ചെറുപ്പത്തിൽ തന്റെ ശബ്ദത്തിന്റെ പേരിൽ നേരിട്ട പരിഹാസങ്ങളെയും ജീവിതത്തിലെ പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് ദുബായിലെ മലയാളി റേഡിയോ രംഗത്തെ മുൻനിരക്കാരനായി മാറിയിരിക്കുകയാണ് ആർജെ അക്ഷയ് ഉത്തമൻ. 1994-ൽ ചെങ്ങന്നൂരിൽ ജനിച്ച അക്ഷയ്, നൃത്തത്തിലൂടെയാണ് കലാരംഗത്ത് തുടക്കമിട്ടത്. അമൃത ടിവിയിലെ ‘സൂപ്പർ ഡാൻസർ ജൂനിയർ’ ഉൾപ്പെടെയുള്ള പരിപാടികളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചെങ്കിലും, “പാറയിൽ ഉരയ്ക്കുന്ന ശബ്ദം” എന്നൊക്കെയുള്ള പരിഹാസങ്ങൾ കാരണം മൈക്കിന് മുന്നിൽ സംസാരിക്കാൻ അദ്ദേഹം ഏറെ ഭയപ്പെട്ടിരുന്നു. അഭിനയമോഹവുമായി സിനിമയിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും പല ഓഡിഷനുകളിലും പരാജയപ്പെട്ടതോടെ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം അക്ഷയ് പ്രവാസലോകത്തേക്ക് ചേക്കേറി.
2018-ൽ വെറും 1000 ദിർഹവുമായി ദുബായിലെത്തിയ അക്ഷയുടെ ജീവിതം തുടക്കത്തിൽ ഏറെ കഠിനമായിരുന്നു. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ ജോലി ചെയ്തിരുന്ന കാലത്തെ ശമ്പളമില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും അദ്ദേഹത്തെ തളർത്തിയെങ്കിലും, പ്രിയതമ ആക്സയുടെയും സുഹൃത്തുക്കളുടെയും പിന്തുണ കരുത്തായി. ഈ സമയത്താണ് മൊബൈൽ ഫോണിൽ വീഡിയോകൾ ചെയ്ത് അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഒരിക്കൽ തന്നെ തളർത്തിയ അതേ ശബ്ദത്തിൽ സംസാരിച്ചു തുടങ്ങിയ വീഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചതോടെയാണ് റേഡിയോ മേഖലയിലേക്ക് കടന്നുവരാൻ അക്ഷയ്ക്ക് പ്രചോദനമായത്. ആർജെ സിന്ധു ബിജു നൽകിയ അവസരത്തിലൂടെ റേഡിയോ ഏഷ്യയിൽ ആരംഭിച്ച ആ കരിയർ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു.
ഇന്ന് ഹോം എഫ്എം (Home FM) ലെ പ്രമുഖ അവതാരകനായ അക്ഷയ്, മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ അഭിമുഖം ചെയ്യുന്നതിനൊപ്പം ഏഷ്യാനെറ്റ്, ഫ്ളവേഴ്സ് ടിവി തുടങ്ങിയ പ്രമുഖ ചാനലുകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 2026-ലെ ജിസിപി ഗ്രൂപ്പിന്റെ യുഎഇ എക്സലൻസ് അവാർഡിൽ “ബെസ്റ്റ് റേഡിയോ പേഴ്സണാലിറ്റി” പുരസ്കാരം നേടിയത് അക്ഷയുടെ കരിയറിലെ സുവർണ്ണ നേട്ടമായി മാറി. പരിഹസിക്കപ്പെട്ട ശബ്ദത്തെ തന്നെ തന്റെ വിജയത്തിന്റെ അടയാളമാക്കി മാറ്റിയ അക്ഷയ് ഉത്തമൻ, സ്വപ്നങ്ങളിലേക്ക് നടന്നു കയറുന്ന ഏതൊരു യുവാവിനും ഇന്ന് വലിയൊരു പ്രചോദനമാണ്.










