പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ഒരു ഇന്ത്യൻ പ്രണയകഥ’യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. തുടർന്ന് ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.
പ്രിയ താരം ഇന്ന് ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുകയായാണ്. പൊരുത്തപ്പെടാവുന്ന സിനിമകൾ മാത്രമേ താൻ ഇതുവരെ ചെയ്തിട്ടുള്ളൂ എന്ന് പറയുകയാണ് താരം. കൂടാതെ ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളു എന്നും പറയുന്ന താരം. ജാതി മത ചിന്തകളെ കുറിച്ചും തുറന്ന് സംസാരിച്ചു.
“എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ വളർത്തൂ. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ചേർക്കൂ” – അനു സിത്താര പറയുന്നു
‘അച്ഛനും അമ്മയും മിശ്രവിവാഹിതരായിരുന്നു,
ജാതിയും മതത്തിനുമപ്പുറം പരസ്പരമുള്ള സ്നേഹവും വിശ്വാസവുമാണ് ഏറ്റവും പ്രധാനമെന്നാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്.
മുസ്ളിം പള്ളിയിലും ക്രിസ്ത്യൻ പള്ളിയിലും അമ്പലങ്ങളിലുമൊക്കെ ഞാൻ പോകാറുണ്ട്. ആരാധനാലയങ്ങൾ ഏറ്റവുമധികം പോസിറ്റീവ് എനർജി കിട്ടുന്ന സ്ഥലമാണ്. ഏറ്റവും നല്ല മനസുമായാണ് എല്ലാവരും അവിടേക്ക് വരുന്നത്. ആ പോസിറ്റീവ് എനർജി നമ്മളിലേക്കും പകരും.
എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ ആ കുഞ്ഞിനെ വളർത്തൂ. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലേ ഞാനെന്റെ കുഞ്ഞിനെ ചേർക്കൂ.
പതിനെട്ട് വയസ് കഴിഞ്ഞ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ ഏതെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്.‘– അനു സിത്താരയുടെ വാക്കുകൾ.
കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ തുറന്ന് പറച്ചിൽ. “പൊരുത്തപ്പെടാനാവുന്ന സിനിമകളെ ഞാൻ ചെയ്യൂ. ആദ്യംമുതലേ എനിക്ക് ചേരുന്ന കോസ്റ്റ്യൂമുകളേ ഞാൻ ധരിക്കാറുള്ളു. ഒരു കോസ്റ്റ്യൂമിട്ടിട്ട് എനിക്ക് തന്നെ എന്നെ കാണാൻ ഭംഗി തോന്നിയില്ലെങ്കിൽ മറ്റുള്ളവർക്ക് എന്ത് തോന്നും. എനിക്ക് മാത്രമല്ല അതിന്റെ സംവിധായകനും കോസ്റ്റ്യുമർക്കുമെല്ലാം ചീത്തപ്പേരാണ്.
അങ്ങനെ ചേരാത്ത ഒരു വേഷമിട്ട് അഭിനയിക്കുമ്പോൾ നമ്മൾ ഒട്ടും കംഫർട്ടബിളായിരിക്കില്ല. അത് പെർഫോമൻസിനെയും സെറ്റിലെ അന്തരീക്ഷത്തെയുമെല്ലാം ബാധിക്കും.
കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഞാൻ വാശി പിടിക്കാറൊന്നുമില്ല. പറ്റില്ലെങ്കിൽ ചെയ്യില്ലാന്നേ പറയാറുള്ളൂ.
മാമാങ്കത്തിൽ ഞാൻ ചെറിയ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കോസ്റ്റ്യുംസിന്റെ കാര്യത്തിൽ ഒരാശയക്കുഴപ്പം വന്നപ്പോൾ ഞാനത് തുറന്ന് പറഞ്ഞു. അവരത് മാനേജ് ചെയ്തു. മാമാങ്കം ഒരു വലിയ സിനിമയല്ലേ. കുറേക്കാലം കഴിയുമ്പോൾ അത്തരമൊരു ബിഗ് ബഡ്ജറ്റ് മൂവിയുടെ ഭാഗമായിരുന്നു ഞാനുമെന്ന് എനിക്ക് അഭിമാനത്തോടെ പറയാമല്ലോ” – അനു സിത്താര കൂട്ടി ചേർത്തു.