വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്‌ദേവ്. ‘കുക്കുരു കുക്കു കുറുക്കൻ’ എന്ന ഗാനത്തിലൂടെ ഇന്നും കുട്ടികളുടെയും കുടുംബങ്ങളുടെയും മനസ്സിൽനിറഞ്ഞു നിൽക്കുന്ന തരുണി സച്ച്ദേവ് എക്കാലവും മലയാളികൾക്ക് ഒരു നോവോർമ്മയാണ്.
നേപ്പാളിലെ ജോംസൺ വിമാനത്താവളത്തിന് സമീപം അഗ്നി എയർ ഡോർണിയർ വിമാനം തകർന്നു വീണെന്ന ദുരന്ത വാർത്ത എത്തുമ്പോൾ മലയാളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അതിൽ അവരുടെ പ്രിയ താരം തരുണിയും ഉണ്ടാവുമെന്ന്. എന്നാൽ ദുരന്തത്തിന്റെ സങ്കടം ഇരട്ടിപ്പിക്കുന്ന ആ വാർത്ത എത്തി. തൻ്റെ 14-ാം ജന്മദിനത്തിൽ അഗ്നി എയർ ഫ്ലൈറ്റ് സിഎച്ച്ടി വിമാനാപകടത്തിൽ ‘തരുണി സച്ച്‌ദേവ്’ എന്ന കൊച്ചുമിടുക്കി ഈ ലോകത്തോട് വിടവാങ്ങിയിരിക്കുന്നു. ഒപ്പം അമ്മ ഗീത സച്ച്‌ദേവും. നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ആ വിമാനാപകടത്തിനും തരുണിയുടെ വിയോഗത്തിനും ഇന്ന് ഒരു വ്യാഴവട്ടം തികയുകയാണ്.
2004-ൽ, വിനയൻ്റെ വെള്ളിനക്ഷത്രം എന്ന ഹൊറർ -കോമഡി ചിത്രത്തിലൂടെ ആയിരുന്നു തരുണിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. അമിതാഭ് ബച്ചനൊപ്പം ഒരു പരസ്യ ചിത്രത്തിൽ തരുണിയെ കണ്ട വിനയൻ അവളെ തൻ്റെ സിനിമകളിൽ അഭിനയിക്കാൻ വേണ്ടി ബച്ചൻ്റെ മാനേജരുമായി ബന്ധപ്പെടുകയായിരുന്നു. വെള്ളിനക്ഷത്രം ആണ് തരുണിയെ മലയാളം പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. അതേ വർഷം തന്നെ വിനയൻ -പൃഥ്വിരാജ് ചിത്രം ‘സത്യം’ ത്തിലും പ്രത്യക്ഷപ്പെട്ടു. മലയാളത്തിന് പുറമെ ഹിന്ദി ചിത്രങ്ങളിലും തരുണി വേഷമിട്ടിരുന്നു. 2009-ൽ, അമിതാബ് ചിത്രം ‘പാ’ യിൽ അമിതാഭ് ബച്ചൻ്റെ സഹപാഠിയായ സോമിയായി അഭിനയിച്ചത് തരുണിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒന്നാണ്.
സിനമകൾക്ക് പുറമേ, കോൾഗേറ്റ് , ഐസിഐസിഐ ബാങ്ക് , പാരച്യൂട്ട്, സഫോള ഓയിൽ, കേസർ ബദാം മിൽക്ക് എന്നിവയുടെ ടെലിവിഷൻ പരസ്യങ്ങൾ ഉൾപ്പെടെ അമ്പതിലധികം പരസ്യങ്ങളിലും തരുണി പ്രത്യക്ഷപ്പെട്ടു. ഒപ്പം ടെലിവിഷൻ ഗെയിം ഷോയായ ക്യാ ആപ് പാഞ്ച്വി പാസ് സേ തേസ് ഹേയിലും തരുണി ഉണ്ടായിരുന്നു. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം വെട്രി സെൽവൻ ആയിരുന്നു തരുണിയുടെ അവസാന ചിത്രം.
നായികയാകണമെന്നായിരുന്നു തരുണിയുടെ സ്വപ്നം പക്ഷെ കാലമോ വിധിയോ അതിനു സമ്മതിച്ചില്ല