എ .ആർ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ മികവിനെ ലോകത്തെ അറിയിച്ച സിനിമകളിൽ ഒന്ന്. ശങ്കർ എന്ന ചെറുപ്പക്കാരന്റെ സംവിധാന മികവ് കോളിവുഡിൽ പരിചയപ്പെടുത്തിയ ചിത്രം. 93-ലെ സൂപ്പർ ഹിറ്റ് ജൻ്റിൽമാന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ കെ.ടി കുഞ്ഞുമോൻ ദീർഘകാലത്തിനു ശേഷം നിർമിക്കുന്ന ചിത്രമാണിത്.
ഷൂട്ട് അടുത്ത ഫ്രെബ്രുവരിയിൽ ആരംഭിക്കും. പുത്തൻ അനിമേഷൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം നിർമ്മിച്ചത് മലയാളിയായ കെ.ടി കുഞ്ഞുമോൻ ആയിരുന്നു. പണം മുടക്കിയ വസന്ത കാല പറവൈ, സൂര്യൻ, കാതലൻ തുടങ്ങി മിക്കവയും സൂപ്പർഹിറ്റ് മുൻനിര താരങ്ങളില്ലാതെ പടം നിർമിച്ചു വിജയിപ്പിക്കാം എന്നു കോളിവുഡിനു കാണിച്ചുകൊടുത്ത നിർമാതാവ് പക്ഷെ രണ്ടായിരത്തോടെ പതുക്കെ ഉൾവലിഞ്ഞു.
ചിത്രത്തിന്റെ താരങ്ങളെ കുറിച്ചോ, മറ്റ് അണിയറ പ്രവർത്തകരെ പറ്റിയോ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. സംവിധായകനായി ശങ്കർ ഉണ്ടാകില്ലന്നാണ് റിപോർട്ടുകൾ. അതേസമയം എ.ആർ റഹ്മാന്റെ സംഗീതത്തിൽ തന്നെയാകും ചിത്രം ഒരുങ്ങുക. ജന്റിൽ മാൻ ഇന്റർനാഷണലിന്റെ ബാനറിൽ ഒരുങ്ങുന്ന സിനിമ തമിഴിനു പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ കൂടി പുറത്തിറങ്ങും.