അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭയുടെ ഫ്ലാറ്റിന്റെ ബാധ്യതകള്‍ തീര്‍ത്ത് മലയാള സിനിമാ–സംഗീതരംഗത്തെ പ്രമുഖർ. 12 ലക്ഷം രൂപയുടെ ബാധ്യതയിൽ അകപ്പെട്ട് ഫ്ലാറ്റ് വിൽക്കൊനൊരുങ്ങിയ ശോഭയുടെ മുഴുവൻ ബാധ്യതയും തീർത്തിരിക്കുകയാണ് ഇപ്പോൾ സിനിമ സംഗീത പ്രവർത്തകർ. തുക മുഴുവനായും അടച്ചു തീർത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുത്തെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ്, ചിത്ര, ജോണി സാഗരിക എന്ന് തുടങ്ങി സിനിമാ–സംഗീതരംഗത്തെ പ്രമുഖരുടെ പിന്തുണയോടെയാണ് ഈ ഉദ്യമം വിജയമാക്കിയത്.
ഒൻപത് വർഷം മുൻപ് ‘രവീന്ദ്ര സംഗീത സന്ധ്യ’ എന്ന സംഗീതപരിപാടിയിൽ വെച്ചാണ് ഇവന്റ് മാനേജ്മെന്റ് കമ്പനി ശോഭയ്ക്ക് 25 ലക്ഷം രൂപയും ഫ്ലാറ്റും വാഗ്ദാനം ചെയ്തത്… ഫ്ലാറ്റിന്റെ താക്കോല്‍ ദാനം പരിപാടിയുടെ വേദിയില്‍ വെച്ച് നടത്തി. ശോഭ ഫ്ളാറ്റിലേക്ക് മാറിയെങ്കിലും എന്നാൽ അവിടെ വൈദ്യുതി കണക്ഷൻ പോലുമുണ്ടായിരുന്നില്ല.. ഫ്ലാറ്റിന്റെ അറ്റകുറ്റ പണികൾക്കായി എടുത്ത വായ്പ ആണ് പലിശ സഹിതം 12 ലക്ഷമായി ഉയർന്നത് . ഈ തുക നൽകിയാലേ ഫ്ലാറ്റിന്റെ രേഖകൾ ലഭിക്കൂവെന്ന അവസ്ഥയെത്തിയപ്പോഴാണ് ഫ്ലാറ്റ് വിൽക്കാൻ ശോഭ തീരുമാനിച്ചത്. തുടർന്ന് സംഭവം വാർത്തയായതോടെയാണ് സഹായഹസ്തവുമായി പ്രമുഖർ എത്തിയത്.
‘മുഴുവൻ ബാധ്യതയും തീർത്ത്, രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭ ചേച്ചിക്ക് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്ക് സാധിച്ചു. ഗായകരുടെ കൂട്ടായ്മയായ സമം, യേശുദാസ് സർ, ശ്രീമതി.ചിത്ര, ശ്രീ.ജോണി സാഗരിക എന്നിവരുടെ സംഭാവനകളില്ലായിരുന്നെങ്കിൽ ഇത് സാധ്യമാവില്ലായിരുന്നു. കൂടെ നിന്ന് പ്രവർത്തിച്ച പ്രിയപ്പെട്ട റോണി റഫേൽ, ദീപക് ദേവ് ,സുദീപ് എന്നിവർക്ക് സ്നേഹം. ഫെഫ്ക മ്യൂസിക്ക് ഡയക്റ്റേഴ്സ് യൂണിയൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് യൂണിയൻ, ലൈറ്റ്മെൻ യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ, ഡയറക്റ്റേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിവർക്ക് അഭിവാദ്യങ്ങൾ. എല്ലാവർക്കും സ്നേഹം,നന്ദി’ ബി. ഉണ്ണികൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു..