Cinemapranthan

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു; വിങ്ങിപ്പൊട്ടി സിനിമാലോകം, കണ്ണീരോടെ സുരേഷ് ഗോപിയും മോഹൻലാലും

അടൂരിൽ നടന്ന വാഹനാപകടത്തിൽ നടൻ സന്തോഷ് കെ. നായർ അന്തരിച്ചു; സുരേഷ് ഗോപിയും മോഹൻലാലും അനുശോചനം രേഖപ്പെടുത്തി.

മലയാള ചലച്ചിത്ര രംഗത്തെ മുതിർന്ന നടൻ സന്തോഷ് കെ. നായർ (64) വാഹനാപകടത്തിൽ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്തുവെച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷ് കെ. നായരുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇടിഞ്ഞുകയറിയ കാർ വെട്ടിപ്പൊളിച്ചാണ് നാട്ടുകാർ സന്തോഷിനെയും ഭാര്യയെയും പുറത്തെടുത്തത്. ഉടൻ തന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

അനുശോചനവുമായി സുരേഷ് ഗോപിയും മോഹൻലാലും: സന്തോഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. “വാക്കുകൾക്ക് അപ്പുറമാണ് ഈ ശൂന്യത” എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വെറുമൊരു സുഹൃത്തിനപ്പുറം ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായിരുന്നു അദ്ദേഹം എന്ന് സുരേഷ് ഗോപി അനുസ്മരിച്ചു.

കോളേജ് കാലം മുതലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ചാണ് മോഹൻലാൽ പങ്കുവെച്ചത്. “കോളേജിൽ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം. ഒട്ടനവധി സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്,”- മോഹൻലാൽ കുറിച്ചു.

1982-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമയിലെത്തിയത്. ‘ഇരുപതാം നൂറ്റാണ്ട്’ ഉൾപ്പെടെ നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും ഹാസ്യനടനായും തിളങ്ങി. ‘മോഹിനിയാട്ടം’ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

cp-webdesk

null