നിരവധി വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിലെ ഇഷ്ടമായികമാരിൽ ഒരാളായ നടിയാണ് വിദ്യ ബാലൻ. സിനിമാ മേഖലയിൽ മുൻ പന്തിയിൽ തന്നെയാണ് വിദ്യയുടെ സ്ഥാനം. ആ നേട്ടങ്ങളിലേക്ക് എത്തിപ്പെടാൻ വിദ്യാ ഒരുപാട് കഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അതിനിടയിൽ താൻ നേരിട്ട അവഹേളനങ്ങളും പരിഹാസങ്ങളും നിരവധിയാണെന്ന് വിദ്യ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് നിര്‍മ്മാതാവ് തന്റെ മുഖത്തുനോക്കി പറഞ്ഞ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുയാണ്. “അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ” എന്ന നിര്‍മ്മാതാവിന്റെ പരാമർശം വിദ്യയെ പൂർണ്ണമായും തകർത്തു കളഞ്ഞു.
‘ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാന്‍ ഭംഗിയില്ലെന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്. ഒരുപാട് കാലം ആ തോന്നല്‍ ഉണ്ടായിരുന്നു. അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ ഇന്ന് എനിക്ക് സന്തോഷമുണ്ട്., ഞാന്‍ എങ്ങനെയാണോ ആ രീതിയില്‍ എന്നെ ഇഷ്ടപ്പെടാന്‍ പഠിച്ചിരിക്കുന്നു.’ വിദ്യാ ബാലന്‍ പറഞ്ഞു. ഇത്തരം അനുഭവങ്ങൾ വിദ്യ ബാലനെ തമിഴ് ചിത്രങ്ങൾ ചെയ്യുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ പ്രേരിപ്പിച്ചു. എന്നാൽ ഒരു അനുഭവം കൊണ്ട് സിനിമാ ഇൻഡസ്ട്രി വേണ്ടെന്ന് വയ്ക്കേണ്ട ആവിശ്യമില്ലെന്നു താൻ മനസിലാക്കിയെന്നും ഒരു തമിഴ് പെൺകുട്ടിയായ താൻ തമിഴ് സിനിമ എത്ര നാൾ ചെയ്യാതിരിക്കുമെന്നും വിദ്യ പറഞ്ഞു.
വിവാഹത്തിന് ശേഷവും ബോളിവുഡിൽ സജീവമായിരുന്ന വിദ്യ ബാലന്റെ ഏറ്റവുമൊടുവിൽ ഇറങ്ങിയ ചിത്രമാണ് ‘ശകുന്തള ദേവി’. ലോക്ഡൗണ്‍ സമയത്ത് ഒടിടി പ്ലാറ്റ്‌ഫോം വഴിയായിരുന്നു സിനിമയുടെ റിലീസ്. ബയോപിക്കുകൾ ചെയ്യാൻ ആണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് പറഞ്ഞ വിദ്യ ഇതിനോടകം ഒന്നിലധികം ബയോ പികുകളിൽ അഭിനയിച്ചു കഴിഞ്ഞു. സിൽക്ക് സ്മിതയുടെ ജീവിതം പറഞ്ഞ ‘ഡേർട്ടി പിക്ചർ’ ദേശീയ പുരസ്കാരം വരെ നേടി കൊടുത്തു വിദ്യക്ക്. കരിയറിൽ വലിയൊരു വഴിത്തിരിവായി മാറിയ ചിത്രമായിരുന്നു ഇത്. തുടർന്ന് നിരവധി ശ്രേദ്ധേയ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ മുൻനിരയിൽ എത്തുകയായിരുന്നു വിദ്യ ബാലൻ.