Cinemapranthan

ഒരു മാസ്സ് മസാല കൊമേർഷ്യൽ സിനിമ, ഖലീഫ ഞങ്ങൾ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമ: പൃഥ്വിരാജ്

പൃഥ്വിരാജിനൊപ്പം അതിഥി വേഷത്തിൽ മോഹൻലാലും; രണ്ടാം ഭാഗത്തിൽ ലാലേട്ടൻ നായകൻ!

മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്-വൈശാഖ് കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം വരും ഓഗസ്റ്റ് 20-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന പവർഫുൾ കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിൽ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായി മെഗാസ്റ്റാർ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

താൻ വളരെയധികം ആസ്വദിച്ച് ചെയ്ത സിനിമയാണ് ഖലീഫയെന്ന് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. “ഒരു മെയിൻസ്ട്രീം മാസ്സ് മസാല കൊമേർഷ്യൽ സിനിമയൊരുക്കാൻ വളരെയധികം പാടാണ്. അത്തരം ഒരു ഴോണറിൽ ഒരു വലിയ സിനിമ ചെയ്തു, ഞങ്ങൾ എല്ലാവരും സ്വപ്നം കണ്ട പോലെ, എങ്ങനെ എടുക്കണം എന്ന് ആഗ്രഹിച്ചോ അതുപോലെ തന്നെ എടുത്ത് ഇന്നിവിടെ നിൽക്കുമ്പോൾ ഒരുപാട് സന്തോഷം. എല്ലാവരും ഫാമിലിയോടൊപ്പം പോയി ചിത്രം കാണണം,” – പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകൻ! രണ്ട് ഭാഗങ്ങളായി പ്ലാൻ ചെയ്തിരിക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ തന്നെയാകും നായകനായെത്തുക. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജും രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിലുണ്ടാകും. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ തുടങ്ങിയ വമ്പൻ ലൊക്കേഷനുകളിലായി ചിത്രീകരിച്ച സിനിമയിൽ ത്രസിപ്പിക്കുന്ന ആക്ഷൻ-ചേസ് രംഗങ്ങളാണ് അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.

‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു വി. എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിജോ സെബാസ്റ്റ്യനാണ് സഹനിർമ്മാതാവ്. ജിനു എബ്രഹാമിന്റെ തിരക്കഥയിൽ പൃഥ്വിരാജ് നായകനാകുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് ഖലീഫ. ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഖലീഫ ഓഗസ്റ്റിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്നുറപ്പാണ്.

cp-webdesk

null