ജേക്കബ് ഗ്രിഗറി പ്രധാന വേഷത്തിലെത്തുന്ന ‘മണിയറയിലെ അശോകൻ’ തിരുവോണദിനത്തിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്നു. ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്ന് നിർമിക്കുന്ന ചിത്രം ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. അനുപമ പരമേശ്വരനാണ് നായിക. നവാഗതനായ ഷംസു സായ്ബായാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രമാണ് ‘മണിയറയിലെ അശോകൻ’.
വേഫറെർ ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദുൽഖറും ജേക്കബ് ഗ്രിഗറിയും പാടിയ ‘ഉപ്പിലിട്ട മാങ്ങയോ’,സിദ് ശ്രീറാം പാടിയ ‘ഓള്’ എന്നീ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ഹിറ്റായിരുന്നു. വളരെയേറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്.
വിനീത് കൃഷ്ണൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സജാദ് കാക്കുവാണ്. എഡിറ്റിംഗ് അപ്പു ഭട്ടതിരി, സംഗീതം ശ്രീഹരി കെ നായർ, ഗാനരചന ഷിയാസ് അമ്മദ്കോയ, അരുൺ എസ് മണി, വിഷ്ണു പിസി എന്നിവർ ചേർന്നാണ് സൗണ്ട് ഡിസൈൻ. ജയൻ ക്രയോൺ പ്രൊഡക്ഷൻ ഡിസൈനർ.