മമ്മൂട്ടിയിൽ നിന്നും തിലകിനിലേക്കുള്ള ദൂരത്തിലെവിടോ ആണ് മുരളിയുടെ നിൽപ്പെന്ന് മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്.. ഒന്നിരുത്തി ആലോചിച്ചാൽ അത് ശെരി തന്നെയാണ്.. പക്ഷെ അതൊരിക്കലും അവരുടെ അഭിനയശേഷിയുടെ സ്ഥാനാരോഹണ ക്രമനിലകളെ അടിസ്ഥാനപ്പെടുത്തിയുള്ള ദൂരമായിരിക്കില്ല. മറിച്ച് മൂന്നുംപേരും സിനിമക്കപ്പുറം ജീവിതത്തിൽ ഒരുപോലെ കാണിച്ചിരുന്ന കരുണയും കാർക്കശ്യവും കൊണ്ടാണ്..
മുരളിയെന്നാൽ ആദ്യം ഓർമ്മയിലെത്തുന്നത് ആധാരത്തിലെ ബാപ്പുട്ടിയുടെ രൂപമാണ്. അതിന് കാരണവും ഒരു പരിധിവരെ ആ ശരീരഭാഷയും ശബ്ദ ഗാഭീര്യവും ആരെയും കൂസാത്ത ആ മുഖഭാവവും ആവും. ഒരേസമയം പരുക്കനും കാരുണ്യവാനും ആയ ബാപ്പുട്ടി മുരളിയുടെ തന്നെ പ്രതിരൂപമാണെന്ന് വേണമെങ്കിൽ പറയാം. അതുകൊണ്ടാവാം പരുക്കൻ ശരീരം കൊണ്ട് മറച്ച ശുദ്ധ ഹൃദയധാരിയെ മുരളിക്ക് ചെയ്യാൻ അനായാസമാണ്..
മുരളിയുടെ ജീവിതം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ കുടവെട്ടൂർ എന്ന ഗ്രാമത്തിൽ കൃഷ്ണപിള്ളയുടേയും ദേവകിയമ്മയുടേയും മൂത്ത മകനായി 1954 മെയ് 25-ന് ജനനം. കുടവെട്ടൂർ എൽ.പി സ്കൂൾ, കൊട്ടാരക്കര തൃക്കണമംഗലം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മുരളി തിരുവനന്തപുരം എം.ജി.കോളേജ്, ശാസ്താംകോട്ട ഡി.ബി കോളേജ് എന്നിവിടങ്ങളിൽ നിന്നും ബിരുദം നേടി. പിന്നീട് തിരുവനന്തപുരം ലോ കോളേജിൽ നിന്നും നിയമബിരുദം നേടിയ ശേഷം ആരോഗ്യ വകുപ്പിൽ എൽ.ഡി.ക്ലർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ചു. യു.ഡി.ക്ലർക്കായി കേരള യൂണിവേഴ്സിറ്റിയിലും ജോലി നോക്കി.
ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ മുരളി സർക്കാർ സർവീസിലിരിക്കെ തന്നെ നാടകങ്ങളിലും അഭിനയിച്ചു. നരേന്ദ്ര പ്രസാദിൻ്റെ നാട്യഗൃഹത്തിൽ സജീവ സാന്നിധ്യമായിരുന്ന മുരളി പിന്നീട് അരവിന്ദൻ്റെ ചിദംബരം എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു. പക്ഷേ ഹരിഹരൻ്റെ പഞ്ചാഗ്നി എന്ന സിനിമയിലെ അഭിനയത്തോടെയാണ് മുരളി മലയാള സിനിമയിലെ ശ്രദ്ധേയ താരമാകുന്നത്. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യൻ എന്ന ചിത്രം മുരളിയിലെ അഭിനേതാവിൻ്റെ മികവ് മലയാളി കണ്ടറിഞ്ഞ സിനിമയാണ്. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മുരളി നേടി.
സാഹിത്യത്തിലും മുരളി തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. അഞ്ച് പുസ്തകങ്ങൾ മുരളിയുടേതായി പുറത്തിറങ്ങി. ഇതിൽ അഭിനേതാവും ആശാൻ്റെ കവിതയും എന്ന പുസ്തകം കേരള സംഗീത നാടക അക്കാദമി അവാർഡ് നേടി.
ഇടതുപക്ഷ ആശയങ്ങളോട് എന്നും അനുഭാവം പുലർത്തിയിരുന്ന മുരളി കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായിരുന്നു. മാർക്സിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് വി.എം.സുധീരനോട് പരാജയപ്പെട്ടു.