവം നേരിട്ട കഥ പറയുകയാണ് പ്രമുഖ സംവിധായകൻ വെട്രിമാരൻ. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് വെട്രിമാരന്റെ വെളിപ്പെടുത്തൽ. ഹിന്ദി പരിജ്ഞാനമില്ലാത്തതിന്റെ പേരിൽ ചെന്നെെ വിമാനത്താവളത്തിൽ വച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഡി.എം.കെ ലോക്സഭ എം.പി കനിമൊഴി പങ്കുവച്ച ട്വീറ്റ് ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെട്രിമാരൻ തന്റെ അനുഭവം പങ്ക് വെക്കുന്നത്. 2011 ഓഗസ്റ്റിൽ കാനഡയിലെ മോന്‍റ്റീല്‍ ചലചിത്ര മേളയിൽ പങ്കെടുത്തു തിരികെ വരുമ്പോഴാണ് ഡൽഹി വിമാനത്താവളത്തിൽ വെച്ച് വെട്രിമാരന് ദുരനുഭവം നേരിട്ടത്. വെട്രിമാരൻ ചിത്രം ‘ആടുകളം’ ചലചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥനിൽ നിന്നാണ് മോശം അനുഭവം നേരിടേണ്ടി വന്നത്.

“ആടുകളത്തിന്റെ പ്രദർശനം കഴിഞ്ഞ് ഞങ്ങൾ തിരികെ വരികയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വച്ച് ഹിന്ദിയിൽ സംസാരിച്ച ഉദ്യോഗസ്ഥനോട് ഹിന്ദി അറിയില്ലെന്ന് ഞാൻ പറഞ്ഞു. ഇതോടെ രാജ്യത്തിന്റെ മാതൃഭാഷ അറിയാതിരിക്കുന്നത് എങ്ങനെ എന്നായി ഉദ്യോഗസ്ഥന്റെ ചോദ്യം. എന്റെ മാതൃഭാഷ തമിഴ് ആണെന്നും മറ്റുള്ളവരുമായി സംവദിക്കേണ്ടി വരുമ്പോൾ ഇംഗ്ലീഷ് ആണ് ഉപയോഗിക്കാറുള്ളതെന്നും ഞാൻ ഉദ്യോഗസ്ഥനോട് പറഞ്ഞു.

നിങ്ങൾ തമിഴന്മാരും കശ്മീരികളുമാണ് രാജ്യത്തെ വിഭജിക്കുന്നതെന്നാണ് എന്റെ മറുപടി കേട്ട ഉദ്യോ​ഗസ്ഥൻ ദേഷ്യപ്പെട്ടത്. എന്റെ മാതൃഭാഷ സംസാരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ എങ്ങനെ തകർക്കും? എന്റെ മാതൃഭാഷ രാജ്യത്തിന്റെ വികസനത്തിന് എങ്ങനെ തടസ്സമാകും”. വെട്രിമാരൻ പറയുന്നു.

ദേശീയ അവാർഡ് നേടിയയാൾ ആണ് വെട്രിമാരനെന്ന് നിർമ്മാതാവ് കതിരേശനും സംഗീത സംവിധായകൻ ജി വി പ്രകാശും ഉദ്യോഗസ്ഥനെ അറിയിച്ചു. എന്നിട്ടും ഏകദേശം ഒരു മണിക്കൂർ അടുപ്പിച്ചു വിമാനത്താവളത്തിൽ കാത്ത് നിൽക്കേണ്ടി വന്നു വെന്നും വെട്രിമാരൻ പറഞ്ഞു.

cp-webdesk

null