സനൽകുമാർ പദ്മനാഭൻ എഴുതുന്നു.. തന്റെ കഥ അച്ചടിച്ചു വന്ന വാരികയുമായി മാതൃഭൂമി ഓഫിസിലേക്ക് കയറി ചെന്ന് എഡിറ്ററുമായി സംസാരിക്കുമ്പോൾ ആ കൗമാരകാരന്റെ ആവശ്യം
” കഴിഞ്ഞ ആഴ്ച അച്ചടിച്ചു വന്ന തന്റെ കഥക്ക് പ്രതിഫലം എന്തെങ്കിലും കിട്ടുമോ എന്നറിയുകയായിരുന്നു “

എഡിറ്റർ കഥ നോക്കിയ ശേഷം ഓഫിസ് സ്റ്റാഫിനോട് സംസാരിച്ചു റെസീത് ഒപ്പിട്ടു നൽകിയത് രണ്ട് കഥകൾക്കുള്ള ക്യാഷ് ആയിരുന്നു….!!
“ഇതെന്താണ് സാർ രണ്ട് കഥകളുടെ ക്യാഷ് ഉണ്ടല്ലോ? “
എന്ന് ഒരല്പം അത്ഭുതത്തോടെ അയാൾ ചോദിക്കുമ്പോൾ
” അതെ രണ്ടെണ്ണത്തിന്റെ ക്യാഷ് ഉണ്ട് ഒരെണ്ണം അച്ചടിച്ചു വന്നത്, ഒരെണ്ണം അച്ചടിച്ചു കൊണ്ടിരിക്കുന്നത്! അടുത്ത ആഴ്ചയിലും നിന്റെ കഥ ഉണ്ടാകും…. അപ്പോൾ അതിന്റെ ക്യാഷ് വാങ്ങാൻ നീ ബുദ്ധിമുട്ടി ഇത്രേടം വരേണ്ടതില്ല ആ നേരം കൊണ്ടു വല്ലതും എഴുതുവാൻ നോക്കു “
എന്നായിരുന്നു എഡിറ്ററുടെ മറുപടി……!!
താൻ എഴുത്തിൽ മാനസ ഗുരു ആയി കാണുന്ന ആ എഡിറ്ററുടെ വാക്കുകൾ കേട്ടു സന്തോഷത്തോടെ തിരിച്ചിറങ്ങി എഴുത്തുകൾ കൊണ്ടു തന്റെ സാന്നിധ്യം അക്ഷര ലോകത്ത് പതിപ്പിക്കുവാനുള്ള ഒരു മനുഷ്യന്റെ പരിശ്രമങ്ങൾ അവിടെ തുടങ്ങുകയായിരുന്നു….
കഥകളും, നോവലുകളും എഴുതിയെഴുതി അയാൾ നടന്നെത്തിയത് സിനിമാ തിരക്കഥയെഴുത്തിന്റെ ലോകത്തേക്കായിരുന്നു……
മലയാളി പ്രേക്ഷകർ അന്നോളം കാണാത്ത കാഴ്ചകളും, കേൾക്കാത്ത പ്രയോഗങ്ങളും, അനുഭൂതികളും അയാളുടെ വരികളിലൂടെ അവർ അനുഭവിക്കുകയാണ്……!
കുട്ടികളെ സ്നേഹിച്ച കുട്ടിചാത്തന്റെയും ,ചാത്തനെ പിന്തുടർന്ന ദുര്മന്ത്രവാദിയുടെയും കഥ പറഞ്ഞ മൈ ഡിയർ കുട്ടിച്ചാത്തൻ ….
അലീനയെന്ന വിധവയുടെയും അവരുടെ നാല് വയസുള്ള മകളുടെയും ജീവിതത്തിലേക്ക് ടെലിഫോണിലൂടെ ശബ്ദം കൊണ്ട് കടന്നു വന്ന “ടെലിഫോൺ അങ്കിളിന്റെയും ” കഥ പറഞ്ഞ ഒന്ന് മുതൽ പൂജ്യം വരെ ..
ഭാസ്കര തട്ടാന്റെയും സ്നേഹലതയുടെയും പിന്നെ പത്തു പവന്റെ നെക്ലേസിന്റെയും ” ചതിയുടെയും ” കഥ പറഞ്ഞ പൊന്മുട്ടയിടുന്ന താറാവ് !
അമ്മിണികുട്ടിയെ കെട്ടാനായി സുഹൃത്ത് കുഞ്ഞിക്കാദര് ജോലി ചെയ്യുന്ന പഴനിയിലെ ലെതർ ഫാക്ടറിയിൽ പോയി ബാർബർ ആയി മാറേണ്ടി വന്ന വേലായുധൻകുട്ടിയുടെ കഥ പറഞ്ഞ മഴവിൽ കാവടി…
അമ്മയില്ലാത്ത കുഞ്ഞിനേയും കൊണ്ട് ഒറ്റക്കുള്ള ഡോക്ടർ അനിരുദ്ധന്റെ ജീവിതവും , അയാളുടെ ജീവിതത്തിലേക്ക് കടന്നു വന്ന രാധ ദേവിയുടെയും ശിവന്റെയും കഥ പറഞ്ഞ എന്നും നന്മകൾ !
ഒരു ടൂറിസ്റ്റ് ബസ് മാനേജർ സുധാകരന്റെ ജീവിതത്തിലേക്ക് ഭാര്യയായി , ഒരു പെട്ടി നിറയെ കുട്ടികളുടെ മനസുമായി കടന്നു വന്ന ഹൃദയകുമാരിയുടെ കഥ പറഞ്ഞ കടിഞ്ഞൂൽ കല്യാണം !
മേലേപ്പറമ്പിലെ ആൺവീടിലേക്കു , പൊള്ളാച്ചി കൗണ്ടറുടെ മകളെ വിവാഹം കഴിച്ചു, അവളെ വേലക്കാരിയായി വേഷം കെട്ടിച്ചു കൊണ്ട് വന്നു , വന്ന ഹരികൃഷ്ണന്റെയും ഭാര്യ പവിഴത്തിന്റെയും ,ചേട്ടന്മാരുടെയും കഥ പറഞ്ഞ മേലേപ്പറമ്പിൽ ആൺവീട് !
അച്ഛന്റെ ജീവനേക്കാൾ വിലയുണ്ട് അച്ഛന്റെ പേരിലെ ഇൻഷുറൻസ് തുകക്ക് എന്ന കഥ പറഞ്ഞ സന്താനഗോപാലം !
അപരിചിതൻ ആയ വഴിപോക്കൻ കുമാരേട്ടന്റെ ഒരു കത്തിന്റെ പിറകെ , അയാളുടെ ശത്രുക്കളെ തേടി പോയ ക്യാപ്റ്റൻ വിജയ് മേനോന്റെയും പൂച്ചക്കണ്ണൻ വില്ലന്റെയും കഥ പറഞ്ഞ പിൻഗാമി !
ഒരു ഡോക്റ്ററെ ഭാര്യയാക്കാൻ ആഗ്രഹിച്ച സിദ്ധാർത്ഥന്റെയും , അയാളുടെ ഭാര്യ ആയ മൃഗ ഡോക്ടർ അമ്മുക്കുട്ടിയുടെയും കഥ പറഞ്ഞ വധു ഡോക്ടറാണ് !
നാട്ടുമ്പുറത്തുകാരി മായാ സുരേന്ദ്രൻ ,ബോംബെ കാരി മനസേശ്വരീ ഗുപ്ത ആയ കഥ പറഞ്ഞ മംഗലം വീട്ടിൽ മാനസേശ്വരീ ഗുപ്ത !
നാരായണൻ മാസ്റ്ററുടെയും മകൻ ദിനകന്റെയും ജീവിതവും , കുറുപ്പന്മാരുമായുള്ള പ്രശ്നനങ്ങളുടെയും കഥ പറഞ്ഞ വിസ്മയം !
“സെവൻ ബെല്സ്” എന്ന സംഗീത ഉപകരണം വായിച്ചു എന്ന, ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിച്ച വിശാൽ കൃഷ്ണമൂർത്തിയുടെയും , ആൻജെലിന ഇഗ്നേഷ്യസിന്റെയും അന്ധഗായകന്റെയും കഥ പറഞ്ഞ ദൈവദൂതൻ !
ദേശീയ അവാർഡുകളുടെ നേരെ പേര് രേഖപ്പെടുത്തിയ മൂന്നു ചിത്രങ്ങളുടെ ( പിറവി , സ്വം , വാനപ്രസ്ഥം ) തിരക്കഥാരചനയിൽ പങ്കാളി!..
എന്നിങ്ങനെ ഒരിക്കൽ തന്നെ ആശിർവദിച്ച, തന്റെ മാനസ ഗുരുവിന്റെ വാക്കുകൾ അന്വർത്തമാക്കികൊണ്ട് അയാൾ എഴുതികൊണ്ടേയിരുന്നു.,….
കൂടെ ഒന്നു മുതൽ പൂജ്യം വരെ, വിസ്മയം എന്നീ ചിത്രങ്ങളുടെ സംവിധാനവും…..!
പിന്നെ ചെറിയ ചെറിയ വേഷങ്ങളിൽ സിനിമകളിൽ മുഖം കാണിക്കലും…..
രഘുനാഥ് പലേരി ❤️
പ്രിയ രഘുനാഥ് പലേരി സാർ , എഴുത്തുകളോട് അകലം പാലിച്ചു കൊണ്ടു കഴിഞ്ഞ 20 ഓളം വർഷങ്ങൾക്കിടയിൽ വെറും രണ്ട് തിരകഥകൾ മാത്രം എഴുതിയ നിങ്ങളെ കാണുമ്പോൾ ” നിങ്ങൾക്കെന്തു പറ്റി മാഷേ ” എന്ന് നിങ്ങളോട് മനസ് കൊണ്ടു ചോദിച്ചവരാണ് ഞങ്ങളേറെയും……
നിങ്ങളുടെ മാനസ ഗുരുവായ ശ്രീ എം ടി വാസുദേവൻ സാർ ഒരിക്കൽ മാതൃഭൂമി ഓഫിസിൽ വച്ചു പറഞ്ഞ
” ആ നേരം കൊണ്ടു വല്ലതും എഴുതു “
എന്നത് അനുസരിച്ചു ആ ഹൃദയത്തിലുള്ള
ഒരായിരം കഥകളുടെ ഉറവകളെ
അക്ഷരങ്ങളായി വെള്ളപേപ്പറിലേക്കു അരുവിയെന്ന പോൽ ഒഴുക്കി വിട്ടു കൂടെ?
ആ കൈകളിൽ നിന്നും ഒഴുകി വരുന്ന വാക്കുകളുടെ അരുവിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എത്രയോ പേര് ഇന്നും ഉണ്ടെന്നോ !






