ഏറ്റവും പ്രിയപ്പെട്ട ചിത്രമേതെന്ന മോഹൻലാലിന്റെ ചോദ്യത്തിനുത്തരമായി കഴിഞ്ഞ ദിവസത്തെ ടെലിവിഷൻ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘അമൃതം ഗമയ’ എടുത്തു പറഞ്ഞിരുന്നു…അതിന്റെ ഭാഗമായി വന്ന ഹരിഹരന്റെ പ്രതികരണം ഇപ്പോൾ ചർച്ചയാവുന്നത്.

മമ്മൂട്ടിയെയാണ് നായകനായി എം.ടി. ആദ്യം മനസിൽ കണ്ടിരുന്നതെന്ന് ഹരിഹരൻ. ‘മോഹൻലാലിന്റെ പേർ നിർദ്ദേശിച്ചത് ഞാനാണ്. അൽപ്പം വികൃതിയും കുസൃതിയും കുന്നായ്മയുമൊക്കെയുള്ള ഒരു റാഗിങ് വീരനായി മമ്മൂട്ടിയെ അദ്ദേഹത്തിന്റെ ആരാധകർ സ്വീകരിക്കണമെന്നില്ല. അത്തരമൊരു പോക്കിരിയുടെ റോൾ കൂടുതൽ ഇണങ്ങുക ലാലിനാണ് എന്ന് തോന്നി. നമ്മുടെയൊക്കെ സ്വന്തക്കാരനായ ഒരു വികൃതിപ്പയ്യന്റെ ലുക്ക് ഉണ്ടല്ലോ അക്കാലത്തെ ലാലിന്. എം.ടിക്കും ആ നിർദ്ദേശം എളുപ്പം ഉൾക്കൊള്ളാനായി. ഇന്ന് കാണുമ്പോഴും ആ വേഷത്തിൽ ലാലിനെയല്ലാതെ മറ്റൊരാളെ സങ്കല്പിക്കാനാവില്ല’.

‘അമൃതം ഗമയ’ ഒരിക്കൽ കൂടി വാർത്തയിൽ നിറയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലൂടെയാണെന്നത് കൗതുകകരമായി തോന്നാം. ‘സാമൂഹികപ്രതിബദ്ധതയുള്ള ഒരു കഥാപാത്രം അങ്ങയുടേത് തന്നെ എന്നാണ് എനിക്ക് തോന്നുന്നത്’, മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അഭിമുഖത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. ‘മെഡിക്കൽ വിദ്യാർഥിയായി വരുന്ന നിങ്ങൾ പിന്നീടൊരു ഘട്ടത്തിൽ മാതൃകാ ഡോക്ടറായി മാറുന്നു. ധാരാളം നഷ്ടങ്ങൾ സംഭവിക്കുന്നുണ്ട് ജീവിതത്തിൽ. എന്നാൽ, അതൊന്നും മുഖവിലക്കെടുക്കാതെ സ്വന്തം ആശയത്തിൽ തന്നെ നിങ്ങൾ ഉറച്ചുനിൽക്കുന്നു. സാമൂഹികപ്രതിബദ്ധതയുള്ള വേഷമായിരുന്നു അത്.’






