പെരുമ്പളം പാലത്തെ കുറിച്ച് മമ്മൂട്ടി
പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പെരുമ്പളം പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറന്നുനൽകുന്നു. ആലപ്പുഴ ജില്ലയിലെ ഈ ഒറ്റപ്പെട്ട തുരുത്തിനെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം നാടിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്. പദ്ധതി യാഥാർത്ഥ്യമായതിൽ ഹൃദ്യമായ ആശംസകളുമായി മെഗാസ്റ്റാർ മമ്മൂട്ടി രംഗത്തെത്തിയിട്ടുണ്ട്.

രണ്ടു കരകൾ കൈകോർക്കുമ്പോൾ മാറുന്നത് വെറും ദൂരമല്ല, മറിച്ച് ഒരു ജനതയുടെ ജീവിതമാണെന്ന് മമ്മൂട്ടി തന്റെ സന്ദേശത്തിൽ ഓർമിപ്പിച്ചു. തന്റെ ജന്മനാടായ ചെമ്പിന്റെ അയൽപക്കത്തുള്ള പെരുമ്പളത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച അദ്ദേഹം, ആശുപത്രിയിലെത്താൻ വൈകുന്ന ആകുലതകളും ജോലിക്കും വിവാഹാലോചനകൾക്കും ദൂരം വില്ലനാകുന്ന നിമിഷങ്ങളും ഇനി അവസാനിക്കുകയാണെന്ന് കുറിച്ചു. സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് പരിഹാരം കാണുന്നതാണ് യഥാർത്ഥ വികസനമെന്നും, പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾ പോലെ പെരുമ്പളം നിവാസികളുടെ ജീവിതത്തിലും സന്തോഷം വിരിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കേരളത്തിലെ കായലുകൾക്ക് കുറുകെ നിർമ്മിച്ചിട്ടുള്ള ഏറ്റവും നീളമേറിയ പാലങ്ങളിൽ ഒന്നാണ് പെരുമ്പളം പാലം. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഈ പാലത്തിന് 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. കരയിലെ തൂണുകൾ ഉൾപ്പെടെ ആകെ 34 തൂണുകളിലായാണ് പാലം നിലകൊള്ളുന്നത്. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതകളും രണ്ടുവരി ഗതാഗതത്തിനായി 7.5 മീറ്റർ വീതിയുള്ള റോഡും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ദേശീയ ജലപാത കടന്നുപോകുന്ന ഭാഗമായതിനാൽ വലിയ ബോട്ടുകൾക്കും യാനപ്പാത്രങ്ങൾക്കും തടസമില്ലാതെ സഞ്ചരിക്കാനായി മധ്യഭാഗത്ത് മനോഹരമായ ബോസ്ട്രിങ് ആർച്ച് (Bowstring Arch) മാതൃകയിലാണ് പാലത്തിന്റെ രൂപകല്പന. വടുതല, പെരുമ്പളം ഭാഗങ്ങളിലായി 300 മീറ്റർ വീതം സമീപന റോഡുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. പാലം യാഥാർത്ഥ്യമാകുന്നതോടെ മേഖലയിലെ വിദ്യാഭ്യാസ, ആരോഗ്യ, വിനോദസഞ്ചാര രംഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






