Cinemapranthan

‘ഈ പരിഹാസം ഒടിയന് ശേഷം തുടങ്ങിയതല്ല’; മോഹൻലാലും ബോഡി ഷെയിമിങ്ങും

സഫീർ അഹമ്മദ് എന്ന വ്യക്തി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്

null

”മോഹൻലാലും ബോഡി ഷെയിമിങ്ങും”

മോഹൻലാലിനോളം ബോഡി ഷെയിമിങിന് ഇരയായ ഒരു നടൻ മലയാള സിനിമയിൽ വേറെ ഉണ്ടാകില്ല…മോഹൻലാലിൻ്റെ മുഖത്തെ പറ്റിയുള്ള, ശരീരത്തെ പറ്റിയുള്ള പരിഹാസം ഒടിയന് ശേഷം ഒന്നും തുടങ്ങിയതല്ല…
അതിന് ഏകദേശം 34 വർഷങ്ങളോളം തന്നെ പഴക്കം ഉണ്ട്…എടുത്ത് പറയത്തക്ക യാതൊരു പ്രത്യേകതയും ഇല്ലാത്ത മുഖവും ശരീരവുമായി 1980 ൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടനാണ് മോഹൻലാൽ..1980-85 കാലഘട്ടത്തിൽ വില്ലനിൽ നിന്നും നായക നടനിലേക്കുള്ള പടിപ്പടിയായിട്ടുള്ള വളർച്ചയിൽ ബോഡി ഷെയിമിങിന് മോഹൻലാൽ ഇരയാക്കപ്പെട്ടിരുന്നില്ല…എന്നാൽ 1986 ൽ മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ നടനായി/താരമായി വളർന്ന് തുടങ്ങിയപ്പോൾ തന്നെ മോഹൻലാലിൻ്റെ മുഖവും ശരീരവും വെച്ചുള്ള പരിഹാസങ്ങളും ആരംഭിച്ചു…

മുഖത്ത് നിറയെ കുഴികൾ ഉള്ള മോഹൻലാൽ,
ചീർത്ത കവിളുകൾ ഉള്ള മോഹൻലാൽ, തടിയുള്ള/കുടവയർ ഉള്ള മോഹൻലാൽ, ആമവാതം പിടിച്ച പോലെ നടക്കുന്ന മോഹൻലാൽ, ഇതൊക്കെ ആയിരുന്നു ആദ്യ കാലത്തെ പരിഹാസങ്ങൾ…ഈ പരിഹാസങ്ങൾ കൂടും തോറും മോഹൻലാലിൻ്റെ ജനപ്രീതിയും അങ്ങേയറ്റം വളർന്നു എന്നതാണ് സത്യം, അന്ന് വരെ മലയാള സിനിമയിൽ വേറെ ഒരു നടനും നേടിയിട്ടില്ലാത്ത ജനപ്രീതി മോഹൻലാൽ നേടിയെടുത്തു…
പരിഹസിക്കപ്പെട്ട ആ മുഖത്ത് ചിരി വിടർന്നപ്പോൾ തിയേറ്ററുകളിൽ അത് ഒരായിരം ചിരികളായി, പരിഹസിക്കപ്പെട്ട ആ മുഖത്ത് സങ്കടം വന്നപ്പോൾ അത് പ്രേക്ഷകൻ്റെ മനസിലെ വിങ്ങലായി, പരിഹസിക്കപ്പെട്ട ആ മുഖം വെച്ച് ഗാനരംഗങ്ങളിൽ പാടി അഭിനയിച്ചപ്പോൾ പ്രേക്ഷകർക്ക് പുതു അനുഭവമായി, പരിഹസിക്കപ്പെട്ട ആ തടിച്ച ശരീരം വെച്ച് മോഹൻലാൽ അനായാസമായി ആക്ഷൻ രംഗങ്ങളും നൃത്ത രംഗങ്ങളും ചെയ്തപ്പോൾ തിയേറ്ററുകളിൽ അന്ന് വരെ മുഴങ്ങാത്ത കരഘോഷങ്ങൾ മുഴങ്ങി…ഈ ബോഡി ഷെയിമിങ്ങിന് ഒന്നും മോഹൻലാലിൻ്റെ ജനപ്രീതി കുറയ്ക്കാൻ സാധിക്കില്ല എന്നായപ്പോൾ വേറെ ഒരു ഘടകം കൊണ്ട് വന്നു മോഹൻലാലിനെ ഇക്ഴ്ത്താൻ, മോഹൻലാൽ അത്ര വലിയ നടൻ ഒന്നുമല്ല, മോഹൻലാലിന് സീരിയസ് റോൾ ചെയ്യാൻ പറ്റില്ല, തമാശ കാണിച്ച് തലകുത്തി മറിയാനും പിന്നെ ആക്ഷൻ സിനിമ ചെയ്യാനും മാത്രമേ കഴിയു എന്ന്.. .ഇതിനും മോഹൻലാൽ തൻ്റെ സിനിമകളിലൂടെ മറുപടി കൊടുത്തു വിമർശകരുടെ, പരിഹാസകരുടെ വായ അടപ്പിച്ച് കൊണ്ടേയിരുന്നു…

ഈ ബോഡി ഷെയിമിങ്ങിന് ഒപ്പം തന്നെ മോഹൻലാലിൻ്റെ വ്യക്തി ജീവിതത്തിലേക്കും ഈ വ്യക്തിഹത്യ കടന്ന് ചെന്നു, അതും അങ്ങേയറ്റം നീചമായ രീതിയിൽ തന്നെ..അദ്ദേഹത്തെ പറ്റി, എന്തിന് അദ്ദേഹത്തിൻ്റെ ഭാര്യയെ പറ്റി പോലും വ്യാജ വാർത്തകൾ ഇടക്കിടെ പടച്ച് വിട്ടു കൊണ്ടേയിരുന്നു… ഇതിനിടയിൽ പലവട്ടം മോഹൻലാലിൻ്റെ മരണ വാർത്തയും ആഘോഷിച്ചു ഇക്കൂട്ടർ…ഒരിക്കൽ പോലും ഇത്തരം അപവാദങ്ങൾക്ക് മറുപടി മോഹൻലാൽ കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്…പകരം മറുപടി കൊടുത്തത് ആളുകളെ രസിപ്പിക്കുന്ന സിനിമകൾ ചെയ്തും, അവാർഡുകൾ നേടിയും വമ്പൻ വിജയ സിനിമകൾ നല്കിയും ഒക്കെ ആണ്…1996 ൽ മോഹൻലാലിൻ്റെ ശബ്ദത്തിൽ മാറ്റം വന്നപ്പോൾ ഈ വിമർശകർ വീണ്ടും തലപ്പൊക്കി, മോഹൻലാലിന് തൊണ്ടയിൽ കാൻസർ ആണ്, മോഹൻലാലിൻ്റെ സിനിമ ജീവിതം കഴിഞ്ഞു എന്നൊക്ക പറഞ്ഞ് ശരിക്കും ആഘോഷിച്ചു… ഇതിന് മോഹൻലാൽ മറുപടി നല്കിയത് ചന്ദ്രലേഖ, ആറാം തമ്പുരാൻ തുടങ്ങിയ വമ്പൻ വിജയങ്ങളിലൂടെയാണ്…

ഇനിയാണ് ബോഡി ഷെയിമിങിൻ്റെ അടുത്ത ഘട്ടം ആരംഭിക്കുന്നത്, മോഹൻലാൽ വിഗ് വെയ്ക്കുന്നു എന്നും പറഞ്ഞ്…സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു നടൻ വിഗ് വെച്ചത് പോലെയുള്ള പരിഹാസങ്ങളാണ് മോഹൻലാലിന് നേരെ അഴിച്ച് വിട്ടത്, അത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു…ഇതിനിടയിൽ മോഹൻലാലിൻ്റെ മകനെയും വെറുതെ വിട്ടില്ല, യാതൊരു അടിസ്ഥാനവും ഇല്ലാതെ ആ പയ്യനെ കുറിച്ചും അപവാദങ്ങൾ പറഞ്ഞ് പരത്തി…ഒടിയന് ശേഷം ഈ ബോഡി ഷെയിമിങ്ങിൻ്റെ ശക്തി വീണ്ടും വർദ്ധിച്ചു, കണ്ണിലെ തീക്ഷണത കുറഞ്ഞു എന്നൊക്കെ പറഞ്ഞ് കൊണ്ട്…അതിനും മോഹൻലാൽ തൻ്റെ സിനിമകളിലൂടെ തന്നെ മറുപടി കൊടുത്തു, ഇത്തിക്കര പക്കിയിലൂടെ, ലൂസിഫറിലൂടെ… എന്നാലും ബോഡി ഷെയിമിങ്ങ് അതിൻ്റെ എല്ലാ സീമകളും ലംഘിച്ച് തുടർന്ന് കോണ്ടേയിരിക്കുന്നു…

മോഹൻലാൽ എന്ന നടൻ ബഹുഭൂരിപക്ഷം മലയാളികളുടെ മനസിൽ ഇത്രമാത്രം ആഴത്തിൽ പതിഞ്ഞിരിക്കുന്നത് ഒരിക്കലും അദ്ദേഹത്തിൻ്റെ സൗന്ദര്യം കൊണ്ട് അല്ല, പ്രതിഭ കൊണ്ട് മാത്രമാണ്… വേറെ ഒരു തരത്തിൽ പറഞ്ഞാൽ മോഹൻലാൽ തൻ്റെ കുറവുകളെ ഒക്കെ അതിശയിപ്പിക്കുന്ന അഭിനയ ചാരുത കൊണ്ട് സൗന്ദര്യമുള്ളതാക്കി തീർത്തു.. ആ പ്രതിഭ കൊണ്ടാണ് ഇത്രയധികം ബോഡി ഷെയിമിങ്ങിന് ഇരയാക്കപ്പെട്ടിട്ടും മലയാളികൾക്ക് 40 വർഷങ്ങളായിട്ടും മോഹൻലാലിനെ മടുക്കാത്തത്, ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും നടനും എന്ന സ്ഥാനം മോഹൻലാലിന് മാത്രം അലങ്കരിക്കാൻ പറ്റുന്നത്…
സിനിമകളിലെ പൊളിറ്റിക്കൽ കറക്റ്റ്നസിനെ കുറിച്ചും ബോഡി ഷെയിമിങ്ങിനെ കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നവർ വരെ മോഹൻലാലിനെ ബോഡി ഷെയിമിങ് നടത്താൻ മുൻനിരയിൽ ഉണ്ട് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..
ഇനി എന്തൊക്കെ ബോഡി ഷെയ്മിങ് നടത്തിയാലും മലയാളികൾ മോഹൻലാലിനെ ഇഷ്ടപ്പെടുന്നത് പോലെ ഇത് വരെ വേറെ ഒരു കലാകാരനെയും ഇഷ്ടപ്പെട്ടിട്ടില്ല, ഇഷ്ടപ്പെടുമെന്നും തോന്നുന്നില്ല..

cp-webdesk

null