വർഷങ്ങൾക്ക് മുമ്പ് ‘നെഞ്ചിനകത്ത് ലാലേട്ടൻ…’ എന്ന് ഉച്ചത്തിൽ പാടി ‘ക്യൂൻ’ സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് അശ്വിൻ ജോസ്. പിന്നീട് ‘അനുരാഗം’, ‘പാലും പഴവും’ തുടങ്ങി ഒട്ടേറെ സിനിമകളിലൂടെ നായകനായി തിളങ്ങിയ
ഇതേ അശ്വിൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഒരു റോണാൾഡോ ചിത്രം’
പേര് സൂചിപ്പിക്കുംപോലെ സിനിമക്കുള്ളിലൂടെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമ കഥകള്‍ മലയാളത്തിൽ പലപ്പോഴായി വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഒരു റോണാൾഡോ ചിത്രം. സംവിധായകന്റെ ആത്മാംശം ഈ ചിത്രത്തിലുള്ളതുകൊണ്ടുതന്നെയാവാം അത്. ഷോർട്ഫിലിമുകളിലുടെ ശ്രദ്ധേയനായ റിനോയ് കല്ലൂർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിലേക്ക് വരുകയാണെങ്കിൽ ഇതിലെ നായകൻ റൊണാൾഡോയും തന്റെ ചലച്ചിത്ര സ്വപ്നം യഥാർത്ഥത്തിൽ കൊണ്ടു വരാൻ വേണ്ടി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്ത് സിനിമയിലേക്ക് എത്താൻ ശ്രമിക്കുന്ന ആളാണ്.

മനസ്സിലുള്ള കഥകൾ സിനിമയാക്കാനുള്ള മോഹവുമായി നടക്കുന്ന റൊണാൾഡോ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലേക്കു പി.കെ അരവിന്ദൻ എന്നൊരു ബിസിനസുകാരൻ ദൈവരൂപത്തിൽ എത്തുന്നതും അരവിന്ദനുമായുള്ള സൗഹൃദം റൊണാൾഡോയുടെ സ്വപ്നങ്ങൾക്ക് ജീവൻനൽകുന്നതും അയാൾ ആ സ്വപ്നത്തിനായുള്ള പോരാട്ടത്തിനിടക്ക് കുടുംബ ബന്ധങ്ങളിലും പ്രണയത്തിലും പെട്ടുഴലുന്ന നിസ്സഹായതയും എല്ലാമാണ് ചിത്രം പറയുന്നത്. റൊണാൾഡോ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും, വേദനകളും, പരിശ്രമങ്ങളും എല്ലാം സിനിമതീരുവോളം പ്രേക്ഷകനുമായി കണക്ട് ചെയ്യിക്കാൻ കഴിഞ്ഞത് തന്നെയാണ് ഈ സിനിമയുടെ വിജയം
ടൈറ്റില് കഥാപാത്രത്തെ അവതരിപ്പിച്ച അശ്വിൻ ജോസ് പക്വതയാർന്ന പ്രകടനത്തിലൂടെ തന്റെ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. ഇന്ദ്രൻസ് ആണ് അരവിന്ദൻ എന്ന ബിസിനസുകാരനായ് ചിത്രത്തിൽ എത്തിയത് ഇരുവരുടെയും കെമിസ്ട്രി നന്നായിരുന്നു. നായികയായി ചൈതന്യ പ്രകാശും നന്നായിട്ടുണ്ട്. ടോമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ എം. ദാസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. ലാൽ, അൽത്താഫ് സലീം, ഹന്ന റെജി കോശി, അനീഷ് ജി മേനോൻ, മേഘനാഥൻ, പ്രമോദ് വെളിയനാട്, സുനിൽ സുഗത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്

സിനിമാ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാർക്കുമാത്രമല്ല എല്ലാത്തരം പ്രേകഷകർക്കും ഒരുപോലെ ഇഷ്ടപെടുന്ന ചിത്രമാണ് ഒരു റൊണാൾഡോ ചിത്രം. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ നല്ല ഗാനങ്ങളും ഇമോഷന്സും കോമഡിയും കുടുംബ ബന്ധങ്ങളും എല്ലാം ഉപ്പെടുത്തി തന്നെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഓ ടി ടി യിൽ വരുന്നതുവരെ കാത്തുനിൽക്കാതെ തീയേറ്ററിൽ തന്നെ ഇത്തരം നല്ല സിനിമകൾ വിജയിപ്പിക്കണം എന്നാണ് പ്രാന്തന് പറയാനായുള്ളത്






