Cinemapranthan

‘സൂപ്പർ സ്റ്റാറിന്റെ പതനവും ഉയർച്ചയും’; ടോവിനോയുടെ ‘നടികർ’ റിവ്യൂ വായിക്കാം

null

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രങ്ങളെ പ്രേക്ഷകർ എക്കാലത്തും ഏറെ ഇഷ്ടത്തോടെ ആണ് സ്വീകരിക്കാറുള്ളത്. ‘ഉദയനാണ് താരവും ‘ബെസ്റ്റ് ആക്ടറും’ ‘തിരക്കഥയും’ മേക്ക്അപ്പ് മാനും പോലുള്ള ചിത്രങ്ങൾക്ക് കിട്ടിയ ജനപ്രീതി തന്നെ അതിനു തെളിവാണ്
സംവിധായകന്റെ തന്നെ മുൻചിത്രം ആയ ഡ്രൈവിംഗ് ലൈസൻസും പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിച്ച ചിത്രമാണ്. ഇപ്പോഴിതാ ആ ഗണത്തിലേക്ക് ചേർത്ത് വെക്കാൻ പുതിയൊരു ചിത്രം കൂടി നടികർ.

ടോവിനോയെ നായകനാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നടികർ. ലാൽ ജൂനിയറിന്റെ ആറാമത്തെ ചിത്രം. ടോവിനോ, ഭാവന, സൗബിൻ, അനൂപ് മേനോൻ, ബാലു വർഗീസ് , സുരേഷ് കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ, ചന്ദു സലിംകുമാർ, ഗണപതി തുടങ്ങി വമ്പൻ താര നിര അണിനിരക്കുന്ന ചിത്രത്തെ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.

ട്രെയ്ലറിൽ നിന്നും പോസ്റ്ററിൽ നിന്നും എന്ന കിട്ടിയ സൂചന പോലെ അഭ്രപാളികളിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായാണ് ടൊവിനോയുടെ കഥാപാത്രം എത്തുന്നത്. പക്ഷെ സൂപ്പർസ്റ്റാർ പദവിയിലിരിക്കെ തന്നെ ഡേവിഡ് പടിക്കൽ കരിയറിന്റെ ഒരു മോശം സമയത്തു കൂടെ കടന്നുപോവുകയാണ്. തുടർച്ചയായി മൂന്നോളം ചിത്രങ്ങൾ പരാജയപ്പെട്ടു നിൽക്കുന്ന അയാൾക്ക് ആത്മവിശ്വാസ കുറവും നിരാശയുമുണ്ട്. അത് അയാളുടെ അഭിനയത്തെ ബാധിച്ചു തുടങ്ങുകയാണ്. സ്റ്റാർഡം നിലനിൽക്കുമ്പോഴും ഒരു നടൻ എന്ന നിലയിൽ അയാൾ പരാജയമായിക്കൊണ്ടിരിക്കുകയാണ്. പിന്നീട് തന്റെ കരിയർ തിരിച്ചുപിടിക്കാൻ അയാൾ നടത്തുന്ന യാത്രയാണ് ചിത്രമെന്ന് പറയാം. സുവിന്‍ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടെക്‌നിക്കലി മികച്ചു നിൽക്കുന്ന കളർഫുൾ ചിത്രമാണ് നടികർ എന്ന് നിസംശയം പറയാം. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവർ ചേർന്നൊരുക്കിയ സംഗീതവും ആല്‍ബിയുടെ ക്യാമറയും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

ആദ്യാവസാനം ടോവിനോ നിറഞ്ഞു നിൽക്കുന്ന നടികറിൽ ഭാവന ആണ് ടോവിനോയുടെ നായികയായി എത്തുന്നത്. എന്നാൽ ഭാവനക്ക് വേണ്ടവിധം സ്ക്രീൻ സ്പേസ് ലഭിക്കാതെ പോയത് ഒരു നെഗറ്റീവ് ആയി തോന്നി. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിനെ അഭിനയം പഠിപ്പിക്കാനെത്തുന്ന ബാല എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികര്‍ സിനിമയ്ക്കുണ്ട്.

സിനിമക്കുള്ളിലെ സിനിമ എന്ന രീതിയിലും കുടുംബങ്ങൾക്കും കുട്ടികൾക്കും ചിരിച്ച് ആസ്വദിക്കാവുന്ന ഒരു എന്റർറ്റൈനെർ എന്ന രീതിയിലും കാണാവുന്ന ചിത്രമാണ്..നടികർ. കണ്ടാൽ നിങ്ങൾ നിരാശരാവില്ല

cp-webdesk

null