സനൽകുമാർ പദ്മനാഭൻ എഴുതുന്നു..
യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്നും ജേർണിലിസത്തിൽ മാസ്റ്റർ ഡിഗ്രി എടുത്ത ശേഷം മാഗസിനുകളിലും പബ്ലിക്കേഷനുകളിലും റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നതിനിടെ, ചിത്രഭൂമിക്ക് വേണ്ടിയൊരു ഇന്റർവ്യൂ ചെയ്യുവാനായി ഒരാൾ ഷാജി കൈലാസിനെ കാണുവാനായി പോകുകയാണ്.

ഇന്റർവ്യൂ വിനിടെ അയാളുടെ ഭാഷയും, സംസാര രീതിയും ശ്രദ്ധിച്ച ഷാജി അയാളോട് ചോദിക്കുകയാണ് ” നിങ്ങൾ ഒരു തിരക്കഥ എഴുതുകയാണെങ്കിൽ നമുക്കത് സിനിമയാക്കാം എന്ന്”
ഷാജിയുടെ വാക്കുകൾ മനസ്സിൽ തട്ടി പേനയും പേപ്പറുമെടുത്ത് എഴുതുവാനിരുന്ന അയാൾ, പിന്നീട് ഷാജിയെ കാണുവാൻ ചെല്ലുമ്പോൾ കയ്യിൽ എഴുത്ത് പൂർത്തിയായൊരു തിരക്കഥയുണ്ടായിരുന്നു.
ഒരു ഗ്രാമത്തിലേക്ക് മൃഗ ഡോക്ടറായി വേഷം മാറിയെത്തുന്ന കള്ളന്റെ കഥ പറഞ്ഞ ആ തിരക്കഥ ഡോക്ടർ പശുപതി എന്ന പേരിൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുകയാണ്……
ബോക്സ് ഓഫിസിൽ ഹിറ്റ് ചാർട്ടിലേക്ക് ഇടിച്ചു കയറുകയും….!
എഴുതിയ ആദ്യ ചിത്രം തന്നെ ഹിറ്റ് ചാർട്ടിൽ കയറിയതിന്റെ ആവേശത്തിൽ,
” ഇനി സിനിമയിൽ എഴുത്ത് കൊണ്ടു ജീവിക്കാം”
എന്ന് കരുതി ഉണ്ടായിരുന്ന ജോലി റിസൈൻ ചെയ്തു, സംവിധായകൻ ജയരാജിന് വേണ്ടിയെഴുതിയ രണ്ടാമത്തെ ചിത്രം ( ആകാശകോട്ടയിലെ സുൽത്താൻ ) വേണ്ടത്ര ശ്രദ്ധിക്കാതെ പോയതോടെ, എടുത്തു ചാടി ജോലി കളഞ്ഞത് മണ്ടത്തരമായിപ്പോയി സിനിമ എഴുത്ത് തനിക്ക് പറ്റിയ പണിയല്ലെന്നു മനസിലാക്കി വീണ്ടും തന്റെ റിപ്പോർട്ടർ ജോലിയിലേക്ക് മടങ്ങുവാൻ തുടങ്ങുന്ന അയാളുടെ മുന്നിൽ വീണ്ടും ഷാജി പ്രത്യക്ഷ്യപെടുകയാണ്….
ഇക്കുറി ഷാജിക്കൊരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു അവരുടെ അടുത്ത പടം “അടിമുടി വ്യത്യസ്തമായൊരു പടം ആയിരിക്കണം….”
” പൊളിറ്റിക്കൽ -ആക്ഷൻ – ത്രില്ലർ ആയാൽ കുഴപ്പമുണ്ടോ” എന്ന് ചോദിച്ച അയാളുടെ നേരെ നോക്കി ഷാജിയൊന്നു ചിരിച്ചതോടെ ആ കൈകളിൽ നിന്നും “ക്യാമ്പസ് രാഷ്ട്രീയത്തിൽ ജീവൻ നഷ്ടപ്പെട്ട അനിയന്റെ യും അവന്റെ ചോരക്ക് പകരം ചോദിയ്ക്കാൻ വന്ന ചേട്ടന്റെയും കഥ പറഞ്ഞ ആ വർഷത്തെ വൻ ഹിറ്റുകളിലൊന്നായി തീർന്ന “തലസ്ഥാനം ” പിറവി കൊള്ളുകയാണ്……
തൊട്ടടുത്ത വർഷം..
ഒരൊറ്റ രാത്രി കൊണ്ടു ആഭ്യന്തര മന്ത്രി കസേരയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയ പത്രക്കാരൻ ഗോപാല കൃഷ്ണന്റെ കഥ പറഞ്ഞ സ്ഥലത്തെ പ്രധാന പയ്യൻസും, ആൾ ദൈവങ്ങളെ തുറന്നു കാട്ടിയ ഏകലവ്യനും, ബാംഗ്ലൂരിലെ അധോലോകങ്ങളുടെ കുടിപകയുടെ കഥ പറഞ്ഞ മാഫിയയും
ഹിറ്റ് സ്റ്റാറ്റസിലേക്ക് എത്തിയതോടെ ജോലി ഉപേക്ഷിച്ചു സിനിമയിൽ തുടരാം എന്ന് കരുതിയ തീരുമാനം തെറ്റായിരുന്നില്ലെന്നു അയാൾ തിരിച്ചറിയുകയായിരുന്നു……!
തുടർച്ചയായി നാല് സൂപ്പർ ഹിറ്റുകൾ…!
അറിയപ്പെടുന്ന പത്ര റിപ്പോർട്ടറിൽ നിന്നും സുപ്രസിദ്ധനായ തിരക്കഥാകൃത്തിലേക്ക് അയാൾ വേഷം മാറുകയാണ്…..
ഒരുമിച്ചുള്ള ആറാം ചിത്രം ചെയ്യുമ്പോൾ ഷാജി അയാളോട് പറഞ്ഞ
” ഈ സിനിമ കഴിയുന്നതോടെ നമ്മുടെ നായകൻ സുരേഷ് ഗോപിക്ക് കേരളത്തിൽ സൂപ്പർസ്റ്റാർ ഇമേജ് ആയിരിക്കണം “
എന്ന വാക്കുകൾ കേട്ടു എഴുതാനിരുന്ന അയാളുടെ ചിന്തകളിലേക്ക് “ഓർമ്മയുണ്ടോ ഈ മുഖം ” എന്നൊരു ചോദ്യവുമായി പടം കണ്ടവരാരും മറന്നു പോകാത്ത ഭരത് ചന്ദ്രൻ എന്ന ചൂടൻ ഐ പി എസ് ഓഫിസർ കടന്നു വരുകയാണ്…….
ഉപമകളോ, മുഖവുരകളോ ആവശ്യമില്ലാത്ത “കമ്മീഷണർ ” പിറവി കൊള്ളുകയാണ്….

സുരേഷ് ഗോപി , മലയാളത്തിലെ ബിഗ് എം സ് നിന്റെ ഇടക്ക് സൂപ്പർസ്റ്റാറിന്റെ കസേര വലിച്ചിട്ടിരിക്കുകയും…..!
കമ്മീഷണറുടെ വൻ വിജയത്തിന് ശേഷം അവർ ഒരിക്കൽ കൂടി കൈ കോർത്തപ്പോൾ ഷാജിക്ക് അയാളോട് ഒന്നേ പറയാനുണ്ടായിരുന്നുളളൂ
“ഇതു നമ്മുടെ പ്രെസ്റ്റീജ് ഇഷ്യൂ ആണ് നായകൻ മമ്മൂട്ടി ആണ്… അദ്ദേഹം നമുക്കൊരു ഡേറ്റ് തരുമ്പോൾ നമ്മുടെ ബെസ്റ്റ് തന്നെ തിരിച്ചു കൊടുക്കണം….”
അങ്ങനെ മമ്മൂട്ടിക്കും തന്റെ പ്രിയപ്പെട്ട ഷാജിക്കും വേണ്ടി അയാൾ ദീർഘ നാളത്തെ കഷ്ടപ്പാടിന് ശേഷം എഴുതി തയാറാക്കിയ തിരക്കഥയുമായി ഷാജിയെ കാണുവാൻ ചെല്ലുകയാണ്… സ്ക്രിപ്റ്റ് വായിച്ച ശേഷം ഷാജി പറഞ്ഞ
” ഇതൊന്നും പോരാ! ഞാൻ പറഞ്ഞല്ലോ ഇതു നിന്റെ ബെസ്റ്റ് ആകണം, നമ്മുടെ ബെസ്റ്റ് ആകണം, തിരുത്തി എഴുതു “
അങ്ങനെ നിരവധി കൂടികഴ്ചകൾക്കും വെട്ടി തിരുത്തലുകൾക്കും ശേഷം ഷാജി ഒടുവിൽ ഫൈനൽ സ്ക്രിപ്റ്റ് ലോക്ക് ചെയ്യുകയാണ്……
യെസ്…. ഒരെല്ല് കൂടുതലുള്ള തേവള്ളി പറമ്പിൽ ജോസഫ് അലേക്സ് തീയറ്ററിനെ കത്തിച്ചു കൊണ്ട് കടന്നു വരുകയാണ്……!
എഴുത്തിന്റെ വർക്ക് പ്രേഷർ താങ്ങാനാകാതെ കിങ്ങിന്റെ വിജയത്തിന് ശേഷം ഇനി ഷാജിയോടൊപ്പം കുറച്ചു ഗ്യാപ്പിന് ശേഷമേ പടം ചെയ്യുന്നുള്ളു എന്നയാൾ തീരുമാനമെടുക്കുകയാണ്……..
എന്നാൽ പുലി മടയിൽ നിന്നും ഇറങ്ങിയ അയാൾ ചെന്ന് കയറിയത് സിംഹ മടയിലേക്കായിരുന്നു….!
ആക്ഷൻ സിനിമകളുടെ തമ്പുരാനായ ജോഷിയുടെ പക്കലേക്ക്…!!
കള്ളു കച്ചവടക്കാരായ കുറെ ‘ആണുങ്ങളിൽ ആണായവരുടെ ” കഥ പറഞ്ഞ ലേലവും,…..
വാക്കുകൾ കൊണ്ടും അക്ഷരങ്ങൾ കൊണ്ടും തീപ്പൊരികൾ സൃഷ്ടിച്ചിരുന്ന നല്ല നട്ടെല്ലുള്ള
പത്രക്കാരുടെ കഥ പറഞ്ഞ പത്രവും….
കൂടി…
ബോക്സ് ഓഫിസിനെ അമ്മാനമാടുന്ന അവസ്ഥ!
അതിനു ശേഷമിറങ്ങിയ മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളോടൊപ്പം ചെയ്ത പടങ്ങൾ ( പ്രജ – ദുബായ് ) തീയറ്റർ ബിസിനസിൽ ശോഭി ക്കാതെ പോയപ്പോൾ സിനിമ എഴുത്തിന്റെ കരിയറിൽ നിന്നും ചെറിയൊരു ഗാപ് എടുത്ത് അയാൾ മാറി നിൽക്കുകയാണ്…..
നാല് വർഷത്തിന് ശേഷം മറ്റൊരു സൂപ്പർ ഹിറ്റുമായി അയാൾ തന്റെ തട്ടകത്തിലേക്ക് തിരികെ വരുമ്പോൾ അയാളോടൊപ്പം മറ്റൊരാൾ കൂടി അതി ഗംഭീരമായി തന്റെ തിരിച്ചു വരവ് ആഘോഷമാക്കുന്നുണ്ടായിരുന്നു…..
ഒരിക്കൽ അയാൾ സൂപ്പർ താരത്തിന്റെ കിരീടം അണിയിച്ച സുരേഷ് ഗോപി.. ( ഭരത് ചന്ദ്രൻ ഐ പി എസ് )……
ശേഷം, തൊട്ടു മുൻപത്തെ പടം മോശം ആയി പോയതിന്റെ കടം വീട്ടി കൊണ്ടു മമ്മൂട്ടിക്ക് രൗദ്രത്തിലൂടെ മറ്റൊരു ഹിറ്റും…..
പ്രണയ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും കോമഡി ചിത്രങ്ങളും മാത്രം തീയറ്ററിൽ നൂറു ദിവസങ്ങൾ കണ്ടിരുന്ന നാളുകളിൽ ഒരു പോലീസ് സിനിമയെ 200 ദിവസം ഓടിപ്പിച്ച മനുഷ്യൻ….!!
നരേന്ദ്ര പ്രസാദിന് അയാളുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളായ സ്വാമി അമൂർത്ത നന്ദയും, കുഞ്ഞിക്കണ്ണൻ നമ്പ്യാരും ( ഏകലവ്യൻ, സ്ഥലത്തെ പ്രധാന പയ്യൻസ് )
വിജയരാഘവന് തുടക്കകാലത്ത് ഒരുപാട് കയ്യടികൾ നേടി കൊടുത്ത ചേറാടി കറിയ… ( ഏകലവ്യൻ )
മുരളിക്ക് ജാഗ്രത പത്രാധിപർ ശേഖരനും എം പി ജയകൃഷ്ണനും ( പത്രം, കിംഗ് ) …!
എൻ എഫ് വർഗീസിന് അയാളുടെ കരിയറിലെ തന്നെ പൊൻ തൂവലുകളായ ളാഹേൽ വക്കച്ചനും, വിശ്വനാഥനും…. ( പ്രജ, പത്രം )
എം ജി സോമന് ആനക്കാട്ടിൽ ഈപ്പച്ചൻ…!
രതീഷിന് ഡൽഹിയെ സ്വപ്നം കാണുന്ന മോഹൻ തോമസ്! ( കമ്മീഷണർ)
സിദ്ധിഖ് ന് ആനക്കാട്ടിൽ ചാക്കൊച്ചിയുടെ നിഴൽ സൂക്ഷിപ്പുകാരനായ ഹുസ്സൈൻ….
ബിജു മേനോന് ഇടിയൻ ഫിറോസ്..!
സായി കുമാറിന് ഭരത് ചന്ദ്രൻ വെറുതെ വിട്ടവരെ വെറും വെറുതെ വിടുന്ന ജനാബ് ഹൈദ്രാലി ഹസൻ ( ഭരത് ചന്ദ്രൻ ഐ പി എസ് (
രാജൻ പി ദേവിന് ഡി എസ് പി പൂക്കോയ….! ( കമ്മീഷണർ )
ഷമ്മി തിലകന് ഉടപ്പിറന്നോളുടെ ഇടുപ്പിന്റെ ബലത്തിൽ പിടിച്ചു നിൽക്കുന്ന ബലരാമൻ കോണാർക്… ( പ്രജ )
കൊച്ചിൻ ഹനീഫക്ക് ഹമീദ് പ്ലാവുല്ലക്കണ്ടി, ഡെവിഡ് സഭാപതി…. ( പ്രജ, പത്രം ).
സ്‌ഫടികം ജോർജിന് ആണുങ്ങളിൽ ആണായ കടയാടി ബേബി….
രഞ്ജി പണിക്കർ….
തന്റെ സിനിമയിലെ നായകനും വില്ലനും മാത്രം മാസ്സ് ഐറ്റംസ് എഴുതി കൊടുത്ത സാധാരണ എഴുത്തുകാരൻ ആയിരുന്നില്ല അയാൾ…..
അയാളുടെ പേനയിൽ വിരിഞ്ഞവരെല്ലാം തന്നെ മാസ്സ് ആയിരുന്നു…..!
വർഷങ്ങളായി എഴുത്തിനോട് അകലം പാലിച്ചു കൊണ്ടു അഭിനയ രംഗത്തേക്ക് ചുവട് മാറിയ ഇന്നത്തെ അയാളെ കാണുമ്പോൾ
അനാർക്കലിയിൽ സച്ചി തന്റെ നായകന് വേണ്ടിയെഴുതിയ ഡയലോഗ് ആണ് ഓർമ വരുന്നത്,….
” എനിക്ക് അത്രക്കും വേണ്ടപ്പെട്ടോരാൾ കുറെ നാളായി മിസ്സിംഗ് ആണ്…. നോ കോൺടാക്ട്സ്…. “
രഞ്ജി പണിക്കർ സാർ നിങ്ങളുടെ എഴുത്തുകളെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്ന ഞങ്ങളെപ്പോലുള്ളവർക്ക് നിങ്ങളെ വല്ലാതെ മിസ് ചെയ്യുന്നു……
ക്യാമെറക്ക് മുന്നിൽ ചമയം കെട്ടി മടുത്തു തുടങ്ങിയെങ്കിൽ പേനയുമെടുത്ത് കാമറയുടെ പിന്നണിയിലേക്ക് തിരിച്ചു വന്നൂടെ……??
“നിനക്ക് വേണ്ടി എന്നെ തോൽപിച്ചു തന്ന നിന്റെ മുഖ്യമന്ത്രിയെ വിളിക്ക് ! അന്ന് നിന്നെ കൈ തൊട്ടതിന് മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി മുട്ടേൽ നിർത്തി എന്റെ തൊപ്പി തെറിപ്പിക്കാനുള്ള കല്പന ഒപ്പു വെപ്പിച്ച പാലക്കടവത്തെ നിന്റെ പടച്ച തമ്പുരാനേ വിളിക്കെടാ….വിളിച് പറയെടാ നിന്നെ വിലങ്ങ് വെച്ച് തുറങ്കിലടക്കാൻ ഭരത്ചന്ദ്രൻ വന്നിരിക്കുന്നു എന്ന്… “
” ഇല്ല കുഞ്ഞു മായിൻ കുട്ടി എംഎൽഎ ഇത്തവണ നീ വീണ കുഴിയിൽ നിന്ന് നിന്നെ കരപറ്റിക്കാൻ പാലക്കടവത്തെ പുണ്യം പെരുത്ത പുമാന്റെ പൊളിറ്റിക്കൽ പുള്ള് പോരാതെ വരും… പടച്ചവൻ സാക്ഷാൽ പടച്ച തമ്പുരാൻ തന്നെ വേണ്ടി വരും നിന്നെ രക്ഷിക്കാൻ “
” ഭരത് ചന്ദ്രൻ വെറുതെ വിട്ട നിന്നെ സുൽത്താൻ ഹൈദരലി വെറും വെറുതെ വിടുന്നു “
“Let them come after you, and I will go after them”
“ഈ നിമിഷം നിന്‍റെ മുഖത്ത് ഇല്ലാതെ പോയ നിന്‍റെ ആ ചിരിക്കു…. കിതച്ചു പോയ നിന്‍റെ ശ്വാസത്തിന് , ഇനിയുള്ള നിന്‍റെ ഓരോ നിമിഷത്തെയും ജീവിതത്തിനു.. എന്‍റെ ഭിക്ഷ “…
ഇങ്ങനെയുള്ള തൊട്ടാൽ പൊള്ളുന്ന വാചകങ്ങൾ കേട്ടു മതിയാവാത്ത ഒരു തലമുറ ഇവിടെയുണ്ട്……
കം ഓൺ ഹീറോ….






