ഇന്ദ്രൻസ് നായകനാകുന്ന ആദ്യ കമേഴ്സ്യൽ ചിത്രം വരുന്നു. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമ്മാണം. ഫിലിപ്സ് ആന്റ് ദ മങ്കിപ്പെന്നിന്റെ സംവിധായകരിൽ ഒരാളായ റോജിൻ തോമസാണ് ചിത്രത്തിന്റെ തിരക്കഥ – സംവിധാനം. വിജയ് ബാബു തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓണം കഴിഞ്ഞ് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ സംഗീതം രാഹുൽ സുബ്രഹ്മണ്യനാണ്. ഛായാഗ്രഹണം നീൽ ഡിക്കൂഞ്ഞ.
ഹാസ്യനടനായും,സഹനടനായും അഭിനയ ജീവിതം ആരംഭിച്ച ഇന്ദ്രൻസ് നിരവധി കാരക്ടർ റോളുകളും ചെയ്ത് ശ്രദ്ധ നേടി. 2017ലെ ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് ആദ്യ സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. 2019ൽ ഇറങ്ങിയ വെയിൽ മരങ്ങൾ എന്ന ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്രമേളകളിലും ശ്രദ്ധിക്കപ്പെട്ടു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഈ സിനിമയ്ക്കു ലഭിച്ചത്.