Cinemapranthan
null

അൽഫോൺസ് പുത്രനെ ഓർത്ത് ലജ്ജിക്കുന്നുവെന്ന് സംവിധായകൻ വി. കെ. പ്രകാശ്

‘തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അല്‍ഫോണ്‍സ് പുത്രന്‍ കാണിച്ചത്. അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നു’

null

ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമയെപ്പറ്റി അൽഫോൺസ് പുത്രൻ നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകൻ വി. കെ. പ്രകാശ്. ‘ചില സിനിമകള്‍ സംവിധായകന്റെ പേരിലും, മറ്റു ചില സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്ന്’ ചോദിച്ചു കൊണ്ടാണ് വി. കെ. പ്രകാശ് ഫേസ് ബുക്കിൽ കുറിപ്പ് ഇട്ടത്. ‘തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അല്‍ഫോണ്‍സ് പുത്രന്‍ കാണിച്ചത്. അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും’ വി.കെ.പി. പറഞ്ഞു.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു അഭിമുഖത്തിൽ ആണ് അൽഫോൺസ് പുത്രൻ വിവാദ പരാമർശം നടത്തിയത്. 2013ല്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം ആണ് വൈറൽ ആയത്. ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്ന സിനിമ അശ്ലീലം നിറഞ്ഞതാണെന്ന് പറഞ്ഞ അൽഫോൺസ്, അനൂപ് മേനോൻ തിരക്കഥ എഴുതിയ സിനിമകളെ വിമർശിക്കുകയായിരുന്നു.


“മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് ഈ അശ്ലീലം എന്നു പറയുന്ന സംഭവമുള്ളത്. ട്രിവാന്‍ഡ്രം ലോഡ്‍ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ടു വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‍സ് ഉണ്ടായിരുന്നത്. നോര്‍മല്‍ ഓഡിയന്‍സിനൊപ്പം ഇരുന്ന് കാണുന്ന ഒരു പ്രശ്‍നം. അതിന് യു സര്‍ട്ടിഫിക്കറ്റ് കൊടുത്തത് സെന്‍സറുകാരോട് ചോദിക്കേണ്ട കേസാണ്. പിന്നെ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രം. ഈ അനൂപ് മേനോന്‍റെ സിനിമകള്‍ക്കാണല്ലോ ഈ ലേബല്‍ ഉള്ളത് ശരിക്കും.” അൽഫോൺസ് പുത്രൻ പറഞ്ഞു. അതെ സമയം ആഷിക് അബു, സമീര്‍ താഹിർ, വിനീത് ശ്രീനിവാസൻ എന്നിവരുടെ സിനിമകളില്‍ അശ്ലീലം ഇതുവരെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
ഇതിനെതിരെയാണ് വി. കെ. പ്രകാശ് രംഗത്തെത്തിയത്.

“ഈ മഹാനായ മനുഷ്യന്‍റെ അഭിമുഖം ഇപ്പോഴാണ് കണ്ടത്. ഇത് എപ്പോള്‍ വന്നതാണെന്ന് അറിയില്ല. സാധാരണ കാര്യമില്ലാത്ത സംഭാഷണം ഞാന്‍ നടത്താറില്ല. പക്ഷേ ഇതു കണ്ടപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ പോപ്പുലര്‍ അല്ലാത്ത മറ്റു സംവിധായകര്‍ക്കുവേണ്ടിയാണ് ഈ പ്രതികരണം. ട്രിവാന്‍ഡ്രം ലോഡ്‍ജ് ഒരു യു സര്‍ട്ടിഫിക്കറ്റ് ചിത്രമല്ലെന്ന് പറഞ്ഞുകൊള്ളട്ടെ. അതിന് യുഎ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു. ചിത്രത്തിന് എന്തുകൊണ്ട് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന് ആ സമയത്ത് സെന്‍സര്‍ ഓഫീസര്‍ വിശദീകരിച്ചിരുന്നതുമാണ്. മറ്റു സംവിധായകരുടെ സിനിമകളെക്കുറിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനത്തെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്. കാരണം എനിക്ക് ചൂണ്ടിക്കാണിക്കാനാവും. പിന്നെ ചില സിനിമകള്‍ സംവിധായകരുടേതെന്നും മറ്റു ചില സിനിമകള്‍ എഴുത്തുകാരുടേതെന്നും നോക്കിക്കാണുന്നത് എങ്ങനെയാണ്? ഇത് സ്വന്തം കര്‍മ്മ മേഖലയോടുള്ള അദ്ദേഹത്തിന്‍റെ പൂര്‍ണ്ണമായ അനാദരവാണ്. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു അല്‍ഫോന്‍സ് പുത്രന്‍. ഇത് എപ്പോള്‍ വന്ന അഭിമുഖമാണെന്ന് എനിക്കറിയില്ല. എപ്പോള്‍ വന്നതാണെങ്കിലും ഇത് മോശമാണ്.” വി. കെ. പ്രകാശ് പറഞ്ഞു.

cp-webdesk

null
null